×
login
കൊറോണയില്‍ ബിബിസി ജീവനക്കാരെ കൂട്ടി; കേരളത്തില്‍ ശമ്പളം കൈപ്പറ്റി പ്രസാര്‍ഭാരതിയിലെ 200 ജീവനക്കാര്‍ മുങ്ങി; ദൂരദര്‍ശന്‍ മലയാള സംപ്രേക്ഷണം നിലച്ചു

കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നടപടികളും രോഗവ്യാപന നിയന്ത്രണ സന്ദേശങ്ങളും ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തം മറന്നു കൊണ്ടാണ് സര്‍ക്കാറിന്റെ കീഴിലുള്ള ഔദ്യോഗിക മാധ്യമ സ്ഥാപനം അടച്ചുപൂട്ടുന്നതിന് സമാനമായ അവസ്ഥയിലെത്തിയിരിക്കുന്നത്. ആകാശവാണിയുടെ എഫ്എം അടക്കമുള്ള ജനപ്രിയ പരിപാടികളും ഒഴിവാക്കിയിരിക്കുകയാണ്. ചുരുക്കത്തില്‍ ദൂരദര്‍ശന്‍, ആകാശവാണി പ്രാദേശിക കേന്ദ്രങ്ങള്‍ സ്തംഭിച്ച മട്ടിലാണ്.

കോഴിക്കോട്:  ലോകം മഹാമാരിയെ നേരിടാന്‍ ലഭ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗിക്കുമ്പോള്‍ ഇന്‍ഡ്യയുടെ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ ആയ പ്രസാര്‍ ഭാരതിയുടെ കേരള യൂണിറ്റ് അതിന്റെ പ്രാഥമിക ദൗത്യത്തില്‍ നിന്നും പിന്‍മാറി. ഇതോടെ കേരളത്തില്‍ ദൂരദര്‍ശന്‍ ചാനലുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തലാക്കി.

ദൂരദര്‍ശന്‍ മലയാളം സംപ്രേക്ഷണം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ദൂരദര്‍ശന്‍ തിരുവനന്തപുരം കേന്ദ്രം അതിന്റെ എല്ലാ പ്രാദേശിക ഭാഷാ പരിപാടികളും നിര്‍ത്തി വെച്ചിരിക്കുന്നത്. പകരം ഡിഡി ഇന്ത്യയുടെ ഇംഗ്ലീഷ്, ഹിന്ദി പരിപാടികള്‍ റിലേ ചെയ്യുകയെന്ന ചടങ്ങിലേക്ക് ദൂരദര്‍ശന്‍ കേന്ദ്രം മാറി. വന്‍ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസം മുതല്‍ ന്യൂസ് ബുള്ളറ്റിനുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നടപടികളും രോഗവ്യാപന നിയന്ത്രണ സന്ദേശങ്ങളും ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തം മറന്നു കൊണ്ടാണ് സര്‍ക്കാറിന്റെ കീഴിലുള്ള ഔദ്യോഗിക മാധ്യമ സ്ഥാപനം അടച്ചുപൂട്ടുന്നതിന് സമാനമായ അവസ്ഥയിലെത്തിയിരിക്കുന്നത്. ആകാശവാണിയുടെ എഫ്എം അടക്കമുള്ള ജനപ്രിയ പരിപാടികളും ഒഴിവാക്കിയിരിക്കുകയാണ്. ചുരുക്കത്തില്‍ ദൂരദര്‍ശന്‍, ആകാശവാണി പ്രാദേശിക കേന്ദ്രങ്ങള്‍ സ്തംഭിച്ച മട്ടിലാണ്.  

ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുകയെന്ന നിര്‍ദ്ദേശം പാലിക്കുന്നുവെന്നതിന്റെ മറവിലാണ് ഈ സുപ്രധാന മാധ്യമ കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മറ്റു മലയാള സ്വകാര്യ ചാനലുകള്‍ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വാര്‍ത്തകളും ബോധവല്‍ക്കരണ പരിപാടികളും സ്തുത്യര്‍ഹമായ രീതിയില്‍ സംപ്രേക്ഷണം ചെയ്യുമ്പോഴാണ് അവയെക്കാള്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുമുള്ള സ്ഥാപനം മരവിച്ച മട്ടിലായിരിക്കുന്നത്.


തിരുവനന്തപുരം കേന്ദ്രത്തില്‍ മാത്രം ഇരുന്നൂറോളം ജീവനക്കാരുണ്ട്.  അത്രയും താല്‍ക്കാലിക ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതു കൂടാതെ തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ദൂരദര്‍ശന് ഉപകേന്ദ്രങ്ങളുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥാപനത്തിന്റെ എട്ട് കിലോമീറ്റര്‍ പരിധിയില്‍ താമസിക്കണമെന്ന നിബന്ധനയുണ്ട്. ഇതിനായി അടിസ്ഥാന ശമ്പളത്തിന്റെ ഇരുപത് ശതമാനം താമസ അലവന്‍സും ഇവര്‍ കൈപ്പറ്റുന്നുണ്ട്. ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോഴും സ്ഥാപനത്തിന്റെ നടത്തിപ്പിന് അനുസരണമായ നടപടികളല്ല ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നുണ്ടാവുന്നത്.  

