login
കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന് മമത; ജനങ്ങളുമായി വേദന പങ്കിടാന്‍ മമതയുടെ അനുമതി വേണ്ടെന്ന് ഗവര്‍ണര്‍

ബംഗാളിലെ തെരഞ്ഞെടുപ്പാനന്തര കലാപങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി വാങ്ങണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. എന്നാല്‍ ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും പങ്കിടാനുള്ള സന്ദര്‍ശനത്തിന് മമതയുടെ അനുമതി വേണ്ടെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍.

കൊല്‍ക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പാനന്തര കലാപങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി വാങ്ങണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. എന്നാല്‍ ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും പങ്കിടാനുള്ള സന്ദര്‍ശനത്തിന് മമതയുടെ അനുമതി വേണ്ടെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍.  

തെരഞ്ഞെടുപ്പിന് ശേഷം അക്രമം നടന്ന കൂച്ബീഹാറിലെ പ്രദേശങ്ങള്‍ വ്യാഴാഴ്ച സന്ദര്‍ശിക്കാനുള്ള ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ജഗ്ദീപ് ധന്‍കര്‍ ആഞ്ഞടിച്ചു.

നിരവധി വര്‍ഷങ്ങളായി രൂപംകൊണ്ട് ഭരണഘടനാധാരണകളുടെ ലംഘനമാണ് ഗവര്‍ണറുടെ സന്ദര്‍ശനമെന്നായിരുന്നു മമതാ ബാനര്‍ജി ഗവര്‍ണര്‍ക്കെഴുതിയ കത്തില്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഗവര്‍ണര്‍ കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പാടില്ലെന്നും മമത അഭിപ്രായപ്പെട്ടിരുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഗവർണറുടെ സന്ദർശനത്തെക്കുറിച്ച് അറിഞ്ഞതെന്നായിരുന്നു മമതയുടെ മറ്റൊരു ആരോപണം.  

എന്നാല്‍ കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ താന്‍ ഭരണഘടനയിലെ വകുപ്പുകള്‍ ലംഘിക്കുകയോ അതില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു  മമതയ്‌ക്കെഴുതിയ മറുപടിക്കത്തില്‍ ധന്‍കറുടെ പരാമര്‍ശം.  

' ഗവര്‍ണര്‍ ഒരു സ്ഥലം സന്ദര്‍ശിക്കുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഉത്തരവ് മുന്‍കൂട്ടി വാങ്ങണമെന്ന് താങ്കളുടെ നിലവാരത്തിലുള്ള ഒരു നേതാവ്ചിന്തിച്ചത് എന്നെ വല്ലാതെ അലട്ടുന്നു. ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും പങ്കിടാന്‍ ഞാന്‍ സന്ദര്‍ശനം നടത്തുന്നവേളയില്‍  ഭരണഘടനാപരമായി സാധൂകരണമില്ലാത്ത വകുപ്പുപയോഗിച്ചാണ് ഞാന്‍ ഇത് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് ബോധ്യമായി എന്നതില്‍ എനിക്ക് അതിശയമുണ്ട്. എന്തായാലും നിങ്ങളുടെ ഈ നിലപാടല്ല ഈ സന്ദര്‍ശനത്തിന് എന്നെ പ്രേരിപ്പിച്ചത്,' അദ്ദേഹം മറുപടിക്കത്തില്‍ എഴുതി.

ഭരണഘടനയിലെ 159ാം വകുപ്പ് ഉദ്ധരിച്ച്,   സത്യപ്രതിജ്ഞയുടെ ഭാഗമായി ഇങ്ങിനെയെല്ലാം ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായും ധന്‍കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന അക്രമങ്ങള്‍ ജനാധിപത്യത്തിന്‍റെ അന്തസത്തയുടെ മരണമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. നിയമത്തില്‍ നിന്നും ഭരണഘടനനിയമങ്ങളില്‍ നിന്നും ഭരണം അകന്നുപോവുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ഉയര്‍ത്തിയ ഈ പ്രശ്‌നത്തെ അഭിസംബോധനചെയ്യണമെന്നും ഗവര്‍ണര്‍ പറഞ്ഞു.  

രണ്ട് ദിവസങ്ങളിലായി നടത്തുന്ന സന്ദര്‍ശനത്തിന്‍റെ ഭാഗമായി  മെയ് 13ന് സംഘർഷമുണ്ടായ കൂച്ച് ബിഹാറില്‍ അദ്ദേഹം സന്ദർശനം നടത്തും.  മെയ് 14 ന് തൃണമൂൽ അക്രമം ഭയന്ന് ബംഗാളിൽ നിന്ന് അസമിലേക്ക് പലായനം ചെയ്തവരെ പാർപ്പിച്ചിരിക്കുന്ന അസമിലെ രാൻപാഗ്ലിയിലെയും ശ്രീറാംപൂരിലെയും അഭയാർത്ഥി ക്യാമ്പുകളും ജഗ്ദീപ് ധൻകർ സന്ദർശിക്കും. നൂറുകണക്കിന് ബിജെപി കുടുംബങ്ങളാണ് അക്രമം ഭയന്ന് അസമില്‍ അഭയം തേടിയത്.  

ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ച ശേഷം പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് നേരെ നടന്ന സമരത്തില്‍ 16 ജീവനുകളാണ് പൊലിഞ്ഞത്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയെങ്കിലും നല്‍കിയിട്ടില്ല. ബിജെപിയുടെ ഉള്ളിലുണ്ടായ തര്‍ക്കം മൂലമാണ് സംഘര്‍ഷമുണ്ടായതെന്ന് തൃണമൂല്‍ പറയുന്നു. എല്ലാവരും സമാധാനം പാലിക്കണമെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയില്‍ ഒതുങ്ങുകയാണ് മമതയുടെ പ്രതികരണം.

ബിജെപിയുടെ ദേശീയാധ്യക്ഷന്‍ ജെപി ന‍ഡ്ഡ കലാപം നടന്ന സ്ഥലങ്ങളായ പ്രതാപ് നഗര്‍, ബെലിയഘട്ട, നോര്‍ത്ത് 24 പര്‍ഗാനാസ്, ഗോപാല്‍പൂര്‍ എന്നിവിടങ്ങളില്‍ പോയി കലാപത്തിനിരയായവരുടെ കുടുംബങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

 

 

 

    comment

    LATEST NEWS


    ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


    മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


    ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


    വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


    ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


    അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


    ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


    ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.