×
login
'2024ല്‍ മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു'; മോദി തമിഴ്നാട്ടുകാര്‍ക്ക് പുറംനാട്ടുകാരന്‍ അല്ലെന്നും അണ്ണാമലൈ‍‍

024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കണമെന്ന് തമിഴ് ജനത ആഗ്രഹിക്കുന്നുവെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ.

ചെന്നൈ: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കണമെന്ന് തമിഴ് ജനത ആഗ്രഹിക്കുന്നുവെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ.  

മോദി പ്രാദേശിക വാദ തടസ്സങ്ങള്‍ മറികടന്നു കഴിഞ്ഞെന്നും തമിഴ്നാട്ടുകാര്‍ക്ക് മോദി പുറംനാട്ടുകാരന്‍ അല്ല, പകരം അകത്തെ ആളാണെന്നും അണ്ണാമലൈ പറഞ്ഞു. എഎന്‍ഐയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു  അണ്ണാമലൈയുടെ ഈ അഭിപ്രായപ്രകടനം.  

"കഴിഞ്ഞ മാസം തമിഴ്നാട്ടില്‍ ആരോ ഒരു കിംവദന്തി പ്രചരിപ്പിച്ചു. മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കുമെന്നായിരുന്നു വാര്‍ത്ത. ഇതോടെ എവിടെപ്പോയാലും ആളുകള്‍ ചോദിക്കുന്നുണ്ട്. മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കുമോ എന്ന്. രണ്ട് ദിവസം മുന്‍പ് തൂത്തുക്കുടിയിലെ ചായക്കടയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ ചോദിച്ചു- അണ്ണാ, മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കുമോ? ഇതിപ്പോള്‍ തമിഴ്നാട്ടിലെങ്ങും ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണ്. "- അണ്ണാമലൈ പറഞ്ഞു.  

തമിഴ്നാട്ടില്‍ എവിടെ നിന്ന് മോദി മത്സരിക്കുമെന്ന ചോദ്യത്തിന് രാമനാഥപുരമെന്ന വാര്‍ത്തയാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. "പക്ഷെ ഇതെല്ലാം വെറും കിംവദന്തികളാണ്. എന്തായാലും തമിഴ് ജനത മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു. അതെ, ഇവിടുത്തെ ജനങ്ങള്‍ മോദിയെ പുറംനാട്ടുകാരനായല്ല, തങ്ങളുടെ നാട്ടിന്‍പുറത്തുകാരനായാണ് കാണുന്നത്. "- അണ്ണാമലൈ പറഞ്ഞു.  


"പ്രാദേശിക വാദം, ജാതി വാദം, തമിഴക വാദം ഇതൊക്കെ ജനങ്ങളെ സ്വാധീനിക്കാമെങ്കിലും, മോദിജി ഇതിനെയെല്ലാം അതിജീവിച്ചുകഴിഞ്ഞു. എല്ലാ അതിര്‍വരമ്പുകളെയും മോദി മറികടന്നു. 2024ലേത് വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പായിരിക്കും. "- അണ്ണാമലൈ പറഞ്ഞു.  

കഴിഞ്ഞ രണ്ട് തവണയും മുസ്ലിം സ്ഥാനാർത്ഥികൾ ജയിച്ച രാമനാഥപുരത്ത് 2024- ല് നരേന്ദ്ര മോഡി ബിജെപി സ്ഥാനാർഥിയാകുമെന്ന് പത്രവാർത്തകൾ പരക്കുന്നത്. മീനാക്ഷിപുരത്തെ മതപരിവര്‍ത്തനസംഭവവുമായി ബന്ധപ്പെടുത്തി മോദിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ മാധ്യമങ്ങള്‍ തന്നെ പ്രചരിപ്പിക്കുകയാണ്.  

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഹൈന്ദവരാഷ്ട്രീയത്തിന് തിരികൊളുത്തിയ വലിയ ഒരു സംഭവമായിരുന്നു 1981-ൽ രാമനാഥപുരത്തെ മീനാക്ഷിപുരത്ത് 1100 ദളിതരുടെ ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനം. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പോലും ഇതിൽ അനിഷ്ടം പ്രകടിപ്പിക്കുകയും ഇതിനെക്കുറിച്ച് അന്വേഷിക്കുവാൻ കുറ്റാന്വേഷണ ഏജൻസികളെയും പട്ടികജാതി വകുപ്പിനെയും ഏർപ്പെടുത്തുകയും ചെയ്തു. അന്ന് സംഭവം നേരിട്ടന്വേഷിക്കാന്‍ വാജ്പേയി മീനാക്ഷിപുരത്തെത്തി. 1984ല്‍ ബിജെപിക്ക് രണ്ട് സീറ്റ് ലോക്സഭയില്‍ കിട്ടിയപ്പോള്‍, ബിജെപി എംപിമാര്‍ മീനാക്ഷിപുരത്തെ മതപരിവര്‍ത്തനപ്രശ്നം പാര്‍ലമെന്‍റില്‍ ഉയര്‍ത്തി. രാജ്യത്തെ ഹിന്ദുക്കൾ ഈ കൂട്ടമതപരിവര്‍ത്തനത്തില്‍ ഞെട്ടി. മതം മാറ്റാന്‍ അറബിനാടുകളില്‍ നിന്നും പണം വന്നു എന്ന് വരെ അഭ്യൂഹമുണ്ടായി. ഈ സംഭവം ബിജെപിയുടെ വളര്‍ച്ചയ്ക്ക് വലിയൊരു ഇന്ധനമായി.  

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.