×
login
കോവിഡ് മൂന്നാം തരംഗം‍: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍, സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ സി കാറ്റഗറിയില്‍ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു. നാല് ജില്ലകളെ കൂടി സി കാറ്റഗറിയല്‍ ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.

ഇതുവരെ തിരുവനന്തപുരം ജില്ലമാത്രമാണ് സംസ്ഥാനത്ത് സി കാറ്റഗറിയില്‍ ഉണ്ടായിരുന്നത്. അത് അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും. സി കാറ്റഗറിയിലുള്ള ജില്ലകളില്‍ ജിം, നീന്തല്‍കുളം, സിനിമ തിയേറ്റര്‍ എന്നിവ അടയ്ക്കണം. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ.  

സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ സി കാറ്റഗറിയില്‍ അനുവദിക്കില്ല.  മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ്  ജില്ലകളെ മൂന്ന് കാറ്റഗറിയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 

കോവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയേറ്റില്‍ ഐഎഎസ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊവിഡ് വാര്‍ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്, ഐസിയു ബെഡ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റര്‍ ചെയ്യും.  


കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരുതല്‍വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടല്‍ വളരെ പ്രധാനമാണ്. കൊവിഡ് ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണം. 

ആശുപത്രികളില്‍ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കൊവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.