×
login
സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധ ഗുരുതര വീഴ്ച; രണ്ട് കുട്ടികളില്‍ നോറോ വൈറസ്; സംയുക്ത പരിശോധന നടത്തും

കൂടാതെ സ്‌കൂളുകളില്‍ ശുചീകരണം കൃത്യമായി നടന്നിട്ടില്ലെന്നും ഗുരുതര വീഴ്ചയുണ്ടായി എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം: സ്‌കൂളുകളിലേക്ക് നല്‍കിയ ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യയോഗ്യമായവ അല്ലെന്ന് സംശയം. കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ എല്‍എംഎല്‍പി സ്‌കൂളിലെ രണ്ട് കുട്ടികളില്‍ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തി. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് വൈറസ് പടരുന്നത്. വെങ്ങാനൂരിലെ ഉച്ചക്കടയിലും കായംകുളത്തും കൊട്ടാരക്കരയിലെ അങ്കണവാടിയിലും കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ ഉണ്ടായി. അവിടങ്ങളിലെ ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. വിഴിഞ്ഞത്തും ഭക്ഷ്യവസ്തുക്കളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഈ മേഖലകളിലെ നാല്‍പ്പത്തിരണ്ടു കുട്ടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രികളില്‍ ചികിത്സ തേടി.  

വിഴിഞ്ഞത്ത് സ്‌കൂളില്‍ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടികളുടെ മലം സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ചിരുന്നു. ഇതില്‍ രണ്ട് പേരിലാണ് നോറോ വൈറസ് കണ്ടെത്തിയത്. അതേസമയം വിഴിഞ്ഞത്ത് ഇന്നലെ അഞ്ചു കുട്ടികള്‍ കൂടി ചികിത്സ തേടി. കൊട്ടാരക്കരയിലെ അങ്കണവാടിയില്‍ പുഴുവും ചെള്ളും നിറഞ്ഞ 35 കിലോ അരി കണ്ടെത്തിയിരുന്നു. മാര്‍ച്ചില്‍ എത്തിയ ലോഡാണിതെന്നാണ് വിവരം.  ശുചിത്വമില്ലാത്ത ഭക്ഷണം, വെള്ളം, ശുചിത്വമില്ലാത്ത സാഹചര്യം എന്നിവയിലൂടെയാണ് നോറോ വൈറസ് പടരുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് കിണറുകളും സ്‌കൂള്‍ പരിസരവും ശുചീകരിക്കണമെന്ന് വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ, ആരോഗ്യവകുപ്പുകള്‍ നിര്‍ദേശിച്ചിരുന്നു. അതിനാല്‍ തന്നെ കുടിവെള്ളം, വൃത്തിഹീനമായ സാഹചര്യം എന്നിവയിലൂടെ രോഗം വരാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഇതോടെ സ്‌കൂളുകളിലേക്ക് നല്‍കിയ ഭക്ഷ്യവസ്തുക്കളാണ് രോഗത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

കൂടാതെ സ്‌കൂളുകളില്‍ ശുചീകരണം കൃത്യമായി നടന്നിട്ടില്ലെന്നും ഗുരുതര വീഴ്ചയുണ്ടായി എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളുകള്‍ ശുചീകരിക്കാനും കിണറുകള്‍ വൃത്തിയാക്കി കുടിവെള്ളം പരിശോധിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. ഇത് പലയിടത്തും നടപ്പിലാക്കിയിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവ നടപ്പിലാക്കിയോ എന്ന പരിശോധനയും നടന്നിട്ടില്ല.  


സംഭവം ഗുരുതരമായതോടെ ഇന്നലെ വൈകിട്ട് വിദ്യാഭ്യാസ മന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രിയും യോഗം ചേര്‍ന്നു. സ്‌കൂളുകളിലേക്ക് അരി കൊടുക്കുന്നതിന് മുന്‍പായി പരിശോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറയുന്നത്. കൂടാതെ എല്ലാ വെള്ളിയാഴ്ചയും സ്‌കൂളുകളില്‍ ഡ്രൈ ഡേ ആചരിക്കാനും ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വെള്ളം പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

 

അതേസമയം, സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ആരോഗ്യം, സിവില്‍ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് സംയുക്ത പരിശോധന നടത്തും. ഭക്ഷണ സാധനങ്ങള്‍, പാചകത്തിനുപയോഗിക്കുന്ന വെള്ളം, പാചകപ്പുര എന്നിവയെല്ലാം കമ്മിറ്റി പരിശോധിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യമന്ത്രി അഡ്വ. ജി.ആര്‍. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.   കോഴിക്കോട് ജില്ലയിലെ സ്‌കൂളില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രിയും തിരുവനന്തപുരത്തെ സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രിയും ഇന്ന് പങ്കെടുക്കും.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.