×
login
തമിഴ്നാട്ടില്‍ ചെസ്സിനുണ്ടൊരു ദൈവവും ക്ഷേത്രവും; അവിടം സന്ദര്‍ശിച്ച് മോദി; ചെസ് ഒളിമ്പ്യാഡില്‍ മോദിയുടെ കഥ കേട്ട് അത്ഭുതം കൂറി തമിഴ് ജനത

തമിഴ്നാട്ടില്‍ ചെസ്സിന് വേണ്ടി ഒരു ക്ഷേത്രവും ദേവനും ഉണ്ടെന്ന മോദിയുടെ വെളിപ്പെടുത്തല്‍ കേട്ട് തമിഴ് ജനത ഒന്നടങ്കം അത്ഭുതം കൂറി. ആര്‍ക്കുമറിയാത്ത ചെസ്സുമായി ബന്ധപ്പെട്ടുള്ള തമിഴ് നാടിന്‍റെ രഹസ്യമാണ് മോദി ചെസ്സ് ഒളിമ്പ്യാഡിന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ വെളിപ്പെടുത്തിയത്.

ചെന്നൈ: പ്രധാനമന്ത്രി മോദി തമിഴ്നാട്ടിലെത്തുമ്പോള്‍ അദ്ദേഹം പുതുമകളുടെ അത്ഭുതച്ചെപ്പുകള്‍ തുറക്കുക പതിവാണ്. ചൈനയുടെ പ്രസിഡന്‍റ് ഷീ ജിങ്പിങ് തമിഴ്നാട്ടിലെത്തിയപ്പോള്‍ മഹാബലിപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. മഹാബലിപുരത്തെക്കുറിച്ച് ആരും അറിയാത്ത കുറെ ചരിത്രരഹസ്യങ്ങള്‍ അന്ന് മോദി തമിഴ്നാട്ടുകാര്‍ക്ക് മനസ്സിലാക്കിക്കൊടുത്തു.  

ഇപ്പോഴിതാ തമിഴ്നാട്ടില്‍ ചെസ്സിന് വേണ്ടി ഒരു ക്ഷേത്രവും ദേവനും ഉണ്ടെന്ന മോദിയുടെ വെളിപ്പെടുത്തല്‍ കേട്ട് തമിഴ് ജനത ഒന്നടങ്കം അത്ഭുതം കൂറി. ആര്‍ക്കുമറിയാത്ത ചെസ്സുമായി ബന്ധപ്പെട്ടുള്ള തമിഴ് നാടിന്‍റെ രഹസ്യമാണ് മോദി ചെസ്സ് ഒളിമ്പ്യാഡിന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ വെളിപ്പെടുത്തിയത്. മോദിയുടെ പ്രസംഗത്തിലെ ഈ അറിവ് തമിഴ് ജനതയെ തെല്ലൊന്നുമല്ല വിസ്മയിപ്പിച്ചത്. മോദി ഈ ക്ഷേത്രം പിന്നീട് സന്ദര്‍ശിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ നീഡമംഗലത്തിനടുത്തുള്ള തിരുപൂവനൂര്‍ പ്രദേശത്താണ് ഈ ശിവക്ഷേത്രം. പക്ഷെ ഈ ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയായ ശിവന്‍ അറിയപ്പെടുന്നത് ചതുരംഗ വല്ലഭ നാഥര്‍ എന്നാണ്. ചതുരംഗ വല്ലഭനാഥര്‍ ചെസ്സില്‍ (ചതുരംഗത്തില്‍) വിദഗ്ധനായ മൂര്‍ത്തിയാണ്. മാമല്ലാപുരത്ത് 44ാം ചെസ് ഒളിമ്പ്യാഡിന്‍റെ ഉദ്ഘാടന വേളയിലാണ് മോദി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ലോകശ്രദ്ധയാണ് ചതുരംഗ വല്ലഭനാഥര്‍ ക്ഷേത്രത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.  


