×
login
കേരളം ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: രവി പിള്ള

ടൂറിസത്തിന്‍റെയും ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്‍റിന്‍റെയും സാധ്യതകള്‍ കേരളം കൂടുതല്‍ പ്രയോജപ്പെടുത്തണമെന്ന് പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. രവിപിള്ള.

ലീല റാവിസ് കോവളത്തിന്റെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ വിവരങ്ങള്‍ ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള വിശദീകരിക്കുന്നു. ലീല റാവിസ് കോവളം, ലീല റാവിസ് അഷ്ടമുടി ഹോട്ടലുകളുടെ ക്ലസ്റ്റര്‍ ജനറല്‍ മാനേജര്‍ ബിസ്വജിത് ചക്രബര്‍ത്തി, ലീല റാവിസ് ഹോട്ടല്‍ മുന്‍ ജനറല്‍ മാനേജരും സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ രക്ഷാധികാരിയുമായ ദിലീപ് കുമാര്‍ സമീപം

തിരുവനന്തപുരം: ടൂറിസത്തിന്‍റെയും ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്‍റിന്‍റെയും സാധ്യതകള്‍ കേരളം കൂടുതല്‍ പ്രയോജപ്പെടുത്തണമെന്ന് പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. രവിപിള്ള. കോവളത്തെ ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കു വഹിച്ച ആദ്യ സമുദ്രതീര പഞ്ചനക്ഷത്ര ഹോട്ടലായ കോവളത്തെ ലീലാ റാവിസ് ഹോട്ടലിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു  അദ്ദേഹം.  

2023ല്‍ സന്ദര്‍ശിക്കേണ്ട 50 സ്ഥലങ്ങളില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ കേരളവും ഇടം പിടിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകള്‍ പതിന്‍മടങ്ങ് വര്‍ധിപ്പിച്ചതായും അദ്ദേഹം ചൂണ്ടികാട്ടി. സംസ്ഥാനത്തും രാജ്യത്തും ഇന്ന് ഏറ്റവും അധികം തൊഴില്‍ നല്‍കുന്ന മേഖലയായി ടൂറിസവും ഹോസ്പിറ്റാലിറ്റി ഗ്രൂപ്പും മാറി കഴിഞ്ഞു. ഇത് പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ സംസ്ഥാനം ആവിഷ്‌കരിക്കണം.  


സംസ്ഥാനത്തേക്ക് എത്തിപ്പെടാന്‍ വ്യോമ റെയില്‍ കണക്ടിവിറ്റിയും സംസ്ഥാനത്തെത്തിയാല്‍ സഞ്ചരിക്കാന്‍ മികച്ച റോഡുകളുമുണ്ടെങ്കില്‍ ആഭ്യന്തര വിദേശ ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് ഒഴുകും. റോഡ് വികസനം അതിവേഗം പുരോഗമിക്കുകയാണ്.  പരിസര ശുചിത്വത്തിലും  മാലിന്യ സംസ്‌കരണത്തിലും ശ്രദ്ധ വേണം. വഴിയോരങ്ങളില്‍ വൃത്തിയുള്ള ടോയ്‌ലെറ്റുകളും കഫേഷോപ്പുകളും ഒരുക്കണം. ഇക്കാര്യങ്ങള്‍ക്കായി ഭരണകൂടവും ജനങ്ങളും കൈകോര്‍ക്കണം. ഹോസ്പിറ്റാലിറ്റി രംഗത്ത് മികവുള്ള ജീവനക്കാരെ വാര്‍ത്തെടുക്കുന്നതിനായി ആര്‍പി ഗ്രൂപ്പ് അക്കാദമി  ആരംഭിക്കും. കേരളത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.

ലീല റാവിസ് കോവളത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ഒരു കോടി രൂപയുടെ ഉപരിപഠന സ്‌കോളര്‍ഷിപ്പ് നല്‍കും. കോവളത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാകും പ്രഥമ പരിഗണന. 1000 വിദ്യാര്‍ഥികള്‍ക്ക് 10000 രൂപ വീതമാണ് സ്‌കോളര്‍ഷിപ്പ്. ഇതില്‍ 70 ശതമാനം പെണ്‍കുട്ടികള്‍ക്കായിരിക്കും. കൊവിഡിനു ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്ന കേരളത്തിന്റെ ടൂറിസം വ്യവസായത്തിന് പുതിയ മാനം നല്‍കുന്ന പദ്ധതികള്‍ കോവളത്ത് നടപ്പിലാക്കും. അന്തര്‍ദേശീയ ദേശീയ പ്രാദേശിക തലത്തില്‍ കോവളത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന വിധത്തിലാകും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍.  

ലീല റാവിസ് കോവളം, ലീല റാവിസ് അഷ്ടമുടി ഹോട്ടലുകളുടെ ക്ളസ്റ്റര്‍ ജനറല്‍ മാനേജര്‍ ബിസ്വജിത് ചക്രബര്‍ത്തി, ലീലാ റാവിസ് ഹോട്ടല്‍ മുന്‍ ജനറല്‍ മാനേജരും സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ രക്ഷാധികാരിയുമായ ദിലീപ് കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.