×
login
ലോകം മുഴുവന്‍ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-പസഫിക് ദ്വീപ് സഹകരണ ഫോറം ഉച്ചകോടിയില്‍ പങ്കെടുത്തു

ആഗോള ദക്ഷിണമേഖലയുടെ ആശങ്കകളും പ്രതീക്ഷകളും അഭിലാഷങ്ങളും ജി-20യിലൂടെ ലോകത്തെ അറിയിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യ ഏറ്റെടുക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

പോര്‍ട്ട് മോറെസ്ബി: ലോകം മുഴുവന്‍ ഇന്ന് പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെന്നും ഭക്ഷണം, ഇന്ധനം, രാസവളം, ഔഷധ വിതരണ ശൃംഖലകളില്‍ തടസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി .കോവിഡും മറ്റ് പരീക്ഷണങ്ങളും ലോകത്തെ ബാധിച്ചപ്പോള്‍, വിശ്വസിച്ച രാജ്യങ്ങള്‍ സഹായത്തിനായി എത്തിയില്ലെന്നും എന്നാല്‍ പസഫിക് ദ്വീപ് സുഹൃദ് രാജ്യങ്ങളെ  പിന്തുണയ്ക്കാന്‍ ഇന്ത്യ മുന്നിലുണ്ടായിരുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.

പാപ്പുവ ന്യൂ ഗിനിയയുടെ തലസ്ഥാന നഗരിയായ പോര്‍ട്ട് മോറെസ്ബിയില്‍ നടന്ന ഇന്ത്യ-പസഫിക് ദ്വീപ്   സഹകരണ ഫോറത്തിന്റെ മൂന്നാമത് ഉച്ചകോടിയില്‍ പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി  ജെയിംസ് മറാപ്പിനൊപ്പം  അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി .

ആഗോള ദക്ഷിണമേഖലയുടെ ആശങ്കകളും പ്രതീക്ഷകളും അഭിലാഷങ്ങളും ജി-20യിലൂടെ ലോകത്തെ അറിയിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യ  ഏറ്റെടുക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.


ഇന്ത്യന്‍ പ്രത്യയശാസ്ത്രത്തില്‍ ലോകത്തെ മുഴുവന്‍ ഒരു കുടുംബമായാണ് കാണുന്നതെന്നും വസുധൈവ കുടുംബകം അതിന്റെ  കാതലാണെന്നും   നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ആഗോള  അധികാര മത്സരത്തിന്റെ  ഇരകളാണെന്ന് ചടങ്ങില്‍ സംസാരിച്ച പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ പറഞ്ഞു. ആഗോള വേദികളില്‍ ഇന്ത്യന്‍ നേതൃത്വത്തിന് പിന്നില്‍ പസഫിക് ദ്വീപ് രാജ്യങ്ങള്‍ അണിനിരക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജി20, ജി7 തുടങ്ങിയ ആഗോള ഫോറങ്ങളില്‍ ചെറിയ ദ്വീപ് രാഷ്ട്രങ്ങള്‍ക്കുവേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി  ശബ്ദമുയര്‍ത്തണമെന്ന്  മോദിയോട്   മറാപെ അഭ്യര്‍ത്ഥിച്ചു.പോര്‍ട്ട് മോറെസ്ബിയിലെ ഏലാ ബീച്ചിന്റെ തീരത്തുള്ള അപെക് ഹൗസില്‍ നടന്ന ഉച്ചകോടിയില്‍ 14 രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു. 2014ല്‍ മോദിയുടെ ഫിജി സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യ-പസഫിക് ദ്വീപ്   സഹകരണ ഫോറം ആരംഭിച്ചത്

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.