×
login
നുണപ്രചാരണങ്ങളും ന്യായികരണങ്ങളും പാളുന്നു; 55 സീറ്റുകളില്‍ ബിജെപിയെ പേടിക്കണമെന്ന് സിപിഎം റിപ്പോര്‍ട്ട്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേമം വിജയം ഒ. രാജഗോപാലിന്റെ വ്യക്തിപരമായ വിജയമായിരുന്നുവെന്ന് ഫലം വന്ന അന്നുമുതല്‍ സിപിഎം നുണ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഫല വിശകലനങ്ങള്‍ക്കു പുറമേ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ചേര്‍ന്നപ്പോള്‍ സിപിഎമ്മിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

കൊച്ചി: സിപിഎമ്മിന് ബിജെപിപ്പേടി കൂടുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 55 സീറ്റുകളില്‍ വരെ ബിജെപി നിര്‍ണായക ശക്തിയാവും എന്ന് പാര്‍ട്ടിക്ക് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നതായി വിവരം. ഈ സാഹചര്യത്തില്‍, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി കുറഞ്ഞത് 40 ശതമാനം സീറ്റുകളില്‍ വിജയിക്കുമെന്ന കണക്കും പാര്‍ട്ടിയെ അസ്വസ്ഥമാക്കുന്നു. ഇതിനെ ചെറുക്കാന്‍ യുഡിഎഫുമായുള്ള നീക്കുപോക്കുകള്‍ക്കുവരെയാണ് ഇപ്പോള്‍ സിപിഎം ശ്രമിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേമം വിജയം ഒ. രാജഗോപാലിന്റെ വ്യക്തിപരമായ വിജയമായിരുന്നുവെന്ന് ഫലം വന്ന അന്നുമുതല്‍ സിപിഎം നുണ പ്രചരിപ്പിച്ചിരുന്നു.  എന്നാല്‍ ഫല വിശകലനങ്ങള്‍ക്കു പുറമേ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ചേര്‍ന്നപ്പോള്‍ സിപിഎമ്മിനെ  അങ്കലാപ്പിലാക്കിയിരിക്കുകയാണ്. മഞ്ചേശ്വരത്തിനും പുറമേ പാലക്കാട്, മലമ്പുഴ, പത്തനംതിട്ട, റാന്നി, ആറന്മുള എന്നിവിടങ്ങളിലും ആലപ്പുഴയിലും ബിജെപിയുടെ നേട്ടം സിപിഎമ്മിന്റെ ആശങ്കകളാണ്. കേരളത്തില്‍ 55 സീറ്റുകളില്‍ ബിജെപി അപകടകാരിയാവാനുള്ള സാധ്യതയും സിപിഎം കാണുന്നു. ശക്തമായ ത്രികോണ മത്സരം ഉണ്ടായാല്‍ അട്ടിമറി വിജയങ്ങള്‍ പോലും സാധ്യമാണ് താനും. 

ഇപ്പോള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു  നടന്നാല്‍ ബിജെപിക്ക് ചില ജില്ലാ പഞ്ചായത്തുകള്‍ പോലും ഭരിക്കാന്‍ കഴിയുമെന്നും സിപിഎം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു തലത്തിലുമായി 40 മുതല്‍ 48 ശതമാനം വരെ ബിജെപി നേടിയേക്കാമെന്നാണ് കണ്ടെത്തല്‍.


അതിനിടെ സിപിഎമ്മിന്റെ സ്വന്തം ശക്തിയിലെ വന്‍ ചോര്‍ച്ച പാര്‍ട്ടിയെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ സര്‍വീസ് സംഘടനകളൊഴികെയുള്ള പോഷക സംഘടനകളിലും പാര്‍ട്ടി അണികളിലും വലിയ ചോര്‍ച്ചയാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. കെഎസ്ഇബി, അധ്യാപക യൂണിയന്‍ എന്നിവയിലൊഴികെ എല്ലാ സര്‍വീസ് സംഘടനയിലെ അംഗങ്ങള്‍ക്കും പാര്‍ട്ടിയോട് അതൃപ്തിയാണ്. വോട്ടില്‍ അതെങ്ങനെ പ്രതിഫലിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ജൂണ്‍ മാസം അവസാനം നടത്തിയ തയാറെടുപ്പിന് ഒടുവില്‍ യാഥാര്‍ഥ്യം അറിഞ്ഞ് പാര്‍ട്ടി നേതൃത്വം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ജില്ലകളില്‍നിന്ന് മറ്റു ജില്ലകളിലേക്ക് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ആളുകളെ നിയോഗിക്കുകയും അവര്‍ക്ക് പ്രാദേശിക സഹായത്തിന് ആളുകളെ കൊടുക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന അതത് പ്രദേശത്തെ ആളുകള്‍ സര്‍ക്കാര്‍- കോളേജ്-സ്‌കൂള്‍ സര്‍വീസില്‍നിന്ന് വിരമിച്ച പാര്‍ട്ടി പ്രവര്‍ത്തകരോ അനുഭാവികളോ ആയിരിക്കും.

ഒരു പ്രധാന കോര്‍പ്പറേഷനില്‍ അത്തരത്തില്‍ 700 പേര്‍ ശരാശരി ഉണ്ടാകുമായിരുന്നവരില്‍ ഇത്തവണ സന്നദ്ധത അറിയിച്ചത് 72 പേര്‍ മാത്രം. കൊറോണപ്പേടികൊണ്ടല്ല, താല്‍പര്യമില്ലാഞ്ഞിട്ടാണെന്ന മറുപടിയും കൂടിയായപ്പോള്‍ സിപിഎം നേതൃത്വം വിയര്‍ത്തിരിക്കുകയാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്ന ആവശ്യം പാര്‍ട്ടി ഉയര്‍ത്തിയത് ഇതിനാലാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.