×
login
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണം; ലൈഫ് മിഷന് കത്തയച്ച് എന്‍ഫോഴ്‌സ്‌മെന്റ്

മുഖ്യമന്ത്രിയുടെ വിശ്വസ്തനും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുകയാണ്. അതിനിടയിലാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്

കൊച്ചി : ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ്. കരാറിന്റെ രേഖകകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ലൈഫ് മിഷന് കത്ത് നല്‍കി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

അതേസമയം ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിശ്വസ്തനും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുകയാണ്. അതിനിടയിലാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ അറിഞ്ഞാണെന്നാണ് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.  

സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മില്‍ നടത്തിയതെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ചാറ്റുകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി രവീന്ദ്രന് പരിചയമുണ്ടായിരുന്നോ സര്‍ക്കാര്‍ തലത്തില്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നിവയില്‍ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോള്‍ വിളിപ്പിച്ചിരിക്കുന്നത്.  

ആദ്യ നോട്ടീസില്‍ ഫെബ്രുവരി 27 -ന് ഹാജരാകാനായിരുന്നു നിര്‍ദേശം. നിയമസഭാ സമ്മേളനമാണെന്നും ജോലിത്തിരക്കാണെന്നുമായിരുന്നു രവീന്ദ്രന്റെ മറുപടി. നേരത്തേ സ്വര്‍ണക്കടത്ത് കേസില്‍ മൂന്നുതവണ നോട്ടീസ് അയച്ചപ്പോള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് ഹാജരായത്.


മൂന്ന് കോടി 38 ലക്ഷം രൂപയുടെ കോഴയിടപാടാണ് ലൈഫ് മിഷന്‍ കരാറുകള്‍ക്ക് പിന്നില്‍ നടന്നിട്ടുള്ളത്. ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെ ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ കോടികള്‍ കമ്മിഷന്‍ എന്ന പേരില്‍ നല്‍കിയിട്ടുണ്ടെന്ന് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഇഡിക്കു മുന്നില്‍ വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്.  

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.