×
login
ഭോപാലില്‍ റാണാപ്രതാപ് സ്മാരക മ്യൂസിയത്തിന് പദ്ധതി

മുഗളാധിപത്യത്തിനെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ മഹാറാണാ പ്രതാപിന്റെ ജീവിതരേഖകള്‍ വരും തലമുറയ്ക്ക് പകരുന്ന സമഗ്രമായ മ്യൂസിയം ഭോപാലില്‍ സ്ഥാപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. 'വീര്‍ ശിരോമണി മഹാറാണാ പ്രതാപ് ലോക്' എന്ന പേരില്‍ സ്ഥാപിക്കുന്ന സ്മാരകമ്യൂസിയത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും ഉദ്‌ബോധനങ്ങളും അടയാളപ്പെടുത്തും

ഭോപാല്‍: മുഗളാധിപത്യത്തിനെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ മഹാറാണാ പ്രതാപിന്റെ ജീവിതരേഖകള്‍ വരും തലമുറയ്ക്ക് പകരുന്ന സമഗ്രമായ മ്യൂസിയം ഭോപാലില്‍ സ്ഥാപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.  'വീര്‍ ശിരോമണി മഹാറാണാ പ്രതാപ്  ലോക്' എന്ന പേരില്‍ സ്ഥാപിക്കുന്ന സ്മാരകമ്യൂസിയത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും ഉദ്‌ബോധനങ്ങളും അടയാളപ്പെടുത്തും. മഹാറാണയുടെ സര്‍വസൈന്യാധിപനായിരുന്ന ഭാമാ ഷായുടെയും വലംകൈയായിരുന്ന വനവാസി ധീരന്‍ റാണാ പുഞ്ജാ ഭീല്‍, വിശ്വസ്തനായ കുതിര ചേതക് എന്നിവരുടെ ജീവിതവും പോരാട്ടവും ഇതില്‍ ഇടംപിടിക്കും. ഭോപാലിലെ ലാല്‍ പരേഡ് ഗ്രൗണ്ടില്‍ ചേര്‍ന്ന മഹാറാണാ പ്രതാപ് ജയന്തി മഹാസമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  

റാണാപ്രതാപ് ചോര കൊടുത്തു കാത്തുസൂക്ഷിച്ച മേവാറിന്റെ ധീര പൈതൃകം മറക്കാനാകില്ല. മേവാര്‍ രാജസ്ഥാനിലാണെങ്കിലും അതിന്റെ ഭാഗമായ നീമുഝ്, മന്ദ്‌സൗര്‍ ജില്ലകള്‍ ഇന്നത്തെ മധ്യപ്രദേശിലാണ്. ഇരുപതിനായിരത്തില്‍ താഴെ മാത്രം സൈനികരുണ്ടായിരുന്ന റാണയുടെ സൈന്യം ഒരുലക്ഷം പടയാളികളുമായെത്തിയ അക്ബറിന്റെ അധിനിവേശ സംഘത്തോട് ഹല്‍ദിഘട്ടിയില്‍ നടത്തിയ പോരാട്ടം രാജ്യത്തിന് മറക്കാനാകില്ല, ശിവരാജ് സിങ് ചൂണ്ടിക്കാട്ടി.  


സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മഹാറാണാ പ്രതാപിന്റെ ധീരതയുടെ കഥകള്‍ ഉള്‍പ്പെടുത്തും. മഹാറാണ പ്രതാപ് വെല്‍ഫെയര്‍ ബോര്‍ഡും രൂപീകരിക്കും. തീവ്രവാദ ശക്തികളെ വേരോടെ പിഴുതെറിയാന്‍ രാഷ്ട്രാഭിമാനമുള്ള തലമുറ വളരണമെന്നും അതിന് റാണാ പ്രതാപിനെപ്പോലെ ത്യാഗധനരായ വീരന്മാരുടെ കഥകള്‍ പ്രേരണയാകണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും മഹാറാണാപ്രതാപിന്റെ പിന്മുറക്കാരനായ ഡോ. ലക്ഷ്യരാജ് സിങ് മേവാറും ചടങ്ങില്‍ പങ്കെടുത്തു. റാണാപ്രതാപ് ജയന്തി പൊതു അവധിയാക്കിയ മധ്യപ്രദേശ് സര്‍ക്കാര്‍ നടപടി ശ്ലാഘനീയമാണെന്ന് നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി ഭോപാലില്‍ രജപുത്ര രാജ്ഞി റാണി പദ്മാവതിയുടെ പ്രതിമയും അനാച്ഛാദനം ചെയ്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.