×
login
ഫ്‌ളാറ്റിലെ മയക്കുമരുന്ന് വേട്ട; നടന്‍ പൃഥ്വിരാജിനെ ചോദ്യം ചെയ്‌തേക്കും; പ്രതി ചേര്‍ക്കില്ല;നുജൂം സലിംകുട്ടി നടന് വാടക നല്‍കിയത് പ്രതിമാസം 85,000 രൂപ

പ്രതിക്ക് സിനിമാ മേഖലയില്‍ വലിയ ബന്ധമുണ്ട്. സിനിമാക്കാര്‍ക്കടക്കം ഇയാള്‍ ലഹരി നല്‍കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ എക്‌സൈസ് പരിശോധിച്ചു വരികയാണ്.

കൊച്ചി: നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫഌറ്റില്‍ നിന്നും ലഹരിവസ്തുക്കള്‍ പിടിച്ച സംഭവത്തില്‍ നടനേയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്‌തേക്കും. മയക്കുമരുന്നുമായി അറസ്റ്റിലായ പ്രതി നുജൂം സലിംകുട്ടിയുമായുള്ള പരിചയവും ഫഌറ്റ് നല്‍കാനുള്ള കാരണവും സംബന്ധിച്ച് ചോദിച്ചറിയുക മാത്രമാകും എക്‌സൈസ് നടത്തുക. മയക്കുമരുന്നുകള്‍ വാടക വീടുകളില്‍ നിന്നോ ഹോട്ടലുകളില്‍ നിന്നോ വാടക ഫ്‌ലാറ്റില്‍ നിന്നോ പിടിച്ചെടുത്താല്‍ ഉടമസ്ഥനെ പ്രതിചേര്‍ക്കാറില്ല. അതുകൊണ്ട് തന്നെ തേവര മാളിയേക്കല്‍ റോഡിലുള്ള  ആഡംബര ഫ്‌ളാറ്റിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പൃഥ്വിരാജിനെ പ്രതിചേര്‍ക്കാനാകില്ലെന്നാണ് എക്‌സൈസും പൊലീസും നല്‍കുന്ന സൂചന. വീട് വാടകയ്ക്ക് കൊടുക്കുന്നതോടെ വാടകക്കാരനാണ് വീടിന്റെ ഉത്തരവാദി. എന്നാല്‍ പ്രതിയുടെ കൂടുതല്‍ വിശദാംശങ്ങളും ലക്ഷ്യവും കൂടുല്‍ മനസിലാക്കാന്‍ വീട്ടുടമയെ ചോദ്യം ചെയ്യാറുണ്ട്. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ അഭിഭാഷകന്‍ മുഖേന കാര്യങ്ങള്‍ അറിയിക്കുക മാത്രമാണ് സാധാരണ വീട്ടുടമകള്‍ ചെയ്യാറുള്ളത്. കൂടാതെ, പ്രതിക്ക് സിനിമാ മേഖലയില്‍ വലിയ ബന്ധമുണ്ട്. സിനിമാക്കാര്‍ക്കടക്കം ഇയാള്‍ ലഹരി നല്‍കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ എക്‌സൈസ് പരിശോധിച്ചു വരികയാണ്.

കൊല്ലം പുനലൂര്‍ വാളക്കോട് പാണങ്ങാട് നസീം വില്ലയില്‍ നുജൂം സലിംകുട്ടി(33)യുടെ പക്കല്‍ നിന്നുമാണ് ഏതാനും ദിവസങ്ങള്‍ മുന്‍പ് എക്‌സൈസ് സംഘം ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. ഇയാള്‍ പഴം, പച്ചക്കറി വ്യവസായം നടത്തുന്നയാള്‍ എന്ന വ്യാജേനയാണ് ഇവിടെ താമസിച്ചു ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. ഫ്‌ളാറ്റിന് 85,000 രൂപ പ്രതിമാസ വാടക ഇനത്തില്‍ നല്‍കിയിരുന്നതായാണ് എക്‌സൈസ് സംഘത്തോട് പ്രതി വെളിപ്പെടുത്തിയത്. റിമാന്‍ഡിലായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരുകയാണ്. തേവര മാളിയേക്കല്‍ റോഡിലുള്ള  ആഡംബര ഫ്‌ളാറ്റില്‍ അര്‍ദ്ധരാത്രിയില്‍ നടത്തിയ റെയ്ഡിലാണ് പ്രതി ലഹരി ഉത്പന്നങ്ങളുമായി പിടിയിലാവുന്നത്.


നാലാം നിലയിലെ 4എ ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എറണാകുളം എക്‌സൈസ് സിഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 6.927 ഗ്രാം കൊക്കെയ്‌നും 47.2 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുകളും 148 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കച്ചവടത്തിന് പുറമേ ഇയാള്‍ ലഹരിമരുന്നിനും അടിമയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ഒരു വര്‍ഷത്തിലധികമായി നുജൂം പൃഥ്വി രാജിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ താമസിച്ചു വരികയായിരുന്നു. റെയ്ഡിനു പിന്നാലെ എക്‌സൈസ് സംഘം നടനുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു ഏജന്‍സി വഴി വാടകയ്ക്ക് നല്‍കിയതാണെന്നും പ്രതിയെ അറിയില്ലെന്നും അറിയിച്ചു. പുനലൂരിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലെ അംഗമാണ് നുജൂം. ഇയാളുടെ സഹോദരന്റെ വിവാഹത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

പാഴ്‌സലില്‍ മയക്കുമരുന്ന് എത്തിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ സ്‌ക്വാഡിന്റെ അന്വേഷണമാണ് കൊച്ചിയിലെ റെയ്ഡിലേക്ക് കാര്യങ്ങളെത്തിച്ചത്. കസ്റ്റംസുമായി ചേര്‍ന്ന് നടത്തിയ പാഴ്‌സല്‍ പരിശോധനയാണ് നിര്‍ണ്ണായകമായത്. തുടരന്വേഷണം എത്തുന്നത് പൃഥ്വിയുടെ ഫ്‌ളാറ്റിലാണെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ ഇടപെടലുകളുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൃഥ്വിരാജിന്റെ ഫഌറ്റിലെ റെയ്ഡ് വീഡിയോയില്‍ പകര്‍ത്തരുതെന്ന് ഈ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചതായാണ് സൂചന.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.