×
login
മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ ഐടി കമ്പനി‍യുടെ രജിസ്‌ട്രേഷന്‍ വിലാസം എകെജി സെന്ററിലേത്; ഭാര്യ കമ്പനിയുടെ നോമിനി

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു നല്‍കിയിരിക്കുന്ന വിവരത്തിലാണ് ബംഗളൂരുവിലെ കമ്പനിയുടെ വിലാസത്തിനൊപ്പം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സംസ്ഥാനത്തെ സിപിഎമ്മിന്റെ പാര്‍ട്ടി ആസ്ഥാനത്തിന്റെയും വിലാസം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനി എക്‌സാലോജിക് സോല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനിന്റെ രജിസ്‌ട്രേഷനായി നല്‍കിയിരിക്കുന്നത് തിരുവനന്തപുരം പാളയത്തെ എകെജി സെന്ററിന്റെ വിലാസം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു നല്‍കിയിരിക്കുന്ന വിവരത്തിലാണ് ബംഗളൂരുവിലെ കമ്പനിയുടെ വിലാസത്തിനൊപ്പം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സംസ്ഥാനത്തെ സിപിഎമ്മിന്റെ പാര്‍ട്ടി ആസ്ഥാനത്തിന്റെയും വിലാസം നല്‍കിയിരിക്കുന്നത്. അതേസമയം, കമ്പനിയുടെ നോമിനിയായി രേഖപ്പെടുത്തിയിരിക്കുന്നത് പിണറായിയുടെ ഭാര്യ കമലയുടെ പേരാണ്. തലശേരിയിലെ വിലാസമാണ് ഇാ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്.കമ്പനിയുടെ ഡയറക്റ്റാണ് വീണ. ഡയറക്റ്ററുടെ വിലാസമായാണ് എകെജി സെന്ററിന്റെ പേര് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന് എകെജി സെന്ററില്‍ മുറി അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഈ മുറിയുടെ നമ്പര്‍ ഒന്നും നല്‍കിയ രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല. തലശേരിയില്‍ സ്വന്തമായി വിലാസമുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ മകള്‍ രേഖകളില്‍ എകെജി സെന്ററിന്റെ പേര് രേഖപ്പെടുത്തിയത് ദൂരുഹമാണ്.  

സ്പ്രിന്‍ങ്കള്ര്‍ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിക്ക് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമാക്കണമെന്നും ഇരു കമ്പനികളുടെയും വെബ്‌സൈറ്റുകളില്‍നിന്ന് വിവരങ്ങള്‍ മറച്ചുവെക്കപ്പെട്ടതായും ഇതു സംബന്ധിച്ച് പി.ടി. തോമസ് എംഎല്‍എ ആരോപിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായിരുന്നു. ഇതു വാര്‍ത്ത ആയതിനെ തുടര്‍ന്ന് അടിമുടി മാറിയാണ് എക്‌സാലോജികിന്റെ പുതിയ വെബ്ൈസറ്റ് കഴിഞ്ഞദിവസം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.  


ഏറെ മാറ്റങ്ങള്‍ വരുത്തി പുതിയ രൂപത്തിലും ഭാവത്തിലും വെബ്‌സൈറ്റ് മാറിയിട്ടുണ്ട്.  2014 സെപ്റ്റംബറില്‍ ആരംഭിച്ച കമ്പനിയുടെ ഇതുവരെയുള്ള ട്രാക്ക് റെക്കോര്‍ഡുകളൊന്നും പുതിയ വെബ്‌സൈറ്റിലില്ല. മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പെടെ കമ്പനിയുമായി ബന്ധപ്പെട്ട ആരുടെയും പേരുവിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല. കോണ്‍ടാക്ട് ചെയ്യാന്‍ ഒരു ഫോണ്‍ നമ്പര്‍ നല്‍കിയതിനൊപ്പം വാട്ട്‌സ്ആപ് മെസേജ് വഴി ബന്ധപ്പെടാനുള്ള സൂചനയുമാണ് നല്‍കിയിട്ടുള്ളത്.  

കോവിഡ് രോഗവ്യാപനത്തിന്റെ മറവിലെ ഡാറ്റാ കൈമാറ്റം സംബന്ധിച്ചു സ്പ്രിന്‍ക്ലര്‍ വിവാദം കത്തിപ്പടരുന്നതിനിടെ ഉയര്‍ന്നുവന്ന പിണറായി വിജയന്റെ മകള്‍ വീണയുടെ ഉമസ്ഥതയിലുള്ള ഐടി കമ്പനിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആണ് മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ കൂടിയായ രഞ്ജിത് ജയദേവന്‍ ചില വിവരങ്ങള്‍ ഷെയര്‍ ചെയ്തത്. സ്പ്രിന്‍ക്ലര്‍ വിവാദത്തിനു തൊട്ടുപിന്നാലെ വീണയുടെ ഉടമസ്ഥതയില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന എക്‌സാലോജിക് ഐടി കമ്പനിയുടെ വൈബ്‌സൈറ്റ് അപ്രത്യക്ഷമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ കമ്പനിയും സംശയത്തിന്റെ മുള്‍മുനയില്‍ എത്തിയത്. മിനിസ്ട്രി ഓഫ് കമ്പനി അഫയേഴ്‌സിനു നല്‍കിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതു പ്രകാരം സ്വന്തം കമ്പനിക്ക് പിണറായിയുടെ മകള്‍ വീണ നല്‍കിയ വായ്പ 40 ലക്ഷത്തോളം രൂപയാണ്. ധനലക്ഷ്മി ബാങ്ക് കൂടാതെ ഈ കമ്പനിക്ക് വായ്പ നല്‍കയതില്‍ വിവാദ വ്യവസായിയുടെ കമ്പനി കൂടിയുണ്ടെന്ന് വ്യക്തമാണ്.   കെആര്‍ഇഎംഎല്‍ (കൊച്ചി റെയര്‍ എര്‍ത്ത്‌സ് ആന്‍ഡ് മിറല്‍സ് ലിമിറ്റഡ്), കൊച്ചി മിനറള്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് അടക്കം സ്ഥാപനങ്ങളുടെ എംഡിയും കരിമണ്‍ കര്‍ത്ത എന്നറയിപ്പെടുന്ന ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള എംപവര്‍ ഇന്ത്യ ആണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം വായ്പ നല്‍കിയതെന്നും വ്യക്തമായിരുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.