×
login
വാമനമൂര്‍ത്തിക്ഷേത്രം തൃക്കാക്കര മണ്ഡലത്തില്‍ ചേര്‍ക്കണം; രാഷ്ട്രീയ ഇടപെടല്‍ മൂലം പ്രദേശം മണ്ഡലത്തില്‍ നിന്ന് മാറ്റപ്പെട്ടെന്നും കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രി പറയുന്ന കേരളമല്ല യഥാര്‍ത്ഥ കേരളം. 3.2 ലക്ഷം പൊതുകടമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാത്ത സംസ്ഥാനമാണ് നമ്മുടേത്.

കൊച്ചി: തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം തൃക്കാക്കര മണ്ഡലത്തില്‍ ചേര്‍ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊച്ചി പാലാരിവട്ടം വൈഎംസിഎ ഹാളില്‍ നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഓണമാണ് കേരളത്തെ ഒന്നിപ്പിക്കുന്നത്. തൃക്കാക്ക വാമനമൂര്‍ത്തിയുടെ ആഘോഷമാണ് തിരുവോണം. എന്നാല്‍ ചില രാഷ്ട്രീയ ഇടപെടല്‍ മൂലം ക്ഷേത്രം നില്‍ക്കുന്ന പ്രദേശം തൃക്കാക്കരയില്‍ നിന്നും മാറ്റപ്പെട്ടു. ഭഗവാന്റെ തൃക്കാല്‍ പതിഞ്ഞ സ്ഥലമാണ് തൃക്കാക്കര. സ്ഥലനാമങ്ങള്‍ക്കും നമ്മുടെ സംസ്‌ക്കാരത്തിനും ഒരു വിലയും കൊടുക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പഴയ പ്രൗഡമായ കേരളം വീണ്ടെടുക്കാനാണ് ബിജെപി പോരാടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

മുഖ്യമന്ത്രി പറയുന്ന കേരളമല്ല യഥാര്‍ത്ഥ കേരളം. 3.2 ലക്ഷം പൊതുകടമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാത്ത സംസ്ഥാനമാണ് നമ്മുടേത്.

കൊവിഡ് കാലത്ത് 28,000 കോടി രൂപ സംസ്ഥാനം കടം വാങ്ങിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തതയില്ല. ഒരു രൂപ പോലും ജനങ്ങള്‍ക്ക് വേണ്ടി സംസ്ഥാനം ചിലവഴിച്ചിട്ടില്ല. കൊവിഡ് പ്രതിരോധത്തിന് വേണ്ടി കേന്ദ്രം നല്‍കിയ തുക മാത്രമാണ് ഉപയോഗിച്ചത്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കടം വാങ്ങുന്നതിന് പരിധിവെച്ചാല്‍ ശമ്പളവും പെന്‍ഷനും കൊടുക്കാനാവാത്ത സംസ്ഥാനമായി കേരളം മാറുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഏത് വികസന മാതൃകയെ കുറിച്ചാണ് പിണറായി പറയുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി എന്ത് വികസനമാണ് ഇടതുസര്‍ക്കാര്‍ നടപ്പിലാക്കിയത്?   കൊച്ചി മെട്രോയ്ക്ക് പണം അനുവദിച്ചത് കേന്ദ്രസര്‍ക്കാരാണ്. അമൃത് പദ്ധതിക്ക് പണം അനുവദിച്ചത് കേന്ദ്രമാണ്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ തുടങ്ങിയ സ്മാര്‍ട്ട്‌സിറ്റി എവിടെയെത്തി? എറണാകുളത്ത് ഉണ്ടായ വികസനം എല്ലാം മോദി സര്‍ക്കാര്‍ നല്‍കിയതാണ്. തൃക്കാക്കരയില്‍ വീടില്ലാത്ത ആയിരങ്ങളുണ്ട്. വോട്ട്ബാങ്ക് അല്ലാത്തതിനാല്‍ സര്‍ക്കാര്‍ അവരെ അവഗണിക്കുകയാണ്.

കാക്കനാട് ഡെങ്കിപനി പടര്‍ന്ന് പിടിക്കുകയാണ്. ഇതാണോ കേരളത്തിന്റെ ആരോഗ്യ മാതൃക? ബ്രഹ്മപുരത്തെ മാലിന്യപ്രശ്‌നം തീര്‍ക്കാന്‍ പോലും അധികൃതര്‍ക്ക് സാധിക്കുന്നില്ല. വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ പോയതിന്റെ പണം ഖജനാവില്‍ നിന്നും പോയെന്ന് മാത്രം.

പിണറായി ഭരണത്തിലാണ് ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലായതെന്ന് ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു. പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിന് മാത്രമാണ് ഈ സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. െ്രെകസ്തവര്‍ ന്യൂനപക്ഷമല്ലേ?


പാലാബിഷപ്പ് സമുദായത്തിന്റെ ആശങ്ക പറഞ്ഞപ്പോള്‍, ജോര്‍ജ് എം തോമസ് സത്യം പറഞ്ഞപ്പോള്‍ അവരെ ഒറ്റപ്പെടുത്തിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരുമാണ്.

ഒരു മതപണ്ഡിതന്‍ പരസ്യമായി പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അപമാനിച്ചിട്ടും മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതികരിച്ചില്ല. അവരാണ് പിസി ജോര്‍ജിനെതിരെ കേസെടുക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോഴിക്കോട് നഗരത്തില്‍ ഭീകരവാദ പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകള്‍ പിടിച്ചെടുത്തു. നഗരങ്ങളില്‍ പോലും ഭീകരവാദ പരിശീലനം ആരംഭിച്ചു കഴിഞ്ഞുവെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

പാലക്കാട് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിക്കാന്‍ ലിസ്റ്റ് ഉണ്ടാക്കിയത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. പിണറായി ഭരണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ഭീകരവാദികള്‍ ഉപയോഗിക്കുകയാണ്.തൃക്കാക്കര തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരേ ഒരു പൊതുപ്രവര്‍ത്തകനായ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ മാത്രമാണ്. മെയ് 31 ന് ശേഷവും രാധാകൃഷ്ണന്‍ എറണാകുളത്ത് ഉണ്ടാവും. കാലാകാലങ്ങളായി ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയവര്‍ ഇപ്പോള്‍ അവരുടെ സ്ഥാനാര്‍ത്ഥികള്‍ എവിടെയെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

കേരള പ്രഭാരി സിപി രാധാകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. സിപിഎം പാര്‍ട്ടിയിലെ െ്രെകസ്തവ നേതാക്കളെ ഒഴിവാക്കി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഇഷ്ടക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഏകാധിപത്യ രാഷ്ട്രീയം കളിക്കുകയാണ്. അക്രമ രാഷ്ട്രീയമല്ലാതെ മറ്റൊന്നും സിപിഎമ്മിന് ഉയര്‍ത്തി കാണിക്കാനില്ലെന്നും സിപി രാധാകൃഷ്ണന്‍ പറഞ്ഞു.  

ചടങ്ങില്‍ തൃക്കാക്കര മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന് സ്വീകരണം നല്‍കി.മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരായ ഒ.രാജഗോപാല്‍, പികെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, എംടി രമേശ്, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, എറണാകുളം ജില്ലാ പ്രഭാരിയും സംസ്ഥാന സെക്രട്ടറിയുമായ എസ്.സുരേഷ് എന്നിവര്‍ സംസാരിച്ചു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.