×
login
അനില്‍കുമാറിന്റെ വേര്‍പാടിലൂടെ നഷ്ടമായത് കര്‍മ്മധീരനായ യോദ്ധാവിനെ: സദാനന്ദന്‍ മാസ്റ്റര്‍

കൂത്തുപറമ്പ് താലൂക്ക് കാര്യവാഹായി പ്രവര്‍ത്തിക്കുമ്പോഴാണ് അനിലുമായി കൂടുതലടുക്കാന്‍ അവസരം ലഭിച്ചത്. കൂത്തുപറമ്പ് കാര്യാലയ വളപ്പില്‍ നടന്നിരുന്ന നഗര ശാഖയുടെ മുഖ്യശിക്ഷക് ആയിരുന്നു അനില്‍. കാര്യാലയം പ്രവര്‍ത്തിച്ചിരുന്ന ഗോകുലത്തെരുവിലായിരുന്നു വീട്. പിതാവ് ജയപാലനും മറ്റു കുടുംബാംഗങ്ങളും തികഞ്ഞ സംഘ ബന്ധുക്കള്‍.

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരത്തിലും പരിസര പ്രദേശങ്ങളിലും സംഘ പ്രസ്ഥാനങ്ങളുടെ നിറസാന്നിധ്യമായി കര്‍മ്മരംഗത്തു നിലയുറപ്പിച്ച കാര്യകര്‍ത്താവായിരുന്നു ഇന്നലെ അന്തരിച്ച അനില്‍കുമാര്‍. കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പല വിധത്തിലുള്ള അസുഖങ്ങള്‍ അലട്ടിയിരുന്ന അനിലിനെ കോവിഡ് മഹാമാരിയും ബാധിച്ചു. രംഗബോധമില്ലാത്ത കോമാളിയായെത്തുന്ന മരണം ഉശിരനായ ആ സമാജ സേവകനെയും കവര്‍ന്നു കളഞ്ഞു. ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ഏറെ വേദനിപ്പിച്ചു, ആ വിയോഗം.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്താണ് അനിലിനെ അവസാനമായി കണ്ടത്. അന്നേ അവശതയുണ്ടായിരുന്നെങ്കിലും കര്‍മ്മനിരതനായിരുന്നു അനില്‍. പ്രസ്ഥാനമേല്‍പ്പിക്കുന്ന ഏതു ദൗത്യവും നിറഞ്ഞ മനസ്സോടെ ഏറ്റെടുക്കാനും പൂര്‍ണ്ണതയോടെ അതു നിര്‍വഹിക്കുന്നതിനും കാണിക്കാറുള്ള ഔല്‍സുക്യം അനിലിന്റെ പ്രത്യേകതയായിരുന്നു. ഏവരെയും കൂട്ടിയോജിപ്പിച്ച് സംഘടനാ കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി നടപ്പാക്കുന്നതില്‍ അലംഭാവം കാട്ടാത്ത പ്രകൃതം. സംഘടനാ വിധേയത്വം വഴി ആര്‍ജിച്ച വിനയാന്വിത ഭാവവും ദൃഢനിശ്ചയവും അനിലിനെ മാതൃകാ സംഘാടകനാക്കി.  

കൂത്തുപറമ്പ് താലൂക്ക് കാര്യവാഹായി  പ്രവര്‍ത്തിക്കുമ്പോഴാണ് അനിലുമായി കൂടുതലടുക്കാന്‍ അവസരം ലഭിച്ചത്. കൂത്തുപറമ്പ് കാര്യാലയ വളപ്പില്‍ നടന്നിരുന്ന നഗര ശാഖയുടെ മുഖ്യശിക്ഷക് ആയിരുന്നു അനില്‍. കാര്യാലയം പ്രവര്‍ത്തിച്ചിരുന്ന ഗോകുലത്തെരുവിലായിരുന്നു വീട്. പിതാവ് ജയപാലനും മറ്റു കുടുംബാംഗങ്ങളും തികഞ്ഞ സംഘ ബന്ധുക്കള്‍.  

അനില്‍ എന്ന മിടുക്കനായ മുഖ്യശിക്ഷകന്റെ നേതൃത്വത്തില്‍   ശക്തമായ ശാഖയായിരുന്നു നഗരത്തിലേത്. അനിലിന്റെ ഊഷ്മള സൗഹൃദത്താല്‍ സംഘത്തെ അടുത്തറിഞ്ഞ ധാരാളം യുവാക്കള്‍ സജീവ സംഘ പ്രവര്‍ത്തകരായി.  വിപുലമായ ജന സമ്പര്‍ക്ക പദ്ധതിയിലൂടെ ഗോകുലത്തെരുവിലെ ഏതാണ്ടെല്ലാ കുടുംബങ്ങളും സംഘ ബന്ധുക്കളായി മാറി.  ഗോകുലത്തെരുവിലെ സംഘ പ്രഭാവം നഗരത്തിലും വ്യാപിച്ചു. കൂത്തുപറമ്പില്‍ സമഗ്രാധിപത്യം പ്രകടിപ്പിച്ചിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇക്കാരണത്താല്‍ തന്നെ പരസ്യമായ സംഘര്‍ഷം സൃഷ്ടിച്ചു. ചെങ്കോട്ട തകരുമെന്ന ഘട്ടമായപ്പോള്‍ മന:പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കിത്തുടങ്ങി. ഭീഷണിയും വെല്ലുവിളിയും പതിവായി. നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സിപിഎം പ്രാദേശിക നേതാക്കളുടെ കാര്‍മ്മികത്വത്തില്‍ പലപ്പോഴും ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. എന്നാല്‍ പതറാതെ അതിനെയെല്ലാം പ്രതിരോധിക്കാന്‍ സംഘപ്രവര്‍ത്തകര്‍ക്കു സാധിച്ചു.  സംഘ ഭക്തി പാരമ്യത്തിലെത്തിയ നിഷ്ഠാവാനായ കാര്യകര്‍ത്താവായി എല്ലാറ്റിനും മുന്നില്‍ നിന്ന് നേതൃത്വം നല്‍കാന്‍ അനിലുണ്ടായിരുന്നു.

കൂത്തുപറമ്പ് കണിയാര്‍കുന്നില്‍ ചൈതന്യയില്‍ ജയപാലന്റെയും പരേതയായ സരസ്വതിയുടെയും മകനാണ് കെ. അനില്‍കുമാര്‍ (48). സഹോദരി കെ. സവിത. രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് ടൗണ്‍ ശാഖ കാര്യവാഹും സേവാഭാരതി കൂത്തുപറമ്പ് യൂണിറ്റ് അംഗവുമായിരുന്നു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.