×
login
കരസേനയിലും ബ്രിട്ടീഷ് കാലത്തെ വേഷവിധാനങ്ങളും പതിവുകളും മാറ്റുന്നു; കോളനിവാഴ്ചയുടെ അടിവേരറുക്കാന്‍ മോദി‍ സര്‍ക്കാര്‍

കരസേനയിലും ബ്രിട്ടീഷ് കാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട യൂണിഫോമുകളും നിയമങ്ങളും നിയന്ത്രണങ്ങളും അനുബന്ധഉപകരണങ്ങളും അടിമുടി മാറ്റുന്നു. കോളനിവാഴ്ചക്കാലത്തെ അവശേഷിക്കുന്ന സ്വാധീനങ്ങള്‍കൂടി തൂത്തെറിയാനുള്ള ദൗത്യത്തിലാണ് മോദി സര്‍ക്കാര്‍.

ന്യൂദല്‍ഹി: കരസേനയിലും ബ്രിട്ടീഷ് കാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട യൂണിഫോമുകളും നിയമങ്ങളും നിയന്ത്രണങ്ങളും അനുബന്ധഉപകരണങ്ങളും അടിമുടി മാറ്റുന്നു. കോളനിവാഴ്ചക്കാലത്തെ അവശേഷിക്കുന്ന സ്വാധീനങ്ങള്‍കൂടി തൂത്തെറിയാനുള്ള ദൗത്യത്തിലാണ് മോദി സര്‍ക്കാര്‍.  

ഈയിടെ ഇന്ത്യന്‍ നാവികസേനയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ചിഹ്നമായ സെന്‍റ് ജോര്‍ജ്ജ് കുരിശ് കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്ത് എന്ന യുദ്ധക്കപ്പലില്‍ നിന്നും നീക്കിയിരുന്നു. കൊളോണിയല്‍ കാലത്തെ അവശേഷിപ്പായിരുന്ന ചിഹ്നമായിരുന്നു ഇത്.  

പ്രധാനമന്ത്രി മോദി ഇതിനായി കരസേനയ്ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം  ബ്രിട്ടീഷ് കോളനിവാഴ്ചക്കാലം മുതല്‍ തുടരുന്ന  യൂണിഫോം, അനുബന്ധ ഉപകരണങ്ങള്‍, നിയമങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവയില്‍ മാറ്റമുണ്ടാകും. കരസേനയിലെ ചില യൂണിറ്റുകളുടെ ഇംഗ്ലീഷ് പേരുകള്‍ മാറ്റും. അതുപോലെ കരസേനയുടെ കീഴിലുള്ള കെട്ടിടങ്ങള്‍, റോഡുകള്‍, പാര്‍ക്കുകള്‍ എന്നിവയുടെ കോളനിക്കാല പേരുകളും മാറും.  


കൊളോണിയല്‍ ഭൂതകാലം പാടെ തുടച്ചുനീക്കി ഇന്ത്യയെ ഒരു സ്വതന്ത്ര സ്വത്വമുള്ള രാഷ്ട്രമാക്കി മാറ്റുന്ന ദൗത്യത്തിലാണ് നരേന്ദ്രമോദി. കൊളോണിയല്‍ കാലത്തെ അടയാളങ്ങള്‍ മായ്ക്കുന്നതോടൊപ്പം അന്ന് മുതല്‍ നിലവിലുണ്ടായിരുന്ന കാലഹരണപ്പെട്ട പതിവുകളും ഇല്ലാതാക്കും.  

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികോത്സവമായ ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. 2047ല്‍ നടക്കുന്ന 100-ാം സ്വാതന്ത്ര്യദിനാഘോഷവും മനസില്‍ കണ്ടാണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്. ഈ വര്‍ഷം കരസേന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന് ഉപയോഗിച്ചിരുന്ന എബൈഡ് വിത് മി എന്ന ഇംഗ്ലീഷ് ട്യൂണ്‍ ഒഴിവാക്കിയിരുന്നു. പകരം ഹിന്ദി ഭാഷയിലുള്ള ദേശസ്നേഹത്തിന്‍റെ ഗാനമായ എ മേരെ വതന്‍ കെ ലോഗോം ആണ് ഉപയോഗിച്ചത്,.  

അതുപോലെ പൂനയിലെ ക്വീന്‍ മേരീസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഇംഗ്ലീഷ് പേര് മാറ്റും. 

ഈയിടെ ദല്‍ഹിയിലെ രാജ് പഥിന്‍റെ പേര് 'കര്‍ത്തവ്യപഥ്' എന്നാക്കി മാറ്റിയിരുന്നു. 1911ല്‍  ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് ബ്രിട്ടീഷ് രാജിന്‍റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്നും ദല്‍ഹി സന്ദര്‍ശിച്ചപ്പോഴാണ് ഈ പേര് ഉണ്ടായത്. റിപ്പബ്ലിക് ദിനത്തിന് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ എല്ലാ അര്‍ത്ഥത്തിലും കൊളോണിയല്‍ വിമുക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചിരുന്നു. അതാണിപ്പോള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നത്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.