×
login
മരച്ചീനി‍യെ ബാധിക്കുന്ന മീലിമൂട്ടകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നയരേഖയ്ക്ക് രൂപം നല്‍കി കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം

കൃഷി വകുപ്പുദ്യോഗസ്ഥര്‍, തിരഞ്ഞെടുത്ത കര്‍ഷകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങി ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടവര്‍ ചര്‍ച്ചയിലും തുടര്‍ന്നുള്ള ഭാവി രൂപരേഖ ആസൂത്രണത്തിലും പങ്കെടുക്കുത്തു. ന്യൂദല്‍ഹിയിലുള്ള ഐസിഎആര്‍ ആസ്ഥാനത്തെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. എസ്സ്. സി. ദുബയ്, ബാംഗ്ലൂര്‍ എന്‍ബിഎഐആര്‍ ഡയറക്ടര്‍ ഡോ. എസ്സ്. എന്‍. സുശീല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

തിരുവനന്തപുരം: മീലിമൂട്ടകള്‍ ഉണ്ടാക്കുന്ന കൃഷി നഷ്ടത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള സിടിസിആര്‍ഐ ആസ്ഥാനത്തു വെച്ച് വിദഗ്ധരുടെ ചര്‍ച്ച നടന്നു. എന്‍ബിഎഐആര്‍, സിടിസിആര്‍ഐ, കേരള കാര്‍ഷിക സര്‍വകലാശാലാ എന്നിവിടങ്ങളിലെ വിദഗ്ദ്ധ ശാസ്ത്രജ്ഞര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

കൃഷി വകുപ്പുദ്യോഗസ്ഥര്‍, തിരഞ്ഞെടുത്ത കര്‍ഷകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങി ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടവര്‍ ചര്‍ച്ചയിലും തുടര്‍ന്നുള്ള ഭാവി രൂപരേഖ ആസൂത്രണത്തിലും പങ്കെടുക്കുത്തു. ന്യൂദല്‍ഹിയിലുള്ള ഐസിഎആര്‍ ആസ്ഥാനത്തെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. എസ്സ്. സി. ദുബയ്, ബാംഗ്ലൂര്‍ എന്‍ബിഎഐആര്‍ ഡയറക്ടര്‍ ഡോ. എസ്സ്. എന്‍. സുശീല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന അഞ്ചാമത്തെ പ്രധാന ഭക്ഷ്യവിളയായ മരച്ചീനി ഉള്‍പ്പെടെ നിരവധി വിളകളുടെ മുഖ്യ ശത്രുക്കള്‍ മൂന്നിനം മീലിമൂട്ടകളാണ്. സാധാരണ കാഴ്ചയില്‍ വലിയവ്യത്യാസം കാണുകയില്ല. ഈ കീടങ്ങളില്‍ പലതും ആകസ്മികമായി നമ്മുടെ രാജ്യത്ത് എത്തിച്ചേര്‍ന്നതാണ്. 2008ല്‍ ശ്രീലങ്കയില്‍ നിന്ന് രാജ്യത്തെത്തിയ പപ്പായ മീലിമൂട്ട നിരവധി വിളകള്‍ക്ക് ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയ പരദേശ കീടങ്ങളില്‍ ഏറ്റവും മുഖ്യമാണ്.


ഈ മൂന്നു മീലിമൂട്ടകളില്‍ മരച്ചീനിക്ക് ഏറ്റവും അപകടകാരി  കസ്സാവാ മീലിബഗ് ആണ്, ഇന്ത്യയില്‍ ഇതിന്റെ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത് 2020 ഏപ്രിലില്‍ തൃശ്ശൂരില്‍ നിന്നാണ്. ബാംഗ്ലൂരിലെ നാഷണല്‍ ബ്യൂറോ ഓഫ് അഗ്രികള്‍ച്ചറല്‍ ഇന്‍സെക്ട് റിസോഴ്‌സസ് (എന്‍ബിഎഐആര്‍) ആണ് ഇന്ത്യയില്‍ ആദ്യമായി ഇത് റിപ്പോര്‍ട്ട് ചെയ്തത്.

മരച്ചീനി മീലിമൂട്ടകളില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളെയും തായ്‌ലണ്ടിനെയും രക്ഷിച്ച കടന്നല്‍ വിഭാഗത്തില്‍പ്പെട്ട പരാന്നഭോജിയായ അനഗൈറസ് ലോപേസിയെ ബാംഗ്‌ളൂരിലുള്ള സ്ഥാപനം 2021ഇല്‍ എല്ലാ നിയമങ്ങള്‍ക്കും വിധേയമായി നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത് അവരുടെ ലാബില്‍ പഠനവിധേയമാക്കി പുറത്തിറക്കി. പിന്നീടതിനെ 2022ല്‍ തമിഴ് നാട്ടിലും കഴിഞ്ഞ മാസം തൃശൂരും വിതരണം  ചെയ്തു.  

ജൈവ നിയന്ത്രണ പരാന്ന ഭോജിയെ കര്‍ഷകരുടെ തോട്ടങ്ങളില്‍ വ്യാപകമായി പുറത്തിറക്കുന്നതിന്റെ ഭാഗമായി ചടങ്ങില്‍ വെച്ച് കേരളത്തിലെ 8ഉം, തമിഴ്‌നാട്ടിലെയും  മഹാരാഷ്ടയിലെയും കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്കും, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, കര്‍ഷകര്‍ക്കും ഇത് വിതരണം ചെയ്തു. മരച്ചീനിയെ ആക്രമിക്കുന്ന വിവിധ മീലിമൂട്ടകളെക്കുറിച്ചും ഇവയ്‌ക്കെതിരെയുള്ള പരാന്നഭോജികളുടെ ഉപയോഗത്തെക്കുറിച്ചും വിദഗ്ദ്ധര്‍ സാങ്കേതിക സെഷനില്‍ ക്ലാസ്സുകളെടുത്തു.  

പാനല്‍ ചര്‍ച്ചയുടെ പ്ലീനറി സെഷനില്‍, ഈ മേഖലയിലെ വിദഗ്ധര്‍ വിശദമായ സംവാദം നടത്തി. സെഷനുകളിലെ വിലപ്പെട്ട എല്ലാ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പരിഗണിച്ച്, എഡിജി (പിപി ആന്‍ഡ് ബി), എന്‍ബിഎഐആര്‍ ഡയറക്ടര്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷം, മരച്ചീനിയെ ബാധിക്കുന്ന മീലിമൂട്ടകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നയരേഖ തയ്യാറാക്കുകയും, പ്രസിദ്ധീകരിക്കുകയും കൗണ്‍സിലില്‍ സമര്‍പ്പിക്കുകയും ചെയ്യുമെന്ന് സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി. ബൈജു പറഞ്ഞു. സംഘാടക സമിതി  സെക്രട്ടറി ഡോ.ഹരീഷ്, വിള സംരക്ഷണ വിഭാഗം മേധാവി ഡോ.എസ്.എസ്.വീണ എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.