×
login
ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്

1897ല്‍ ജനിച്ച വേലായുധപ്പണിക്കര്‍ പഠനത്തിനു ശേഷം ഹോമിയോ ഡോക്ടറായി സേവനമാരംഭിച്ചപ്പോഴാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മധ്യതിരുവിതാംകൂറിലെ അറിയപ്പെടുന്ന സമര ഭടനായി മാറുന്നത്.

രാജീവ് പരമേശ്വരന്‍

മാന്നാര്‍: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം അതിന്റെ ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോള്‍ സൂര്യതേജസോടെ തെളിയുന്ന ഒരു പേരുണ്ട് ഡോ. കെ. വേലായുധപ്പണിക്കര്‍. സമരമുഖത്ത് നിര്‍ഭയനായി പോരാടിയ പടയാളി, മാന്നാര്‍ കുരട്ടിശ്ശേരി കാഞ്ഞിക്കല്‍ വീട്ടില്‍ വേലായുധപ്പണിക്കര്‍ എന്ന കെ.വി. പണിക്കരെ ഈ ആഘോഷവേളയില്‍ ആദരിക്കാതെ പോകുന്നത് ഉചിതമല്ല. 1897ല്‍ ജനിച്ച വേലായുധപ്പണിക്കര്‍ പഠനത്തിനു ശേഷം ഹോമിയോ ഡോക്ടറായി സേവനമാരംഭിച്ചപ്പോഴാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മധ്യതിരുവിതാംകൂറിലെ അറിയപ്പെടുന്ന സമര ഭടനായി മാറുന്നത്.

വൈക്കം സത്യഗ്രഹത്തില്‍ മുന്നണി പോരാളിയായി പൊരുതുമ്പോള്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനേയും ലാത്തിയേയും തൃണവല്‍ഗണിച്ച് അവരോട് ഏറ്റുമുട്ടിയതിന്റെ പ്രതികാരമായി വൈക്കത്തു നിന്ന് തിരുവനന്തപുരം വരെ ഇരുമ്പ് ചങ്ങലയില്‍ ബന്ധിച്ചു 169 കിലോമീറ്ററാണ് പണിക്കരെ നടത്തി കൊണ്ടുപോയത്. ഒരു വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് മോചിതനായ പണിക്കരെ തിരുവനന്തപുരം മുതല്‍ മാന്നാര്‍ വരെ ഘോഷയാത്രയായാണ് വരവേല്‍പ്പ് നല്കി സ്വീകരിച്ചത്. തുടര്‍ന്ന് വിഷവര്‍ശ്ശേരിക്കര ഊരുമഠം മൈതാനത്ത് സംസ്ഥാനതല സ്വീകരണവും പൊതുസമ്മേളനവും നടത്തി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു അന്ന് സമരം.


പണിക്കരുടെ കഴിവും വാക്ധോരണിയും കണ്ടറിഞ്ഞ് പട്ടം താണുപിള്ള, ടി.എം. വര്‍ഗീസ്, ടി.കെ. മാധവന്‍ എന്നിവര്‍ മാന്നാറിലെത്തി. തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ 11 അംഗ ഉന്നത അധികാര സമിതിയില്‍ നിയമിച്ചു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വഴിനടക്കാനും അവരുടെ മക്കള്‍ക്ക് സ്‌കൂളില്‍ പോയി പഠിക്കാനുമുള്ള അവസരങ്ങള്‍ അദ്ദേഹം നേടിക്കൊടുത്തു.  തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തില്‍ ഒരു അവര്‍ണ ബാലനെ തോളിലിരുത്തി അദ്ദേഹം അമ്പലത്തില്‍ കയറി പ്രവേശനാനുമതിക്കായി പോരാടി. പട്ടികജാതി വിഭാഗങ്ങള്‍ക്കായി പൊതുകിണറുകളും സ്‌കൂളുകളും സ്ഥാപിച്ചു. സൗജന്യ ചികിത്സ നടത്തിയും അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. ദളിതര്‍ക്ക് വേണ്ടി മിശ്രവിവാഹം പന്തിഭോജനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നേതൃത്വം നല്കി.

1944ല്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുമ്പോള്‍ രാത്രി ബ്രിട്ടീഷ് പട്ടാളം വളഞ്ഞപ്പോള്‍ രക്ഷപ്പെട്ടോടുന്നതിനിടെ പാമ്പു കടിയേറ്റാണ് കെ.വി. പണിക്കര്‍ മരിക്കുന്നത്. ഭാര്യ വിഷവര്‍ശ്ശേരിക്കര മുന്നേത്തുവിട്ടീല്‍ കുഞ്ഞിക്കുട്ടി അമ്മ. അഞ്ച് മക്കളില്‍ ഒഡിഷയില്‍ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസറായി വിരമിച്ച രവീന്ദ്രനാഥന്‍ നായര്‍ മാത്രമാണിപ്പോള്‍ ജീവിച്ചിരിക്കുന്നത്. നാടിന്റെ ചരിത്രത്തില്‍ ഒരിടത്തും അടയാളപ്പെടുത്തിയിട്ടില്ലങ്കിലും ഡോ. കെ.വി. പണിക്കര്‍ എന്ന പേര് വൈക്കം സത്യഗ്രഹത്തിലെ  ഈ ധീരദേശാഭിമാനി സ്വര്‍ണ പ്രഭ ചൊരിഞ്ഞ് വിരാജിക്കും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.