×
login
പ്രതിദിനം 6000 കോവിഡ് കേസുകള്‍ ഉണ്ടായിരുന്ന ലഖ്‌നൗവില്‍ ഇപ്പോള്‍ 60ല്‍ താഴെ; ഒരു മാസം കൊണ്ട് കോവിഡിനെ വരുതിയിലാക്കി മലയാളി ഐഎഎസ് ഉദ്യോഗസ്ഥ

കോവിഡ് രോഗത്തെ ഭയന്നിരുന്ന ജനങ്ങളെ കൃത്യമായ ചികിത്സയുണ്ടെന്നും വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുകയും ചെയ്തു.

ലഖ്‌നൗ : നിലവിലെ ജില്ലാ മജിസ്‌ട്രേറ്റിന് കോവിഡ്ബാധിച്ചതോടെ ചുമതലയേറ്റെടുക്കാനെത്തിനായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥ മാറ്റിമറിച്ചത് ജില്ലയുടെ മൊത്തം കോവിഡ് വ്യാപനത്തെയാണ്. റോഷന്‍ ജേക്കബ് എന്ന തിരുവനന്തപുരം സ്വദേശിനി കൂടുയായ ഐഎഎസ് ഉദ്യോഗസ്ഥയാണ് ആഴ്ചകള്‍ക്കുള്ളില്‍ ജില്ലയുടെ കോവിഡ് വ്യാപന നിരക്ക് നൂറില്‍ താഴെ എന്ന സ്ഥിതിയിലേക്ക് കൊണ്ടെത്തിച്ചത്.  

നിലവിലെ കളക്ടര്‍ അഭിഷേക് പ്രകാശ് കോവിഡ് പോസിറ്റീവ് ആയതോടെ ഏപ്രില്‍ 17നാണ് റോഷന്‍ ജേക്കബ് ജില്ലയുടെ ചുമതലയേറ്റെടുക്കുന്നത്. ഈ സമയം ലഖ്‌നൗവില്‍ പ്രതിദിനം 6000ല്‍ അധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 50 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രോഗബാധിതര്‍ ഇനിയും ഉയര്‍ന്നാല്‍ ജില്ലയില്‍ ആശുപത്രിയിലുള്ള ബെഡും മറ്റും ചികിത്സാ സൗകര്യങ്ങളും മതിയാകില്ല എന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. 

അവിടെ നിന്നും റോഷന്‍ ജേക്കബ് ചുമതലയൊഴിഞ്ഞ ജൂണ്‍ രണ്ടിലെ കണക്കുകള്‍ പ്രകാരം ജില്ലയിലെ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം 60 എന്ന നിലയിലേക്കും, ടിപിആര്‍ ഒരു ശതമാനത്തില്‍ താഴെ എന്ന സ്ഥിതിയിലേക്ക് എത്തിക്കാന്‍ റോഷന്‍ ജേക്കബിനായി. ഇതിനിടയില്‍ കോവിഡ് ചികിത്സയ്ക്ക് അവധിയിലായ കളക്ടര്‍ പ്രകാശ് തിരിച്ചെത്തിയെങ്കിലും ജില്ലയിലെ കോവിഡ് പ്രതിരോധത്തിനുള്ള ചുമതലയില്‍ തുടരാന്‍ യുപി പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകുള്‍ സിംഗല്‍ ആവശ്യപ്പെടുകയായിരുന്നു.  

ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതില്‍ മാജിക്കൊന്നുമല്ല. അതിനുവേണ്ടി അഹോരാത്രം തന്നെ ഈ ഉദ്യോഗസ്ഥ പ്രയത്‌നിച്ചിട്ടുണ്ട്. രാവെന്നും പകലെന്നുമില്ലാതെ കോവിഡ് ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളെ ബോധ വത്കരിക്കുകയും വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് വേണ്ട ചികിത്സാ സൗകര്യങ്ങള്‍ നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റേണ്ടവര്‍ക്ക് അത് നല്‍കുകയും ചെയ്തിരുന്നു. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം തന്നെ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.  

റോഷന്‍ ജേക്കബ് ജില്ലയുടെ ചുമതലയുമായി എത്തുമ്പോള്‍ ലഖ്‌നൗവിലെ ആശുപത്രികള്‍ അവിടെ ഒഴിവുള്ള ബെഡിന്റെ എണ്ണംപോലും കൃത്യമായി അധികൃതരെ അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ജില്ലയുടെ പല പ്രദേശങ്ങളിലും ബെഡിനായി രോഗികള്‍ക്ക് മണിക്കൂറോളം കാത്ത് കെട്ടികിടക്കേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ അവര്‍ ചുമതലയേറ്റെടുത്തതിന് ഇതെല്ലാം കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം കൊണ്ടുവന്നു. 

ആശ വര്‍ക്കര്‍മാര്‍ പോലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള മെഡിക്കല്‍ കിറ്റുകള്‍ നല്‍കി വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് അവരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് ആവശ്യാനുസരണം അവര്‍ക്ക് വേണ്ട ചികിത്സ നല്‍കാനും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇവര്‍ക്കൊപ്പം റോഷനും സന്ദര്‍ശനത്തിനായി ഇറങ്ങുകയും കോവിഡ് രോഗത്തെ ഭയന്നിരുന്ന ജനങ്ങളെ കൃത്യമായ ചികിത്സയുണ്ടെന്നും വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുകയും ചെയ്തു. ഇതോടെ രോഗത്തോടുള്ള ജനങ്ങളുടെ ഭയം മാറ്റി. തനിക്കൊപ്പം മറ്റ് ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരും കൈകോര്‍ത്തതോടെയാണ് കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരുന്ന ജില്ലയിലെ രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചത്.  

ഗവണ്‍മെന്റ് സര്‍വന്റ് എന്ന നിലയില്‍ തനിക്ക് ലഭിച്ച ഉത്തരവാദിത്തങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും അത് പൂര്‍ത്തിയാക്കാനും ശ്രമിക്കുകയായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളെ സേവനം ചെയ്യാനുള്ള അവസരമായാണ് ഇതിനെ കണക്കാക്കുന്നത്. നമ്മുടെ അടുത്ത് സഹായം ചോദിച്ചെത്തുന്നവര്‍ക്ക് ഏത്രയും വേഗം ചെയ്തു നല്‍കാനാണ് താത്പ്പര്യപ്പെടുന്നതെ്ന്നും റോഷന്‍ ജേക്കബ് അറിയിച്ചു.  

വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ ഡോക്ടര്‍ അരവിന്ദം ഭട്ടാചാര്യയാണ് റോഷന്‍ ജേക്കബിന്റെ ഭര്‍ത്താവ്. മകള്‍ അനുഷ്‌ക, മകന്‍ അഭിഷിക്ത്.  

നിലവില്‍ ഖനന വകുപ്പ് ഡയറക്ടറാണ് റോഷന്‍ ജേക്കബ് ഇപ്പോള്‍. യുപി ഖനന വകുപ്പ് ഡയറക്ടര്‍ ചുമതല വഹിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയും ഇപ്പോള്‍ റോഷന്‍ ജേക്കബിനാണ്. ബസ്തി, ഗോണ്ട, കാണ്‍പൂര്‍, റായ്ബറേലി. ബുലന്ദ്ശഹര്‍ എന്നിവിടങ്ങളിലും റോഷന്‍ കളക്ടറായും അവര്‍ ഇതിനു മുമ്പ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.