×
login
കേന്ദ്ര സര്‍ക്കാരിന്റെ വ്യാജ സ്റ്റിക്കറുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍; രണ്ട് പേര്‍ പിടിയില്‍, അറസ്റ്റിലായവരില്‍ അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളിയും

പോലീസ് ഉപയോഗിക്കുന്നതരം വാഹനത്തില്‍ വ്യാജ നമ്പര്‍പ്ലേറ്റും ഗവ. ഓഫ് ഇന്ത്യ സ്റ്റിക്കറും പതിച്ചാണ് സംഘമെത്തിയത്. കള്ളക്കടത്തുനടത്തുന്ന സംഘത്തില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമമായാണ് പോലീസ് ഇതിനെ കാണുന്നത്.

കരിപ്പൂര്‍ : കേന്ദ്രസര്‍ക്കാരിന്റെ വ്യാജ സ്റ്റിക്കറുമായി കോഴിക്കോട് വിമാനത്താവള പരിസരത്തെത്തിയ സംഘം പിടിയില്‍. കണ്ണൂര്‍ കക്കാട് ഫാത്തിമ മന്‍സിലില്‍ കെ.പി. മജീസ് (28), അങ്കമാലി കോളോട്ടുകുടി ടോണി ഉറുമീസ് (34) എന്നിവരാണ് പിടിയിലായത്. ആറ് പേരാണ് വാഹനത്തിലെത്തിലുണ്ടായിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വാഹനം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും സംശയം തോന്നിയതിനെ തുടര്‍ന്ന് കവാടത്തിന് അടുത്തുവെച്ച് ഇവരെ പിടികൂടുകയുമായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാല് പേര്‍ വാഹനത്തില്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.  

പോലീസ് ഉപയോഗിക്കുന്നതരം വാഹനത്തില്‍ വ്യാജ നമ്പര്‍പ്ലേറ്റും ഗവ. ഓഫ് ഇന്ത്യ സ്റ്റിക്കറും പതിച്ചാണ് സംഘമെത്തിയത്. കള്ളക്കടത്തുനടത്തുന്ന സംഘത്തില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമമായാണ് പോലീസ് ഇതിനെ കാണുന്നത്. അറസ്റ്റിലായ മജീസ് 2021-ല്‍ രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയാണ്. സ്വര്‍ണം കടത്തുന്ന സംഘത്തില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കാനെത്തിയ അര്‍ജുന്‍ ആയങ്കിയോടൊപ്പം ഇയാളുമുണ്ടായിരുന്നു. ഇവരെ തടയാനെത്തിയ ഗുണ്ടാസംഘത്തിലെ അഞ്ച്‌പേരാണ് രാമനാട്ടുകരയില്‍ വാഹനം മറിഞ്ഞു മരിച്ചത്. കേസിലെ അറുപത്തിയെട്ടാം പ്രതിയാണ് ഇയാള്‍. പിടിയിലായ ടോണി അയ്യംപുഴ പോലീസ്സ്റ്റേഷന്‍ പരിധിയില്‍ കാപ്പ ചുമത്തി തൃശ്ശൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തപ്പെട്ടയാളാണ്.  

അതേസമയം സുഹൃത്തിനെ യാത്രയയക്കാനാണ് തങ്ങളെത്തിയതെന്ന് അറസ്റ്റിലായവര്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ഇവര്‍ വിമാനത്താവളത്തിലെത്തിയത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണോയെന്നും സംശയിക്കുന്നുണ്ട്. കള്ളക്കടത്തുസ്വര്‍ണം തട്ടിയെടുത്ത് പരിചയമുള്ള പ്രതികള്‍ അതിനായാണ് ഈ തന്ത്രമൊരുക്കിയതെന്നാണു കരുതുന്നത്. സംഘത്തലവനായ അര്‍ജുന്‍ ആയങ്കി ജയിലിലാണെങ്കിലും അവിടെയിരുന്നുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.  


 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.