×
login
കാലവര്‍ഷം ദുര്‍ബലം; മഴയില്‍ 59% കുറവ്, ചരിത്രത്തിലെഏറ്റവും കൂടുതല്‍ മഴ കുറഞ്ഞ ജൂണായി 2022ലേത് മാറിയേക്കുമെന്നു കാലാവസ്ഥ വിദഗ്ധര്‍

കാലം തെറ്റുന്ന ഇത്തരം പ്രതിഭാസങ്ങള്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. മലബാര്‍ മേഖല, ഹൈറേഞ്ച്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്

ഇടുക്കി: പതിവിലും നേരത്തെയെത്തിയ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം മൂന്നാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മഴയില്‍ 59 ശതമാനം കുറവ്. ഐഎംഡിയുടെ കണക്ക് പ്രകാരം സംസ്ഥാനത്താകെ ശരാശരി 49 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 20.07 സെ.മീ.  

പാലക്കാടും ഇടുക്കിയിലുമാണ് ഏറ്റവും കുറവ്, യഥാക്രമം 72, 70 ശതമാനം വീതം. തൃശൂര്‍(43), കോട്ടയം(45) ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ കുറവുണ്ട്.  

കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടുന്ന മാസങ്ങളിലൊന്നാണ് ജൂണെങ്കിലും 2018 മുതല്‍ ഇതിന് കാര്യമായ മാറ്റം വന്നിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞ ജൂണായി 2022ലേത് മാറിയേക്കുമെന്നു കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.  

ഏതാനും വര്‍ഷങ്ങളായി വേനല്‍ മഴ കൂടുന്നതായാണ് കാണുന്നത്. പിന്നീട് ജൂണില്‍ മഴ ഗണ്യമായി കുറയുന്നു. കഴിഞ്ഞ തവണ 39 ശതമാനം മഴ കുറഞ്ഞിരുന്നു. ഏതാനും ദിവസങ്ങളിലായി മൂന്നു തവണ മാത്രമാണ് 2021 ജൂണില്‍ മഴ ശക്തമായത്. എന്നാല്‍ ഇത്തവണ കാലവര്‍ഷം മെയ് 29ന് എത്തിയെങ്കിലും ഒരു ദിവസം പോലും സംസ്ഥാനത്ത് എല്ലായിടത്തും കാലവര്‍ഷം ശക്തമായിട്ടില്ല. പലപ്പോഴും ഇടവിട്ട് ഏതാനും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന മഴയാണ് ലഭിച്ചത്. ജൂണില്‍ 68 സെ.മീ. മഴയാണ് ലഭിക്കേണ്ട സ്ഥാനത്താണ് ഇത്തരത്തില്‍ വന്‍തോതില്‍ കുറവുണ്ടായത്.

കാലം തെറ്റുന്ന ഇത്തരം പ്രതിഭാസങ്ങള്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. മലബാര്‍ മേഖല, ഹൈറേഞ്ച്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ചെറുകിട അണക്കെട്ടുകളിലെല്ലാം ജലശേഖരം കുറഞ്ഞ് വരികയാണ്.  


രാജ്യത്ത് കാലവര്‍ഷം ശക്തമാകാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയില്‍ പലതും അനുകൂലമല്ലാത്തതാണ് മഴ കുറയാന്‍ മുഖ്യ കാരണം. ഇതോടെ മണ്‍സൂണ്‍ ശക്തിപ്രാപിക്കാന്‍ നിര്‍ണ്ണായകമായ അന്തരീക്ഷച്ചുഴികളും ന്യൂനമര്‍ദ പാത്തിയും ന്യൂനമര്‍ദവും ഇല്ലാതായി. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലും കേന്ദ്രീകരിച്ച് ഉണ്ടാകുന്ന ഈ പ്രതിഭാസമാണ് പലപ്പോഴും മഴക്ക് കാരണമായിരുന്നത്.  

ലോകത്തുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും കാലവര്‍ഷത്തെ സാരമായി ബാധിക്കുന്നതായി കാലാവസ്ഥാ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി പുതിയ തരത്തിലുള്ള മഴപ്പെയ്ത്തുകളാണ് ഇപ്പോള്‍ കാണുന്നത്. മുന്‍കാലങ്ങളിലേതു പോലുള്ള മണ്‍സൂണ്‍ വരുംനാളുകളില്‍ വിഭാവന ചെയ്യാനാകില്ലെന്നും കാലവര്‍ഷത്തിന്റെ സൗന്ദര്യം നഷ്ടപ്പെട്ടതായും അദ്ദേഹം.  

ജൂണില്‍ കുറയുമ്പോള്‍ ഏതാനും വര്‍ഷങ്ങളായി ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കനത്ത മഴ ലഭിക്കുന്നതായാണ് കാണുന്നത്. ഇത്തവണ മഴയുടെ സ്വഭാവം ഏത് തരത്തിലാണെന്നത് സംബന്ധിച്ച് ഇതിനോട് അടുത്ത സമയങ്ങളില്‍ മാത്രമേ കൃത്യമായി പ്രവചിക്കാനാവൂ. മഴ കുറഞ്ഞാലും കൂടിയാലും കേരളത്തെ കാത്തിരിക്കുന്നത് കടുത്ത പ്രശ്നങ്ങളായിരിക്കുമെന്ന സൂചനകൂടിയാണ് ജൂണിലെ റെക്കോര്‍ഡ് മഴക്കുറവ്.

 

 

    comment

    LATEST NEWS


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി


    മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല


    മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.