×
login
കണ്ണൂർ ലഹരി ഉല്‍പ്പന്നങ്ങളുടെ ഹബ്ബാകുന്നു; ആശങ്കയോടെ ജനം, മയക്കുമരുന്ന് മാഫിയയ്ക്ക് മുന്നില്‍ ഭരണക്കാരും പോലീസും എക്‌സൈസും നിസ്സഹായരാകുന്നു

ഇതുവരെ കൊച്ചി പോലുളള പ്രദേശങ്ങളിലെ ലഹരി മാഫിയെക്കുറിച്ചാണ് അറിഞ്ഞിരുന്നതെങ്കിലും മലബാര്‍ മേഖലയും വളരെവേഗം ലഹരി മാഫിയയുടെ കൈകളിലേക്ക് നീങ്ങുകയാണെന്ന് സമകാലീന സംഭവങ്ങള്‍ കാണിക്കുന്നു.

കണ്ണൂര്‍: ജില്ല ലഹരി ഉല്‍പ്പന്നങ്ങളുടെ ഹബ്ബാകുന്നു. ദിനംപ്രതി ജില്ലയില്‍ നടക്കുന്ന മയക്കുമരുന്ന് വേട്ട ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതോടെ ആശങ്കയിലായി. മയക്കുമരുന്ന് മാഫിയയ്ക്ക് മുന്നില്‍ ഭരണക്കാരും പോലീസും എക്‌സൈസും നിസ്സഹായരായി മാറുകയാണ്. പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജില്ലയില്‍ വരാനിരിക്കുന്നത് മഹാ വിപത്ത്. ജില്ലയുടെ വിവിധ മേഖലകളില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ മുതിര്‍ന്നവരും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളും മാരക മയക്കുമരുന്നുകളുടെ പിടിയില്‍ അമരുകയാണ്.

വാഹനങ്ങളിലും മറ്റും നേരിട്ടെത്തിക്കുന്നത് കൂടുതല്‍ അപകടകരമാണെന്ന് തിരിച്ചറിയുന്ന മയക്കുമരുന്ന് മാഫിയ കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് എന്നിവ വഴി തങ്ങളുടെ കച്ചവടം സജീവമാക്കുന്ന ഘട്ടത്തിലെത്തിയിരിക്കുകയാണ്. കോളേജ് വിദ്യാര്‍ഥിനികളെ വരെ ആദ്യം ആവശ്യക്കാരും പിന്നീട് കാരിയര്‍മാരുമാക്കി കണ്ണൂരിലടക്കം തങ്ങളുടെ മാര്‍ക്കറ്റ് സജീവമാക്കുകയാണ് ഈ സംഘം. മയക്കുമരുന്നിന്റെ പ്രധാന കേന്ദ്രമായി മലബാര്‍ മേഖലയും മാറിക്കഴിഞ്ഞു.

കുറച്ച് ബുദ്ധിമുട്ടുകള്‍ സഹിച്ചാലും എളുപ്പത്തില്‍ കാശുണ്ടാക്കാം എന്ന പ്രലോഭനത്തിലുടെ ഈ രംഗത്തെത്തുന്നവരും നിരവധി. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനിയര്‍മാര്‍ എന്നിവര്‍ പോലും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണെന്ന റിപ്പോര്‍ട്ടുകളും ഭീതിപ്പെടുത്തുന്നതാണ്. മയക്കുമരുന്ന് മാഫിയയുമായി ചില ഭരണരാഷ്ട്രീയ നേതൃത്വത്തിലുള്ളവര്‍ക്കുള്ള ബന്ധവും പരസ്യമാണ്. ജീവനിലുള്ള ഭീഷണി കാരണം നടപടിയെടുക്കാന്‍ കഴിവുള്ള പോലീസും എക്‌സൈസും അമാന്തിച്ച് നില്‍ക്കുന്ന സ്ഥിതിയാണ്. മയക്കു മരുന്ന് ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ കാര്യമായി മുഖവിലയ്‌ക്കെടുക്കാത്തത് മാഫിയകള്‍ക്ക് തുണയാകുകയാണ്.  