ചെസ്സിന് തമിഴ്നാട്ടില്‍ ചതുരംഗം എന്നാണ് സാധാരണക്കാര്‍ പറയുക. ശിവന്‍ തന്നെയാണ് ചതുരംഗ വല്ലഭനാഥരായി ജനിച്ചത്. വാസുദേവന്‍ എന്ന ഈ രാജാവിന് മക്കളില്ലായിരുന്നു. ഇതിനായി അദ്ദേഹം ശിവനെ തപം ചെയ്തു. തുടര്‍ന്ന് പാര്‍വ്വതിദേവി രാജേശ്വരി എന്ന പേരില്‍ മകളായി പിറന്നു. വാസുദേവ രാജാവിന് മകളുടെ ചെസ്സ് കളിക്കുന്നതിലെ മിടുക്കില്‍ ഏറെ മതിപ്പായിരുന്നു. തന്‍റെ മകളെ ചെസ് കളിയില്‍ തോല്‍പിക്കുന്നവര്‍ക്ക് മാത്രമേ വിവാഹം ചെയ്തു നല്‍കൂ എന്ന് വാസുദേവ രാജാവ് പ്രഖ്യാപിച്ചു. പക്ഷെ ഒരു ചെറുപ്പക്കാര്‍ക്കും രാജരാജേശ്വരിയെ തോല്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ രാജാവിന് ആശങ്കയായി. അദ്ദേഹം ശിവഭഗവാനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. അതോടെയാണ് ശിവന്‍ തന്നെ ചതുരംഗ വല്ലഭനാഥനായി അവതരിച്ച് രാജരാജേശ്വരിയുമായി മത്സരത്തിന് എത്തുന്നത്. പ്രായമുള്ള ഒരു സിദ്ധരുടെ വേഷത്തിലാണ് ശിവന്‍ എത്തുന്നത്. പക്ഷെ രാജരാജേശ്വരിയെ തോല്‍പിച്ച ശേഷം ശിവന്‍ തന്‍റെ ശരിയായ രൂപം കാണിച്ചുകൊടുക്കുന്നു.  രാജരാജേശ്വരി പാര്‍വ്വതിദേവിയുടെ അവതാരമാണെന്നും വിശ്വസിക്കുന്നു. ചതുരംഗവല്ലഭനാഥര്‍ ക്ഷേത്രത്തില്‍ ചാമുണ്ഡേശ്വരിയ്ക്ക് വളരെ അപൂര്‍വ്വമായ പ്രതിഷ്ഠയുണ്ട്. ഇത് പാര്‍വ്വതിയായ രാജരാജേശ്വരിയെ പരിചരിക്കാനാണെന്ന് പറയപ്പെടുന്നു.  

തമിഴ് ശൈവകവി തിരുനാവുക്കരസര്‍ തേവാരത്തില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പാടുന്നുണ്ട്. "13-16നൂറ്റാണ്ടുകള്‍ക്കിടയിലാണ് പ്രധാന പ്രതിഷ്ഠയ്ക്കുള്ള മേല്‍ക്കൂര പണിതത്. ഇതിലെ 11 ശിലാലിഖിതങ്ങള്‍ മൈസൂരിലെ എപ്രിഗ്രാഫി വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പാണ്ഡ്യരാജാവിന്‍റെയും വിജയനഗര രാജാവിന്‍റെയും കാലത്തുള്ളതാണ്. " - തിരുച്ചിയിലെ ചരിത്രഗവേഷണത്തിനുള്ള ഡോ. എം. രാജമാണിക്കനാര്‍ കേന്ദ്രം ഡയറക്ടര്‍ ആര്‍. കലൈക്കോവന്‍ പറയുന്നു.  1500 വര്‍ഷങ്ങള്‍ക്ക് മുന്‍പും തമിഴ്നാട്ടില്‍ ചെസ് കളിച്ചിരുന്നതായി ഈ ക്ഷേത്രരേഖകള്‍ പറയുന്നു. ചെസ് പിറന്നത് ഇന്ത്യയിലും പിന്നീട് യൂറോപ്പിലേക്ക് പോവുകയും ചെയ്ത കളിയാണ്. - ഈ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ ചെയ്യുന്ന ഭക്തരുടെ സംഘടനയായ ജോതിമലൈ ഇരൈപാണി തുരുക്കൂട്ടം സ്ഥാപകന്‍ തിരുവടിക്കുടില്‍ സ്വാമികള്‍ പറയുന്നു. ചെസ്സ് ഒളിമ്പ്യാഡ് വിജയകരമായി പൂര്‍ത്തിയാകാന്‍ ഈ ക്ഷേത്രത്തില്‍ പ്രത്യേകം പൂജ നടന്നു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.