×
login
സാമ്പത്തിക തകര്‍ച്ച: ശ്രീലങ്കയുടേയും പാക്കിസ്ഥാന്റെയും പാതയിലാണ് പിണറായി കേരളത്തെയും കൊണ്ടുപോകുന്നത്; സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്ന് കെ.സുരേന്ദ്രന്‍

ശ്രീലങ്കയുടേയും പാക്കിസ്ഥാന്റെയും പാതയിലാണ് പിണറായി സര്‍ക്കാര്‍ കേരളത്തെയും കൊണ്ടുപോകുന്നത്. ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങള്‍ കൊടുക്കുന്ന സര്‍ക്കാര്‍ അടുത്ത മാസം ഒന്നാം തിയ്യതി വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങളുടെ നടുവൊടിക്കാനാണ് ശ്രമിക്കുന്നത്.

കൊച്ചി: സംസ്ഥാനം സാമ്പത്തികമായി തകര്‍ന്ന സാഹചര്യത്തില്‍ ധവളപത്രമിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനജീവിതം ദുസഹമാവുമ്പോഴും സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുകയാണ്. ശ്രീലങ്കയുടേയും പാക്കിസ്ഥാന്റെയും പാതയിലാണ് പിണറായി സര്‍ക്കാര്‍ കേരളത്തെയും കൊണ്ടുപോകുന്നത്. ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങള്‍ കൊടുക്കുന്ന സര്‍ക്കാര്‍ അടുത്ത മാസം ഒന്നാം തിയ്യതി വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങളുടെ നടുവൊടിക്കാനാണ് ശ്രമിക്കുന്നത്.

സ്വജനപക്ഷപാതവും അഴിമതിയുമാണ് ഈ സര്‍ക്കാരിന്റെ കൈമുതല്‍. കേരളത്തെ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണമായ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. ലോട്ടറിയും മദ്യവുമല്ലാതെ സംസ്ഥാനത്തിന് മറ്റു വരുമാന മാര്‍ഗമില്ല. കേരളത്തിന്റെ താത്പര്യമല്ല മറിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനാണ് പിണറായി വിജയന്‍ കെവി തോമസിനെ ഡല്‍ഹിയില്‍ നിയമിക്കുന്നത്. പൊതുകടം നാല് ലക്ഷം കോടിയിലേക്ക് കുതിക്കുമ്പോള്‍ അനാവശ്യമായ ധൂര്‍ത്തിലൂടെ തലമറന്ന് എണ്ണതേക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.


വന്‍കിട കുത്തകക്കാരുടെ നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിയുകയാണ് പിണറായി സര്‍ക്കാരിന്റെ ഹോബിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ക്കും വൈദ്യുതിക്കും വെള്ളത്തിനും വില കൂട്ടി പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന സര്‍ക്കാര്‍ സാമ്പത്തിക ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ഒരു ഭാഗത്ത് നികുതിവെട്ടിപ്പുകള്‍ കേരളത്തില്‍ പതിവായിരിക്കുകയാണ്. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടല്‍ നടത്തുന്നില്ല. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ ഇടപെടുന്നില്ല.

കേരളീയര്‍ പട്ടിണിയിലാവാത്തത് മോദി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. ഏറ്റവും കൂടുതല്‍ കേന്ദ്ര വിഹിതം കേരളത്തിന് ലഭിച്ചത് ഈ കാലഘട്ടത്തിലാണ്. റവന്യൂ ഡെഫിസിറ്റി ഗ്രാന്‍ഡ് ഏറ്റവും കൂടുതല്‍ കേരളത്തിന് ലഭിച്ചതും മോദി സര്‍ക്കാരിന്റെ കാലത്താണ്. 69,000 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്രം പ്രതിപക്ഷ സര്‍ക്കാരുകളോട് കാണിക്കുന്ന സമീപനമല്ല ബിജെപിക്കുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.