ഇതുവരെ കൊച്ചി പോലുളള പ്രദേശങ്ങളിലെ ലഹരി മാഫിയെക്കുറിച്ചാണ് അറിഞ്ഞിരുന്നതെങ്കിലും മലബാര്‍ മേഖലയും വളരെവേഗം ലഹരി മാഫിയയുടെ കൈകളിലേക്ക് നീങ്ങുകയാണെന്ന് സമകാലീന സംഭവങ്ങള്‍ കാണിക്കുന്നു. കഞ്ചാവും ബ്രൗണ്‍ ഷുഗറുമൊക്കെ വിട്ട് എംഡിഎംഎ എന്ന മാരക രാസലഹരിമരുന്നിന്റെ വഴിയെയാണു ജില്ലയിലെ ലഹരിവിതരണ സംഘം. കഴിഞ്ഞദിവസം സിറ്റി പോലീസ് പിടികൂടിയത് രണ്ട് കിലോഗ്രാമിനടുത്ത് എംഡിഎംഎയാണ്. സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട ലഹരിമരുന്നു കേസാണിത്.

ഭരണ-പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുള്ള ക്രിമിനലുകളും ക്വട്ടേഷന്‍ സംഘാംഗങ്ങളുമൊക്കെ ലഹരിക്കടത്തില്‍ സജീവമാണ്. ആന്ധ്രയില്‍ നിന്നും ഒഡീഷയില്‍ നിന്നുമെത്തുന്ന കഞ്ചാവ് മാത്രമല്ല സംഘങ്ങള്‍ വിതരണം ചെയ്യുന്നത്. ആവശ്യക്കാര്‍ ലഹരി വസ്തുക്കള്‍ എത്തിക്കാനും കടത്തിക്കൊണ്ടു വരുന്നതിനുമടക്കം വാട്‌സ്അപ്പ് അടക്കമുളള സാമൂഹ്യ മാധ്യമങ്ങളെയും ആധുനിക സാങ്കേതിക വിദ്യയേയും ആശ്രയിക്കുന്ന സ്ഥിതി കണ്ണൂരില്‍ സജീവമായിരിക്കുകയാണ്.

ഒന്നരക്കോടി രൂപ വിലവരുന്ന എംഡിഎംഎ അടക്കമുള്ള അതിമാരക മയക്കു മരുന്നുമായി കണ്ണൂരില്‍ അറസ്റ്റിലായ ദമ്പതികളെ നിയന്ത്രിക്കുന്നത് ഉന്നതസ്വാധീനമുള്ള രണ്ടംഗ സംഘമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയൊരു മയക്കുമരുന്ന് മാഫിയാ സംഘം തന്നെ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാവുകയാണ്. 1.950 കിലോ ഗ്രാം എംഡിഎംഎ, 67 ഗ്രാം ബ്രൗണ്‍ഷുഗര്‍, 7.5 ഗ്രാം ഓപ്പിയം എന്നിവയാണ് കഴിഞ്ഞദിവസം കണ്ണൂരില്‍ നിന്നും പിടികൂടിയത്.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ വലുപ്പച്ചെറുപ്പമില്ലാതെ ലിംഗഭേദമില്ലാതെ നല്ലൊരു വിഭാഗം ജനങ്ങള്‍ ലഹരി വില്‍പ്പനക്കാരോ ഉപഭോക്താക്കളോ ഏജന്റോ ആകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നിങ്ങുമ്പോള്‍ ആരെ പിടിക്കണം, എന്ത് ചെയ്യണമെന്നറിയാതെ പോലീസും ഭരണകൂടവും എക്‌സൈസും ത്രിശങ്കുവിലാണ്. ജനകീയ കൂട്ടായ്മയിലൂടെ ശക്തമായൊരു ക്യാമ്പയിന്‍ ജില്ലയിലുടനീളം നടത്തി ലഹരി വിമുക്ത ജില്ലയാക്കാന്‍ ശ്രമങ്ങളുടന്‍ ആരംഭിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് ഭീതിജനകമായ അന്തരീക്ഷമാണെന്നതിലേക്കാണ് സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. 

  comment

  LATEST NEWS


  തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ


  പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയിൽ


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.