×
login
അയോധ്യയില്‍ ശ്രീരാമ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ സാധിച്ചത്  സഹന സമരത്തിന്റെ വിജയം

അയോധ്യയില്‍ ശ്രീരാമ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ സാധിച്ചത് സഹനസമരത്തിന്റെ വിജയമാണെന്ന് എമര്‍ജന്‍സി വിക്ടിം ഫോറത്തിന്റെ ജില്ലാ ജോ.സെക്രട്ടറിയായ ഉദുമ എരോല്‍ നാഗത്തിങ്കാലിലെ എന്‍.ഗണപതി പറയുന്നു.

എന്‍.ഗണപതി

അയോധ്യയില്‍ ശ്രീരാമ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ സാധിച്ചത് സഹനസമരത്തിന്റെ വിജയമാണെന്ന് എമര്‍ജന്‍സി വിക്ടിം ഫോറത്തിന്റെ ജില്ലാ ജോ.സെക്രട്ടറിയായ ഉദുമ എരോല്‍ നാഗത്തിങ്കാലിലെ എന്‍.ഗണപതി പറയുന്നു. ആര്‍എസ്എസിന്റെയും ബിജെപി ഉള്‍പ്പെടെ നിരവധി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ചുമതല ഇദ്ദേഹം വഹിച്ചു. 

1990ല്‍ ചന്ദ്രഗിരി മുതല്‍ വളപട്ടണം വരെയുള്ള അന്നത്തെ പയ്യന്നൂര്‍ സംഘ ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ 50 പേരടങ്ങുന്ന കര്‍സേവകരുടെ ചുമതല ഇദ്ദേഹത്തിനായിരുന്നു. ശിലാന്യാസത്തിന് പോകാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇന്നത്തെ ഉദുമ താലൂക്കിന്റെ സംഘചാലക് ഗിരിധര്‍ റാവുവിന്റെ മംഗലാപുരത്തെ ബന്ധു വീട്ടില്‍ തലേ ദിവസം പ്രവര്‍ത്തകരെല്ലാവരും എത്തിച്ചേര്‍ന്നു. അവിടെ നിന്ന് പുലര്‍ച്ചെ തീവണ്ടിയില്‍ പാലക്കാട് പോവുകയും തുടര്‍ന്ന് അവിടെ നിന്നും ഝാന്‍സിയിലെത്തുകയായിരുന്നു. 


തീവണ്ടി ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ ഉള്‍പ്പെടെയുള്ള മൂവായിരത്തോളം കര്‍സേവകരെ ഉത്തരപ്രദേശ് സര്‍ക്കാരിന്റെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയിലുകളെല്ലാം നിറഞ്ഞതിനാല്‍ താല്‍ക്കാലികമായി തയ്യാറാക്കിയ ഒരു കോളേജിലെ ജയിലില്‍ പാര്‍പ്പിച്ചൂ. ജയിലില്‍ പോലീസ് അകാരണമായി നടത്തിയ ലാത്തി ചാര്‍ജിലും ക്രൂരമായ മര്‍ദ്ദനത്തിലും ഉദുമ പരിയാരത്തെ പി.വി.നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാരമായി പരിക്കേറ്റു.

അതേസമയം നല്ലൊരു വിഭാഗം പോലീസുകാരും തങ്ങളോട് മാന്യമായി പെരുമാറിയിരുന്നു. ജയിലിന് സമീപത്തെ വീടുകളില്‍ നിന്ന് സംഘാംഗങ്ങള്‍ക്ക് ചപ്പാത്തിയും റൊട്ടിയും എത്തിച്ചിരുന്നു. ഒരുദിവസം രാത്രി ജയിലിന്റെ ചുമതല വഹിക്കുന്ന വനിത എസ്പി ഭക്ഷണം പുറത്ത് നിന്ന് കൊണ്ട് വരുന്നത് നിഷേധിച്ചു. ഇതേ തുടര്‍ന്ന് പോലീസും ശിലാന്യാസ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ലാത്തി ചാര്‍ജില്‍ കലാശിക്കുകയും ചെയ്തു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ അന്ന് തന്നെ എല്ലാവരേയും തൊട്ടടുത്തുള്ള വലിയ മൈതാനത്തേക്ക് മാറ്റുകയും പരിശോധന നടത്തി സിമന്റ് സൂക്ഷിക്കുന്ന ഗോഡൗണില്‍ പാര്‍പ്പിക്കുകയായിരുന്നു. 

പതിനെട്ട് ദിവസമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. ശിലാന്യാസ ചടങ്ങുകള്‍ക്ക് ശേഷം പോലീസ് തന്നെയാണ് റെയില്‍വേ സ്റ്റേഷനിലെത്തിച്ചെതെങ്കിലും വേറൊരു സഹായവും അവരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നില്ല. ക്ഷേത്ര നിര്‍മ്മാണത്തിനായി നടത്തിയ പോരാട്ടത്തില്‍ അറസ്റ്റ് വരിച്ച് ജയിലില്‍ കിടന്ന് ദിവസങ്ങളോളം ത്യാഗം നിറഞ്ഞ ജീവിതം നയിച്ചതിന്റെ സാഫല്യമാണ് ശ്രീരാമ ക്ഷേത്രം യാഥാര്‍ത്ഥ്യമാവുന്നത്. നിറഞ്ഞ സന്തോഷത്തിലാണെന്നും ഭാഗ്യമുണ്ടായാല്‍ ക്ഷേത്ര ദര്‍ശനം നടത്തണമെന്ന് ആഗ്രഹമുള്ളതായും ഗണപതി പറഞ്ഞു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.