×
login
ചരിത്രമറിയാത്ത രാഹുല്‍ അധിക്ഷേപിച്ചു; വീര സവര്‍ക്കറെ പുകഴ്ത്തിയ കമ്മ്യൂണിസ്റ്റുകാരില്‍ എകെജിയും ഇഎംഎസും കാറല്‍മാര്‍ക്സിന്‍റെ ചെറുമകനും

14 വര്‍ഷക്കാലം ജയില്‍ വാസമനുഭവിച്ച വീരസവര്‍ക്കറെ പുകഴ്ത്തിയവരില്‍ പ്രസിദ്ധരായ കമ്മ്യൂണിസ്റ്റുകാര്‍ നിരവധി പേര്‍. എകെജി, ഇഎംഎസ്, കാറല്‍ മാര്‍ക്സിന്‍റെ ചെറുമകന്‍ എന്നിവര്‍ ഉള്‍പ്പെടും.

തിരുവനന്തപുരം: ചരിത്രം അധികമൊന്നും വായിച്ചിട്ടില്ലാത്ത രാഹുല്‍ഗാന്ധി വീര സവര്‍ക്കറെ നിസ്സാരനാക്കിയാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. സവര്‍ക്കര്‍ ചെയ്തതുപോലെ താന്‍ മാപ്പ് ചോദിക്കില്ലെന്നും താന്‍ ഗാന്ധിയാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്നാല്‍ 14 വര്‍ഷക്കാലം ജയില്‍ വാസമനുഭവിച്ച വീരസവര്‍ക്കറെ പുകഴ്ത്തിയവരില്‍ പ്രസിദ്ധരായ കമ്മ്യൂണിസ്റ്റുകാര്‍ നിരവധി പേര്‍. എകെജി, ഇഎംഎസ്, കാറല്‍ മാര്‍ക്സിന്‍റെ ചെറുമകന്‍ എന്നിവര്‍ ഉള്‍പ്പെടും.  

കഴിഞ്ഞ ദിവസം ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് ഒരു ടിവി ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കാറല്‍ മാര്‍ക്സിന്‍റെ കൊച്ചുമകനായ ജീന്‍ ലോറന്‍റ് ഫ്രെഡറിക് ലോംഗന്‍റ് ആണ് വീര്‍ സവര്‍ക്കര്‍ക്ക് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ വാദിക്കാന്‍ എത്തിയത്.  

കാറല്‍ മാര്‍ക്സിന്‍റെ കൊച്ചുമകനായ ജീന്‍ ലോറന്‍റ് ഫ്രെഡറിക് ലോംഗന്‍റ് 

ലോക് സഭയില്‍ അംഗമായിരുന്ന രാജാ മഹേന്ദ്ര പ്രതാപസിംങ്ങ് ഇന്ത്യയിലെ വലിയൊരു വിപ്ലവകാരിയും ഇടതുപക്ഷ അനുഭാവിയുമായിരുന്നു. ലെനിന്‍ നേരിട്ട് വിളിച്ച് സോവിയറ്റ് യൂണിയനില്‍ പോയി വിപ്ലവത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത ശക്തനായ നേതാവായിരുന്നു രാജാ മഹേന്ദ്ര പ്രതാപ് സിങ്ങ്. ഉത്തര്‍പ്രദേശിലെ മഥുര എന്ന മണ്ഡലത്തില്‍ രണ്ടാം ലോക്സഭയിലേക്ക് മത്സരിച്ച രാജാ മഹേന്ദ്ര പ്രതാപ് സിങ്ങ് തോല്‍പിച്ചത് അടല്‍ ബിഹാരി വാജ് പേയിയെയാണ്. അന്ന് വീരസവര്‍ക്കറുടെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങളെ ലോക് സഭ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബില്‍ അവതരിപ്പിച്ചിട്ടുണ്ട് രാജാ മഹേന്ദ്രസിങ്ങ്. അന്ന് ആ ബില്ലിനെ പിന്തുണച്ച്  കണ്ണൂരിലെ പെരളശ്ശേരിയില്‍ നിന്നുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ലോക്സഭയില്‍ പ്രസംഗിച്ചു. അതായിരുന്നു എകെജി. - സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടുന്നു.  

അതുപോലെ ഇഎംഎസ് നമ്പൂതിരിപ്പാട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. അതില്‍ വീരസവര്‍ക്കറെക്കുറിച്ച് ബഹുമാനത്തോടെയാണ് ഇഎംഎസ് എഴുതിയിട്ടുള്ളത്. അതിലെ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അഞ്ചാമത്തെ അധ്യായത്തിന്‍റെ തലക്കെട്ട് 'ശിപായി ലഹളയോ അതോ ജനകീയ കലാപമോ?' എന്നാണ്. ഇതിന് കാരണമുണ്ട്. 1857ല്‍ നടന്ന സമരത്തെ ശിപായി ലഹള എന്ന് ബ്രിട്ടീഷുകാര്‍ പരിഹസിച്ചപ്പോള്‍ അന്ന് നടന്നത് ഒന്നാം സ്വാതന്ത്ര്യസമരമാണ് എന്ന് വാദിച്ച് എഴുതിയത് വീര്‍ സവര്‍ക്കറാണ്. ഈ പുസ്തകത്തില്‍ തന്നെ 213ാം പേജില്‍ വീരസവര്‍ക്കറുടെ വിപ്ലവപ്രവര്‍ത്തനങ്ങളെ ഇഎംഎസ് പുകഴ്ത്തി എഴുതിയിട്ടുണ്ട്. - സന്ദിപ് വാചസ്പതി അഭിപ്രായപ്പെട്ടു.  

ഇനി കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ഡിവൈഎഫ്ഐ നേതാവാണ് എന്ന രീതിയില്‍ പുകഴ്ത്തുന്ന ഒരു സ്വാതന്ത്ര്യസമരസേനാനിയാണല്ലോ ഭഗത് സിങ്ങ്. ഈ ഭഗത് സിങ്ങിനും എന്തിന് നേതാജി സുഭാഷ് ചന്ദ്രബോസിനും വിപ്ലവവീര്യം ലഭിക്കുന്നത് വീര്‍ സവര്‍ക്കറുടെ എഴുത്തില്‍ നിന്നാണ്. വീര്‍ സവര്‍ക്കര്‍ എഴുതിയ ഒരു പുസ്തകം ഇറങ്ങുന്നതിന് മുന്‍പേ ബ്രിട്ടീഷുകാര്‍ നിരോധിച്ചിരുന്നു. ആ പുസ്തകം വീണ്ടും അച്ചടിച്ച് വിതരണം ചെയ്തിരുന്നത് ഭഗത് സിങ്ങാണ്. - സന്ദീപ് വാചസ്പതി പറയുന്നു.  

 


 

 

 

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.