×
login
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മരണത്തിന് പിന്നില്‍ ലോക്കല്‍ നേതാവ്; സാമ്പത്തിക കുരുക്കിൽപ്പെട്ടതോടെ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

മുന്‍ ബ്രാഞ്ച് നേതാവും ഇപ്പോള്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കിഴക്കന്‍ മലയോരത്ത് നിന്ന് കുടിയേറിയ യുവാവിനെതിരെയാണ് പരാതി.

കാഞ്ഞങ്ങാട്: സിപിഎം ഉദിനൂര്‍ കിനാത്തില്‍ കോണത്തുവയല്‍ ബ്രാഞ്ച് സെക്രട്ടറി എം.സുദര്‍ശനന്‍ (41) ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിന് പിന്നില്‍ പാര്‍ട്ടി ലോക്കല്‍ നേതാവിന്റെ സാമ്പത്തിക തിരിമറിയാണെന്ന ആരോപണം ശക്തമായി. മുന്‍ ബ്രാഞ്ച് നേതാവും ഇപ്പോള്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കിഴക്കന്‍ മലയോരത്ത് നിന്ന് കുടിയേറിയ യുവാവിനെതിരെയാണ് പരാതി.  

ബ്രാഞ്ച് സെക്രട്ടറിയായ സുദര്‍ശനനെ സാമ്പത്തിക കുരുക്കില്‍ അകപ്പെടുത്തിയത് ഈ യുവ നേതാവാണെന്ന് പറയുന്നു. കോണത്ത് വയല്‍ ബ്രാഞ്ച് കമ്മറ്റിയും വായനശാല കമ്മറ്റിയും ചിട്ടി നടത്തുന്നുണ്ട്. ഇവയ്ക്ക് പുറമെ നാട്ടിലെ മറ്റൊരു ചിട്ടിയിലും മരിച്ച ബ്രാഞ്ച് സെക്രട്ടറിയുണ്ട്.  ഇതില്‍ നിന്നെല്ലാം മറ്റൊരാളുടെ ചിട്ടിലേലം വിളിച്ച് സുദര്‍ശനന്‍ ലോക്കല്‍ നേതാവിന് നല്‍കിയിരുന്നു. ജാനകി എന്ന സ്ത്രീയുടെ ചിട്ടിയും വിളിച്ചെടുത്തിരുന്നു. ഇവര്‍ പണം ചോദിക്കാന്‍ ചെന്നപ്പോള്‍ എല്ലാം സുദര്‍ശനെ ഏല്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു തടിതപ്പുകയാണ് ലോക്കല്‍ നേതാവ് ചെയ്തത്. ഇതിനെ ചൊല്ലി ലോക്കല്‍ നേതാവും സുദര്‍ശനനും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. എന്നാല്‍ ലോക്കല്‍ നേതാവ് പണം തിരിച്ചു നല്‍കാതെ ബ്രാഞ്ച് സെക്രട്ടറിയെ പറ്റിക്കുകയാണ് ചെയ്തത്.  


15ന് ചിട്ടി പണം ഉടമയ്ക്ക് കൊടുക്കേണ്ട അവസാന അവധി ആയിരുന്നു. ആരുടെയെങ്കിലും ചിട്ടി വിളിച്ച് പണം സ്വരൂപിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലോക്കല്‍ നേതാവ് ബ്രാഞ്ച് സെക്രട്ടറിയെയും കൂട്ടി ചിട്ടി ഉടമകളുടെ വീടുകളില്‍ കയറിയിറങ്ങിയിരുന്നു. എന്നാല്‍ ആരും ചിട്ടി വിളിക്കാന്‍ സമ്മതിച്ചില്ല. ജനങ്ങള്‍ക്ക് വിശ്വാസം ഇല്ലാത്തതിനാല്‍ ലോക്കല്‍ നേതാവ് തനിച്ചു പോയാല്‍ ആരും സമ്മതിക്കില്ല. അതിനാലാണ് ബ്രാഞ്ച് സെക്രട്ടറിയെയും കൂട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു. 15 ആയിട്ടും ചിട്ടി പണം ലോക്കല്‍ നേതാവ് തിരിച്ചു നല്കാത്തതിനെ തുടര്‍ന്നാണ് സുദര്‍ശനന്‍ വീട് വിട്ടത്.  

സുഹൃത്തിനോട് പണം വാങ്ങിക്കാനാണ് കഴിഞ്ഞ ദിവസം രാവിലെ സ്‌കൂട്ടറില്‍ ചിത്താരിയില്‍ എത്തിയത്. ആ വഴിയും അടഞ്ഞതോടെയാണ് ജീവനൊടുക്കിയതെന്ന് പറയുന്നു. സംഭവത്തില്‍ ഹോസ്ദുര്‍ഗ് എസ്‌ഐ സതീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം അന്വേഷണം ഊര്‍ജിതമാക്കും. ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ വ്യാഴാഴ്ച രാവിലെ മാവേലി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് യുവാവ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടില്‍ എത്തിച്ചു സംസ്‌ക്കരിച്ചു.  

കിനാത്തില്‍ തോട്ടുകരയിലെ പരേതനായ എ.കെ.നാരായണന്‍ - ലക്ഷ്മി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ലീല,ചിത്ര, രജനി, നന്ദന്‍, വിവേക്, പരേതനായ രമേശന്‍.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.