×
login
കേരളത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ 50 വര്‍ഷത്തിലെ ഏറ്റവും വലിയ വളര്‍ച്ചയെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍

2021ല്‍ ഈ സര്‍ക്കാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ കോവിഡിന്റെ സമയം, ആകെ ഒരു വര്‍ഷത്തെ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. അതില്‍ ഈ കഴിഞ്ഞ മാര്‍ച്ച് ആയപ്പോള്‍ രണ്ടു വര്‍ഷം കൊണ്ട് 26,000 കോടി രൂപയുടെ വര്‍ധനവുണ്ടായി.

തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ചോടെ കേരളത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ 50 വര്‍ഷത്തിലെ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയതായി ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പയ്യന്നൂര്‍ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2021ല്‍ ഈ സര്‍ക്കാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ കോവിഡിന്റെ സമയം, ആകെ ഒരു വര്‍ഷത്തെ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. അതില്‍ ഈ കഴിഞ്ഞ മാര്‍ച്ച് ആയപ്പോള്‍ രണ്ടു വര്‍ഷം കൊണ്ട് 26,000 കോടി രൂപയുടെ വര്‍ധനവുണ്ടായി. മാര്‍ച്ച് മാസം വരുമ്പോള്‍ കേരളം ശ്രീലങ്ക പോലെയാകും, പാകിസ്ഥാന്‍ പോലെയാകും എന്ന് മാധ്യമങ്ങള്‍ എഴുതി. ഉദ്യോഗസ്ഥന്മാര്‍ ആശങ്കപ്പെട്ടു. മാര്‍ച്ച് കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ഇഷ്ടം പോലെ പണം ഉണ്ടല്ലോ, കുറച്ചു കൂടി ഉദാരമായിക്കൂടെ എന്ന് ചോദിക്കുന്നുണ്ട്. പക്ഷെ വളരെ ഉദാരമാകാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടെ ട്രഷറി കെട്ടിടം നിര്‍മിച്ചത്.

ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി. ട്രഷറി ഡയറക്ടര്‍ വി സാജന്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, മുന്‍ എംഎല്‍ എ സി. കൃഷ്ണന്‍, പയ്യന്നൂര്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ മണിയറ ചന്ദ്രന്‍, ജില്ലാ ട്രഷറി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ടി വി തിലകന്‍ , രാഷ്ട്രീയ കക്ഷി നേതാക്കളായ പി. സന്തോഷ് (സി പി ഐ എം), കെ വി ബാബു (സി പി ഐ), വി കെ പി ഇസ്മയില്‍ (ഐ യു എം എല്‍), ബാലകൃഷ്ണന്‍ പനക്കീല്‍ (ബി ജെ പി), പി യു രമേശന്‍ (എന്‍ സി പി), പി വി ദാസന്‍ (എല്‍ ജെ ഡി), കെ ഹരിഹര കുമാര്‍ (ജനതാദള്‍), പി ജയന്‍ (കോണ്‍ഗ്രസ് എസ്), ഇക്ബാല്‍ പോപ്പുലര്‍ (ഐ.എന്‍.എല്‍), കെ കരുണാകരന്‍ മാസ്റ്റര്‍ (കെ എസ് എസ്പിയു), മോഹനന്‍ പുറച്ചേരി (കെ എസ് എസ് പി എ)എന്നിവര്‍ സംസാരിച്ചു. ട്രഷറി ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എ സലീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.