×
login
പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം‍ പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ജാതിമത ഭേദമെന്യെ ഏവര്‍ക്കും സംസ്‌കൃത പഠനം പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1899ല്‍ സംസ്‌കൃത പണ്ഡിതനായ പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ ഗുരുകുല സമ്പ്രദായത്തില്‍ സ്ഥാപിച്ച സാരസ്വതോദ്യോതിനി എന്ന വിദ്യാലയം പില്‍ക്കാലത്ത് കേരള സര്‍ക്കാര്‍ ഓറിയന്റല്‍ വിദ്യാലയമായി അംഗീകരിക്കുകയായിരുന്നു.

തൃശ്ശൂര്‍: പ്രാചീന സംസ്‌കൃത ഗ്രാമമായ പെരുമുടിയൂരില്‍ നിന്ന് ഭാഷാ മാതാവിനെ ഉന്മൂലനം ചെയ്യാന്‍ ഗൂഢനീക്കം. അതിന്റെ ആദ്യപടിയായി പട്ടാമ്പിക്കടുത്ത വിഖ്യാത സംസ്‌കൃത വിദ്യാലയമായ പെരുമുടിയൂര്‍ ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് സംസ്‌കൃതം ഒഴിവാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മലയാളം രണ്ടാം ഭാഷയാക്കി സ്‌കൂളിന്റെ ഓറിയന്റല്‍ (പൗരസ്ത്യഭാഷാ പഠനം) പദവി ഇല്ലാതാക്കാനാണ് നീക്കം.

ജാതിമത ഭേദമെന്യെ ഏവര്‍ക്കും സംസ്‌കൃത പഠനം പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1899ല്‍ സംസ്‌കൃത പണ്ഡിതനായ പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ ഗുരുകുല സമ്പ്രദായത്തില്‍ സ്ഥാപിച്ച സാരസ്വതോദ്യോതിനി എന്ന വിദ്യാലയം പില്‍ക്കാലത്ത് കേരള സര്‍ക്കാര്‍ ഓറിയന്റല്‍ വിദ്യാലയമായി അംഗീകരിക്കുകയായിരുന്നു. പിന്നീട് മദ്രാസ് സര്‍ക്കാരിന്റെ അംഗീകാരം കൂടി കിട്ടിയതോടെ സിലോണില്‍ നിന്നു വരെ വിദ്യാര്‍ഥികള്‍ സംസ്‌കൃത പഠനത്തിനായി ഇവിടെയെത്തി. 1911ല്‍ കേന്ദ്ര സംസ്‌കൃത കോളജായി അപ്ഗ്രേഡ് ചെയ്ത വിദ്യാലയത്തിന് വിദ്വാന്‍, ശിരോമണി ബിരുദങ്ങള്‍ നല്കാന്‍ മദ്രാസ് സര്‍വകലാശാലയുടെ അനുമതിയുണ്ടായിരുന്നു.  

തിരുവിതാംകൂറിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഈഴവ ശിഷ്യന്മാരെ ശ്രീനാരായണ ഗുരുദേവന്‍ പെരുമുടിയൂര്‍ സാരസ്വതോദ്യോതിനിയില്‍ അയച്ചാണ് പഠിപ്പിച്ചത്. മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, കുട്ടികൃഷ്ണ മാരാര്‍, പണ്ഡിതരത്നം കെ.പി. നാരായണ പിഷാരോടി, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, പി.സി. വാസുദേവന്‍ ഇളയത്, വിദ്വാന്‍ സി.എസ്. നായര്‍ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. പട്ടാമ്പിയില്‍ ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളജ് കൂടി സ്ഥാപിച്ചതോടെ പ്രദേശം സംസ്‌കൃതത്തിന്റെ കേന്ദ്രമായി. സംസ്‌കൃത ഗ്രാമമായി പെരുമുടിയൂര്‍ അറിയപ്പെട്ടു. കോളജില്‍ പ്രീഡിഗ്രി സംസ്‌കൃതം ഗ്രൂപ്പ് ഉണ്ടായിരുന്നു.

സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ സ്‌കൂളില്‍ അറബിക് കൂടി ഉള്‍പ്പെടുത്തി. അതേസമയം കോളജില്‍ നിന്ന് സംസ്‌കൃതം പ്രീഡിഗ്രി ഒഴിവാക്കുകയും ചെയ്തു. ആചാര്യന്റെ പേരിലുണ്ടായിരുന്ന പ്രാര്‍ഥനയും നിര്‍ത്തി.  


എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കി 2017ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ മറവിലാണ് ഇപ്പോള്‍ ഓറിയന്റല്‍ സ്‌കൂളിനെതിരേയുള്ള നീക്കം ഊര്‍ജിതമാക്കിയിരിക്കുന്നത്. മലയാളം രണ്ടാം ഭാഷയായി എത്തുന്നതോടെ സംസ്‌കൃതത്തിന്റെയും ഒപ്പം അറബിക്കിന്റെയും ഓറിയന്റല്‍ പദവി ഇല്ലാതാവും.  

സംസ്‌കൃത പോഷണം ലക്ഷ്യമാക്കി സ്ഥാപിക്കുകയും അത് നിലനിര്‍ത്തുമെന്ന ഉറപ്പോടെ സര്‍ക്കാരിന് കൈമാറുകയും ചെയ്ത വിദ്യാലയത്തിന്റെ പ്രാധാന്യം തന്നെ അപ്രസക്തമാക്കുന്നതാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.  

ദേശീയ വിദ്യാഭ്യാസ നയത്തില്‍ സംസ്‌കൃതത്തിന് വലിയ ഊന്നല്‍ നല്കുകയും വന്‍തോതില്‍ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ഇത്തരം നടപടികളില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്ന് ആവശ്യമുയരുന്നു. മാതൃഭാഷാ പഠനത്തിന്റെ പേരില്‍ കുപ്രചാരണത്തിലൂടെ പെരുമുടിയൂരില്‍ അവശേഷിക്കുന്ന സംസ്‌കൃത പാരമ്പര്യം കൂടി നശിപ്പിക്കാനുള്ള നീക്കത്തിനെതിരേ ഓറിയന്റല്‍ സ്‌കൂള്‍ സംരക്ഷണ സമിതി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.