×
login
പഞ്ചാബ് ഇന്റലിജന്‍സ് ആസ്ഥാനത്ത് ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഖാലിസ്ഥാന്‍‍ ഭീകര സംഘടന; രണ്ടുപേര്‍ കസ്റ്റഡിയില്‍

സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് ഏറ്റെടുത്തിട്ടുണ്ട്. ഗ്രനേഡ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്വന്ദ് സിങ് പന്നു അറിയിച്ചു.

മൊഹാലി: അതീവ സുരക്ഷയുള്ള പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ ആസ്ഥാനത്ത് ഖാലിസ്ഥാന്‍ ഭീകര സംഘടനയുടെ ആക്രമണം. തിങ്കളാഴ്ച രാത്രിയാണ് മൊഹാലിയിലെ ഇന്റലിജന്‍സ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ആക്രമണമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്ഫോടനമുണ്ടായത്. ഗ്ലാസ്സ് വാതിലുകളും ജനലുകളും തകര്‍ന്നു. സ്ഫോടനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും എന്‍ഐഎയും സംഭവസ്ഥലത്തെത്തി തെളിവെടുത്തു.

അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് ഏറ്റെടുത്തിട്ടുണ്ട്. ഗ്രനേഡ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്വന്ദ് സിങ് പന്നു അറിയിച്ചു. അടുത്ത ലക്ഷ്യം ഹിമാചല്‍ പ്രദേശാണെന്ന ഭീഷണിയും പന്നു മുഴക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭാ കവാടത്തില്‍ ഖാലിസ്ഥാനുമായി ബന്ധപ്പെട്ട ബാനറുകളും ചുവരെഴുത്തുകളും സ്ഥാപിച്ചതിന് പന്നുവിനെതിരെ കര്‍ശനമായ തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് പഞ്ചാബില്‍ സ്ഫോടനം നടന്നത്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സിഖ് ഫോര്‍ ജസ്റ്റിസിനെ 2019ല്‍ കേന്ദ്രം നിരോധിച്ചിരുന്നു. ഈ തീവ്രവാദ സംഘടനകള്‍ തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്താനായാണ് അക്രമണം അഴിച്ചുവിട്ടതെന്ന് പോലീസ് പറഞ്ഞു. അതേസമയം രണ്ടാമതും സ്‌ഫോടനമുണ്ടായെന്ന വാര്‍ത്തകള്‍ പോലീസ് നിഷേധിച്ചു.


സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. പോലീസിനോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

എഎപി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ ബഗ്ഗയെ (ദല്‍ഹി ബിജെപി വക്താവ്) അറസ്റ്റ് ചെയ്യുവാനാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ചൂണ്ടിക്കാട്ടി. പഞ്ചാബ് പോലീസ് രാഷ്ട്രീയം കളിക്കാതെ സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഇത് തികച്ചും ലജ്ജാവഹമായ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ഭീര്‍ സിങ് ബാദല്‍ പറഞ്ഞു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.