×
login
കൊച്ചി കുറ്റകൃത്യങ്ങളുടെ നഗരം; നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ‍യുടെ കണക്കില്‍ മൂന്നാം സ്ഥാനം കൊച്ചിക്ക്; ദല്‍ഹിയും സൂറത്തും ഒന്നും രണ്ടും സ്ഥാനത്ത്

രാജ്യത്ത് കുറ്റകൃത്യങ്ങളുടെ കണക്കില്‍ ദല്‍ഹിക്കും സൂറത്തിനും പിന്നില്‍ മൂന്നാം സ്ഥാനം അറബിക്കടലിന്റെ റാണിക്കാണെന്ന് എന്‍സിആര്‍ബി ചൂണ്ടിക്കാട്ടുന്നു. വന്‍നഗരങ്ങളായ അഹമ്മദാബാദും ചെന്നൈയും നാലും അഞ്ചും സ്ഥാനങ്ങളിലാണെന്നത് കൊച്ചിയുടെ ക്രമസമാധാനനില എത്ര മാത്രം വഷളാണെന്നു വ്യക്തമാക്കുന്നു.

കൊച്ചി: കൊച്ചിയിലെ കുടിപ്പകയുടെ കഥ പറയുന്ന, 2007ല്‍  ഇറങ്ങിയ മമ്മൂട്ടി സിനിമ ബിഗ്ബിയിലെ നായക കഥാപാത്രം പറയുന്ന 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന ഡയലോഗ് ശരിവയ്ക്കുന്ന വാര്‍ത്തയാണ് നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് കുറ്റകൃത്യങ്ങളുടെ കണക്കില്‍ ദല്‍ഹിക്കും സൂറത്തിനും പിന്നില്‍ മൂന്നാം സ്ഥാനം അറബിക്കടലിന്റെ റാണിക്കാണെന്ന് എന്‍സിആര്‍ബി ചൂണ്ടിക്കാട്ടുന്നു. വന്‍നഗരങ്ങളായ അഹമ്മദാബാദും ചെന്നൈയും നാലും അഞ്ചും സ്ഥാനങ്ങളിലാണെന്നത് കൊച്ചിയുടെ ക്രമസമാധാനനില എത്ര മാത്രം വഷളാണെന്നു വ്യക്തമാക്കുന്നു.

സമീപകാലത്ത് കൊച്ചിയില്‍നിന്നു പുറത്തു വരുന്ന കുറ്റകൃത്യ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് നഗരം പഴയതല്ലെന്നുതന്നെയാണ്. നഗരത്തില്‍ ജീവിക്കുന്നതുതന്നെ പേടി സ്വപ്‌നമാകുന്ന കാലമാണ്. ഒരു മാസത്തിനിടെ ആറു കൊലപാതകങ്ങളാണ് നഗരത്തിലുണ്ടായത്. പിടിച്ചെടുത്ത ലഹരി മരുന്നുകള്‍ കോടികളുടേതാണ്. ടെക്കികളും യുവതികളും കോളജ് വിദ്യാര്‍ഥികളുമെല്ലാം ലഹരി വ്യാപാരത്തിന്റെ കണ്ണികളാകുന്നുവെന്നത് നടുക്കത്തോടെ തിരിച്ചറിയുകയാണു നഗരം ഓരോ ദിനവും. കഞ്ചാവു വില്പനയെ സംബന്ധിച്ചു പരാതിപ്പെട്ട ഭരണകക്ഷി യുവജന സംഘടനാ നേതാവിനെ കൊലപ്പെടുത്തിയ സംഭവവുമുണ്ടായിട്ടുണ്ട്.


രാജ്യത്ത് ഏറ്റവും നല്ല ക്രമസമാധാനപാലനമുള്ള സംസ്ഥാനമാണ് കേരളമെന്നായിരുന്നു ഇടതുമുന്നണി ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. ഇതിന് അടിവരയിടാന്‍ അവര്‍ എടുത്തുകാട്ടിയത് തുടര്‍ച്ചയായി മൂന്നു തവണ മികച്ച ക്രമസമാധാനപാലനത്തിനുള്ള അവാര്‍ഡ് കേരളത്തിനു കിട്ടിയതാണ്. എന്നാല്‍ ഇതെല്ലാം പൊളിച്ചെഴുതുന്നതാണ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിദേശത്തുനിന്നുവരെ കൊച്ചിയിലേക്കു വ്യവസായം ആകര്‍ഷിക്കാനുള്ള സംസ്ഥാന നീക്കത്തിനും ഈ റിപ്പോര്‍ട്ട് വന്‍ തിരിച്ചടിയാകും.

ഐപിസിക്കു പുറമേ പ്രത്യേക, പ്രാദേശിക നിയമങ്ങളനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ആകെ കുറ്റകൃത്യങ്ങള്‍ കണക്കാക്കിയത്. കൊച്ചിയില്‍ മാത്രമല്ല, സംസ്ഥാനത്താകെ കുറ്റകൃത്യനിരക്കു കൂടുതലാണ്. കേരളത്തിലെ കുറ്റകൃത്യ നിരക്ക് 10 ലക്ഷത്തില്‍ 424.1 ആണ്. ഇതു ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  കൊച്ചിയിലാകട്ടെ കുറ്റകൃത്യനിരക്ക് 1879.8 ആണ്. അതായത് സംസ്ഥാന ശരാശരിയുടെ നാലിരട്ടിയിലധികം! 2021ല്‍ കൊച്ചിയില്‍ 33,967 കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

കൊച്ചിയില്‍ ഓരോ വര്‍ഷവും കുറ്റകൃത്യങ്ങളില്‍പ്പെടുന്നവര്‍ വര്‍ധിക്കുന്നതായും കുറ്റകൃത്യങ്ങള്‍ കൂടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലഹരി വില്പന, സ്ത്രീപീഡനം, ബലാത്സംഗം, കൊലപാതകം, മോഷണം, പിടിച്ചുപറിക്കല്‍, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് കൂടിയത്. മിക്ക മഹാനഗരങ്ങളിലെയും കുറ്റകൃത്യനിരക്കു കുറഞ്ഞപ്പോഴാണ് കൊച്ചിയില്‍ നിരക്കു കുത്തനെ കൂടിയതെന്ന പ്രത്യേകതയുണ്ട്. രാജ്യത്തെ മുന്‍നിര നഗരങ്ങളില്‍ ഏറ്റവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരം കൊല്‍ക്കത്തയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.