ഭൂരിഭാഗം ജീവനക്കാരും പ്രാദേശിക കേന്ദ്രത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ദൂരദര്‍ശന്‍ കേന്ദ്രം മറ്റു ഭാഷകളുടെ റിലേകേന്ദ്രമാക്കി മാറ്റാനാണ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശം. കൊറോണ രോഗബാധയുടെ കാലത്ത് വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കപ്പെടുമ്പോള്‍ യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കാനുള്ള ദൗത്യമാണ് ദൂരദര്‍ശന്‍ കളഞ്ഞുകുളിക്കുന്നത്.

അഞ്ച് കോടി രൂപ വീതം ചെലവഴിച്ച് 19 ഡിടിടി ട്രാസിസ്റ്ററുകള്‍കള്‍ പ്രസാര്‍ഭാരതി കമ്മീഷന്‍ ചെയ്തിട്ട് ഏതാനും മാസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. ഇതേ ഉത്തരവ് പ്രകാരമാണ് എല്ലാ പ്രാദേശികചാനലുകളും ദൂരദര്‍ശന്റെ ഹിന്ദി, ഇഗ്ലീഷ് ചാനലുകള്‍ റിലേ ചെയ്യുന്നത്. മലയാളം പരിപാടികള്‍ക്ക് പകരം ഡിഡി ഇന്ത്യ ചാനല്‍ ഇംഗ്ലീഷ് പ്രോഗ്രാമാണ് ഡിഡി 4ല്‍ നല്‍കുന്നത്. താല്കാലിക ജീവനക്കാര്‍ അടക്കം നാനൂറോളം ജീവനക്കാരുള്ള തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം പ്രായോഗികമായി 24 ഉച്ചയ്ക്ക് രണ്ടിന് ശേഷം പ്രവര്‍ത്തന രഹിതമാണ്. ഡിഡി ഇന്ത്യയെന്ന ഇംഗ്ലീഷ് ചാനല്‍ റി ടെലിക്കാസ്റ്റ്‌ചെയ്യുക വഴി മനുഷ്യവിഭവശേഷിയുടെയും ഭൗതിക സൗകര്യങ്ങളുടെയും ദുരുപയോഗമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതേ രീതിയില്‍ ദൂരദര്‍ശന്റെ കന്നട, തെലുങ്ക് ,തമിഴ് അടക്കമുള്ള പ്രദേശിക ചാനലുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തലാക്കി.ആകാശവാണി അനന്തപുരി എഫ്എമ്മില്‍ല്‍ മലയാളം പരിപാടികള്‍ ഒഴിവാക്കി മുംബൈയില്‍നിന്നുള്ള വിവിധ ഭാരതി പരിപാടികളാണ് സംപ്രേക്ഷണം ചെയ്യുന്നത്.  ആകാശവാണി 7.25 എഎം ,12.50 പിഎം, 7.25 പിഎം എന്നീ വാര്‍ത്ത ബുള്ളറ്റിനുകള്‍ നിര്‍ത്തലാക്കി.  

ബി.ബി.സി.  എ.ബി.സി. (അമേരിക്ക) എന്‍.എച്ച്.കെ. (ജപ്പാന്‍) സി.ടി.വി. (ചൈന) അടക്കമുള്ള പബ്ലിക്ക് ബ്രോഡ്കാസ്റ്റേഴ്‌സ് കൊറോണ മഹാമാരിയെ നേരിടാന്‍ നേരിട്ട് രംഗത്തിറങ്ങുകയും അവരുടെ സംപ്രേക്ഷണം തുടരുകയും ചെയ്യുന്നുണ്ട്.  സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ പരിപാടികള്‍, മതപരിപാടികള്‍, പാചക പരിപാടികള്‍ അടക്കം വലിയ തോതില്‍ ലോക്ക് ഡൗണില്‍ പെട്ട സാമൂഹിക സാഹചര്യത്തിനനുസരിച്ച് പ്രോഗ്രാം പാറ്റേണ്‍ തന്നെ മാറ്റി. ബി.ബി.സി. കോറോണ വൈറസിനെതിരെയുള്ള പ്രോഗ്രാമിന് വേണ്ടി മാത്രം പുതിയ 450 ജോലിക്കാരെ ഉള്‍പ്പെടുത്തി അവരുടെ സംപ്രേഷണം കുടുതല്‍ ശക്തിപ്പെടുത്തു മ്പോഴാണ് ഐഎഎസ് പാരിറ്റിയില്‍ ശമ്പളം വാങ്ങുന്ന 2500 ഓളം ഉദ്യോഗസ്ഥരും 28000 ത്തോളം സ്ഥിരം ജീവനക്കാരും അത്രയും തന്നെ താല്ക്കാലികജീവനക്കാരും 230 - 250 കോടി രൂപ വാര്‍ഷിക ചെലവാക്കുന്ന പ്രസാര്‍ ഭാരതി ബോര്‍ഡും 2500 കോടി രൂപ സര്‍ക്കാറില്‍ നിന്ന് വര്‍ഷം തോറും കൈപ്പറ്റുന്ന പ്രസാര്‍ ഭാരതിയും അവരുടെ പ്രവര്‍ത്തനം 80 ശതമാനം വെട്ടി ക്കുറച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍മാറുന്നത് ബോധപൂര്‍വ്വമായ അനാസ്ഥയാണ്. കൃത്യവിലോപമാണ്. ഈ സ്തംഭനാവസ്ഥ തുടര്‍ന്നാല്‍ ദൂരദര്‍ശന്റെയും ആകാശവാണിയുടെയും പരമ്പരാഗതമായ പ്രേക്ഷകരേയും ശ്രോതാക്കളെയും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നുള്ള വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.