×
login
മാഞ്ഞു പോയ മണ്ഡലങ്ങള്‍

മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ നാല് തവണയാണ് ലോക്‌സഭയില്‍ എത്തിയത്. നാലും നാല് മണ്ഡലങ്ങളില്‍നിന്ന്. 57ല്‍ തിരുവല്ല, 62ല്‍ അമ്പലപ്പുഴ, 87ല്‍ പീരുമേട്, 2004ല്‍ തിരുവനന്തപുരം. ആദ്യ മൂന്ന് മണ്ഡലങ്ങളും ഇന്നില്ല. പികെവി ജയിച്ചാല്‍ മണ്ഡലം ഇല്ലാതാകുമെന്ന് ചുരുക്കം.

തിരുവനന്തപുരം മാത്രമാണ് അതിനൊരപവാദം. 2004ല്‍ പികെവിയെ ജയിപ്പിച്ച തിരുവനന്തപുരം ഇപ്പോഴുമുണ്ട്. പക്ഷെ, കാലാവധി പൂര്‍ത്തിയാക്കാതെ പികെവി വിടപറഞ്ഞു എന്നത് മറ്റൊരുകാര്യം. ഒരു വര്‍ഷം മാത്രമാണ് തിരുവനന്തപുരത്തിന്റെ പ്രതിനിധിയാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. 2005ല്‍ അദ്ദേഹം അന്തരിച്ചു. സുശീല ഗോപാലന്‍ ജയിച്ച രണ്ട് മണ്ഡലങ്ങള്‍ ഇല്ലാതായവയുടെ പട്ടികയിലാണ്. അമ്പലപ്പുഴയും ചിറയിന്‍കീഴും.

കേരളത്തിലെ പന്ത്രണ്ട് ലോകസഭാ മണ്ഡലങ്ങളാണ് വിവിധ കാലഘട്ടങ്ങളിലായി ഇല്ലാതായത്. രണ്ട് മുഖ്യമന്ത്രിമാരെ, പനമ്പള്ളി ഗോവിന്ദമേനോന്‍ (62, 67), കെ. കരുണാകരന്‍ (99) ലോകസഭയിലെത്തിച്ച മുകുന്ദപുരം, രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണനെ തുടര്‍ച്ചയായി മൂന്നു തവണ ജയിപ്പിച്ച ഒറ്റപ്പാലം, വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന പി.സി. തോമസ് തുടര്‍ച്ചയായി ആറു തവണ ജയിച്ച മൂവാറ്റുപുഴ, മുസ്ലിംലീഗിന്റെ കുത്തക സീറ്റായ മഞ്ചേരി, കൊടിക്കുന്നില്‍ സുരേഷ് നാലു തവണ ജയിച്ച അടൂര്‍, വയലാര്‍ രവി, സുശീല ഗോപാലന്‍, വര്‍ക്കല രാധാകൃഷ്ണന്‍, എ.എ. റഹിം, തലേക്കുന്നേല്‍ ബഷീര്‍ എന്നിവരൊക്കെ പ്രതിനിധീകരിച്ച ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങളാണ് 2009 മുതല്‍ ഇല്ലാതായത്. ബിജെപി മുന്നണി ജയിച്ച ഏക മണ്ഡലം എന്ന പ്രത്യേകതയും മൂവാറ്റുപുഴയ്ക്കുണ്ട്. 

1951 മുതല്‍ 71 വരെ അഞ്ചുപേരെ പാര്‍ലമെന്റില്‍ എത്തിച്ച തലശ്ശേരിയാണ് അതിനും മുമ്പേ ഇല്ലാതായതില്‍ പ്രമുഖ മണ്ഡലം. കെ. കേളപ്പന്റെ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ നെട്ടൂര്‍ പി. ദാമോദരനായിരുന്നു തലശ്ശേരിയുടെ ആദ്യ എംപി. 57ല്‍ കോണ്‍ഗ്രസിന്റെ എം.കെ. ജിനചന്ദ്രന്‍ ജയിച്ചു. 62ല്‍ സിപിഐ സ്വതന്ത്രനായി സാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാടും 67-ല്‍ സിപിഎമ്മിന്റെ പാട്യം ഗോപാലനും 71ല്‍ സിപിഐയുടെ സി.കെ. ചന്ദ്രപ്പനും തലശ്ശേരിയെ പ്രതിനിധീകരിച്ചു. 57 മുതല്‍ 71 വരെ നിലവിലുണ്ടായിരുന്ന മണ്ഡലമാണ് അമ്പലപ്പുഴ. പികെവിക്ക് (62) പുറമെ സുശീല ഗോപാലനും (67) പി.ടി. പുന്നൂസും (57) കെ. ബാലകൃഷ്ണനും (71) പ്രതിനിധീകരിച്ച മണ്ഡലം.


ജനതാഭരണകാലത്ത് തൊഴില്‍മന്ത്രിയായിരുന്ന ജി. രവീന്ദ്രവര്‍മ 62ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മണ്ഡലമായിരുന്നു തിരുവല്ല. പികെവിയും (57) സി.പി. മാത്തനും (51) ആയിരുന്നു അതിനുമുന്‍പ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 67ല്‍ പികെവിയും 71ല്‍ എം.എ. ജോസഫും ജയിച്ച പീരുമേടും ഇപ്പോഴില്ല.

1951ല്‍ മാത്രം നിലവിലുണ്ടായിരുന്ന മണ്ഡലങ്ങളാണ് മീനച്ചിലും കൊടുങ്ങല്ലൂരും മലപ്പുറവും. പി.ടി. ചാക്കോയെ ജയിപ്പിച്ച മീനച്ചിലില്‍ അദ്ദേഹത്തിന്റെ രാജിയെത്തുടര്‍ന്ന് 53ല്‍ ഉപതെരഞ്ഞെടുപ്പും നടന്നു. അതേസമയം 1951ല്‍ ഉണ്ടായിരുന്ന മലപ്പുറം 2009ല്‍ അതേ പേരില്‍ തിരിച്ചുവരികയും ചെയ്തു.

 

 വാജ്പേയി നാലു സംസ്ഥാനങ്ങളുടെ എം പി

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.