×
login
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മറുപടിയായി എന്‍ഡിഎ സംയുക്ത പ്രസ്താവന: 'ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ മറക്കില്ല'

ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ, മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏകനാഥ് ഷിന്‍ഡെ, മേഘാലയ മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കോണ്‍റാഡ് സാംഗ്മ തുടങ്ങി 13 പാര്‍ട്ടികളില്‍പെട്ടവരാണ് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആഹ്വാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ ജനാധിപത്യ സഖ്യം-എന്‍ഡിഎ. ബിജെപിയും സഖ്യത്തിലുള്‍പ്പെടുന്ന മറ്റുപാര്‍ട്ടികളും പ്രതിപക്ഷത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തി. ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ, മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ  നേതാവുമായ ഏകനാഥ് ഷിന്‍ഡെ, മേഘാലയ മുഖ്യമന്ത്രിയും  എന്‍പിപി  നേതാവുമായ കോണ്‍റാഡ് സാംഗ്മ തുടങ്ങി 13 പാര്‍ട്ടികളില്‍പെട്ടവരാണ് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

നമ്മുടെ ജനാധിപത്യത്തെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും അപമാനിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടി ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ മറക്കില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം അനാദരവ് മാത്രമല്ല. മഹത്തായ രാജ്യത്തിന്റെ ജനാധിപത്യ ധാര്‍മികതയ്ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെയുള്ള നഗ്നമായ അവഹേളനവുമാണ്. പാര്‍ലമെന്റ് പവിത്രമായ സ്ഥാപനമാണ്, നമ്മുടെ ജനാധിപത്യത്തിന്റെ ഹൃദയമിടിപ്പാണ്, നമ്മുടെ പൗരന്മാരുടെ ജീവിതത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്ന തീരുമാനങ്ങളുടെ പ്രഭവകേന്ദ്രമാണ്.  

ഈ സ്ഥാപനത്തോടുള്ള നഗ്നമായ അനാദരവ് ബൗദ്ധിക പാപ്പരത്തത്തെ മാത്രമല്ല, ജനാധിപത്യത്തിന്റെ സത്തയെ അലോസരപ്പെടുത്തുന്ന അവഹേളനവുമാണ്, പ്രസ്താവനയില്‍ പറയുന്നു.

പാര്‍ലമെന്ററി മര്യാദയെക്കുറിച്ചും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും പ്രസംഗിക്കാനുള്ള അവകാശം അവരുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കില്ലെന്ന് പ്രസ്താവന പറയുന്നു. അവരുടെ കാപട്യത്തിന് അതിരുകളില്ല. രാഷ്ട്രപതിയായിരിക്കെ പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ നടന്ന പ്രത്യേക ജിഎസ്ടി സെഷന്‍ അവര്‍ ബഹിഷ്‌കരിച്ചു.  


അദ്ദേഹത്തിന് ഭാരതരത്‌ന സമ്മാനിച്ച ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാംനാഥ് കോവിന്ദിന് വൈകിയാണ് അവര്‍ ആശംസ അറിയിച്ചത്. നിലവിലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടും അനാദരവ് തുടരുകയാണ്. അവരുടെ സ്ഥാനാര്‍ത്ഥിത്വത്തോട് കാണിച്ച കടുത്ത എതിര്‍പ്പ് നമ്മുടെ രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തില്‍പെട്ടവരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ക്ക് നിസാരമായ പരിഗണനയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കുന്നത്. പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തുകയും നിര്‍ണായക നിയമനിര്‍മാണ സമയത്ത് വാക്കൗട്ട് നടത്തുകയും ചെയ്യുന്നു. ഈ ബഹിഷ്‌കരണം ജനാധിപത്യ പ്രക്രിയകളോടുള്ള അവരുടെ അവഗണനയുടെ മറ്റൊരു ഭാഗം മാത്രമാണ്.  

മഹാത്മാഗാന്ധി, സര്‍ദാര്‍വല്ലഭ്ഭായ് പട്ടേല്‍, ഡോ. ബി.ആര്‍. അംബേദ്കര്‍, തുടങ്ങിയ നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് കളങ്കമാണ് പ്രതിപക്ഷത്തിന്റെ നടപടികള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ തീരുമാനം  പുനഃപരിശോധിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോ(എന്‍ഡിപിപി), സിക്കിം മുഖ്യമന്ത്രി പ്രേം  സിങ് തമാങ് (എസ്‌കെഎം), മിസോറാം മുഖ്യമന്ത്രി സോറംതങ്ങ(എംഎന്‍എഫ്), ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ട്യാല (ജെജെപി),  കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് (ആര്‍എല്‍ജെപി), കേന്ദ്രമന്ത്രി അനുപ്രിയാ പട്ടേല്‍ (അപ്നാദള്‍-എസ്), ജി.കെ. വാസന്‍ എംപി (ടിഎംസി), തമിഴ്നാട് പ്രതിപക്ഷനേതാവ് ഇ. പളനിസാമി (എഐഎഡിഎംകെ), ദേവനാഥന്‍ (ഐഎം കെഎംകെ), സുദേഷ് മഹതോ (എജെഎസ്യു) എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ച മറ്റുപാര്‍ട്ടി നേതാക്കള്‍.

  comment

  LATEST NEWS


  സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


  നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


  പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


  മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


  സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


  സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.