×
login
ഐഎസ് ഭീകരരായ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടു; മടങ്ങണമെന്ന് മലയാളി സ്ത്രീകള്‍; ഒരു കാരണവശാലും പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ച ഇവരെ ഒരു കാരണവശാലും രാജ്യത്ത് കാലുകുത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മലയാളി വനിതകള്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ കാബൂളിലെ ജയിലില്‍ തടവില്‍ കഴിയുകയാണെന്നു കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: ലൗ ജിഹാദില്‍ അകപ്പെട്ട് സിറിയ അടക്കം രാജ്യങ്ങളില്‍ ഭീകരസംഘടന ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ അടക്കമുള്ള സ്ത്രീകളെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ഐഎസ് ഭീകരരായ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതോടെയാണ് രാജ്യത്തേക്ക് മടങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ച ഇവരെ ഒരു കാരണവശാലും രാജ്യത്ത് കാലുകുത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 

മലയാളി വനിതകള്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ കാബൂളിലെ ജയിലില്‍ തടവില്‍ കഴിയുകയാണെന്നു കേന്ദ്രസര്‍ക്കാര്‍ . ഇന്ത്യാക്കാരില്‍ മലയാളികളായ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ, കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയ ബെബാസ്റ്റ്യന്‍, നബീസ, മറിയം എന്നിവരാണ് ഇപ്പോള്‍ തടവിലുള്ളത്.  

2019 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ അധികൃതരുടെ മുമ്പാകെ കീഴടങ്ങിയ ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിലാണ് ഇവരും ഉള്‍പ്പെട്ടത്.  

13 രാജ്യങ്ങളില്‍ നിന്നുള്ള 408 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അഫ്ഗാനിസ്ഥാന്‍ ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവി അഹ്‌മദ് സിയ സരജ് കാബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതില്‍ പത്തോളം ഇന്ത്യക്കാര്‍, 16 ചൈനക്കാര്‍, 299 പാകിസ്ഥാനികള്‍, രണ്ട് ബംഗ്ലാദേശികള്‍, രണ്ട് മാലിദ്വീപില്‍ നിന്നുള്ളവര്‍ എന്നിവരും ഉള്‍പ്പെടുന്നു.

വിദേശ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് നിമിഷയേയും കുടുംബത്തേയും തിരിച്ചറിഞ്ഞത്. നിമിഷയ്ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മക്കുല്‍സു എന്നിവരുമുള്ളതായി അമ്മ ബിന്ദു പറയുന്നു. മൂന്നുദിവസംമുമ്പ് ഓസ്ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്ക് കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍നിന്ന് മരുമകനേയും പേരക്കുട്ടിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാല്‍ നിമിഷയെ വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും മകള്‍ തന്നെയെന്നാണ് ബോധ്യമെന്നും ബിന്ദു.  

2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസര്‍ഗോഡുനിന്ന് ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ നിമിഷയും പോയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ അമ്മ ബിന്ദുവുമായി സംസാരിച്ചിരുന്നു. പേരക്കുട്ടിയുടെ ചിത്രവും ഇരുവരും അയച്ചു നല്‍കിയിരുന്നു. കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ അവിടെ വെച്ച് സൗഹൃദത്തിലായ പാലക്കാട് സ്വദേശി ബെക്സണ്‍ വിന്‍സെന്റിനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ച് ഐഎസില്‍ ചേരുന്നതിനായി അഫ്ഗാനിലേക്ക് കടക്കുകയായിരുന്നു. ശ്രീലങ്കവഴിയാണ് ഇവരുള്‍പ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്.  

അതേസമയം, 2016 മെയ് 31ന് ഭര്‍ത്താവായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയ്ക്കൊപ്പം കാസര്‍ഗോഡ് സ്വദേശിനി സോണിയ സെബാസ്റ്റിയന്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. സോണിയയെ ഫോട്ടോ കണ്ട് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  

സോണിയ എന്ന അയിഷയെ വിവാഹം ചെയ്ത ശേഷം കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായി എത്തിയ റാഷിദ് സഹപ്രവര്‍ത്തകയായ യാസ്മിന്‍ എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലായി. പിന്നീട് യാസ്മിനെ റാഷിദ് തന്റെ രണ്ടാം ഭാര്യയാക്കുകയും ചെയ്തു. 2016 മെയ് 31നാണ് മൂവരും മുംബൈ വഴി മസ്‌ക്കറ്റിലേക്കും അവിടന്ന് അഫ്ഗാനിസ്ഥാനിലേക്കും കടക്കുകയായിരുന്നു. രാജ്യം വിടുമ്പോള്‍ അയിഷ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വിവരം ലഭിച്ചിരുന്നു. ഐഎസിന്റെ സീക്രട്ട് ക്ലാസ്സ് എന്ന വിഭാഗത്തിലാണ് സോണിയയും ഭര്‍ത്താവ് റാഷിദ് അബ്ദുള്ളയും പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ജൂണില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി നാട്ടിലുള്ളവര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് അയിഷയമുള്ളത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.