×
login
പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി. പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശവും വിവാദവും നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾ സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നും പ്രണയവും മയക്കു മരുന്നും ഏതെങ്കിലും മതത്തിന്‍റെ കണക്കിൽ തള്ളേണ്ടതല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി. പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശവും വിവാദവും നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  വിവാദങ്ങൾ സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നും പ്രണയവും മയക്കു മരുന്നും ഏതെങ്കിലും മതത്തിന്‍റെ കണക്കിൽ തള്ളേണ്ടതല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  

വിവാദങ്ങൾക്ക് തീ കൊടുത്ത് നേട്ടം കൊയ്യാനുള്ള നീക്കം വ്യാമോഹം മാത്രമാണ്. ചിലർ പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വസ്തുതയുടെ പിൻബലമില്ല. കേരളത്തിലെ മതപരിവർത്തനത്തിനും മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ടവരുടെ വിവരങ്ങൾ വിലയിരുത്തിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് പ്രത്യേക പങ്കില്ലെന്ന് മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിർബന്ധിത മതപരിവർത്തനത്തിന് പരാതികൾ ലഭിച്ചിട്ടില്ല. കോട്ടയം സ്വദേശി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത മതപരിവർത്തനമാണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രൈസ്‌തവരെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തുന്നുവെന്ന ആശങ്ക തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.


കൂടാതെ 2019 വരെ ഐഎസിൽ ചേർന്ന മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽ പരമായ ആവശ്യത്തിന് വിദേശത്ത് പോയ ശേഷം അവിടെ നിന്ന് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി ആ സംഘടനകളിൽ എത്തിപ്പെട്ടവരാണ്. അവരില്‍ കോഴിക്കോട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലിം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നന്നും തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ അഞ്ച് പേരാണ് മറ്റ് മതങ്ങളിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തത്. തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഹിന്ദുമതത്തിലെ യുവതി പാലക്കാട് സ്വദേശി നെക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്തു. ഇവർ വിവാഹത്തിന് ശേഷം ഇസ്ലാമിലേക്ക് പരിവർത്തനം നടത്തി ഐഎസിലേക്ക് പോവുകയായിരുന്നു. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദസംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യത്തിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. 2018 മുതൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡീറാഡിക്കലൈസേഷൻ പരിപാടി നടത്തുന്നുണ്ട്. തെറ്റായ നിലപാടിൽ നിന്ന് പിന്തിരിപ്പിച്ച് സാധാരണ മനോനിലയിലെത്തിക്കാൻ ഇടപെടലുണ്ട്.

2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് ആക്ട് പ്രകാരമുള്ള കേസുകള്‍ 4941 ആണ്. അവയില്‍ പ്രതികളായ 5422 പേരില്‍ 2700 (49.80 ശതമാനം) പേര്‍ ഹിന്ദുമതത്തില്‍പ്പെട്ടവരും 1896 (34.47 ശതമാനം) പേര്‍ ഇസ്ലാം മതത്തില്‍പ്പെട്ടവരും 853 (15.73 ശതമാനം) പേര്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരുമാണ്. ഇതില്‍ അസ്വാഭാവിക അനുപാതം എവിടെയുമില്ല. മതാടിസഥാനത്തിലല്ല മയക്കമരുന്ന് കച്ചവടം നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം ശരിയായ കാര്യം മനസിലാക്കി ഇടപെടാൻ സാമൂഹ്യസംഘടനകളും രാഷ്ട്രീയ പാർട്ടികളും തയാറാകണം. കലക്കവെള്ളത്തിൽ നിന്നോ വെള്ളം കലക്കി മീൻ പിടിക്കാനോ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. സാമുദായിക സ്പർധയ്ക്ക് കാരണമാകും വിധം വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും പിന്തുണക്കുന്നവരെയും തുറന്നുകാട്ടാൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.