×
login
വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണം; പൂജവെപ്പ് പ്രമാണിച്ച് ഒക്ടോബര്‍ മൂന്നിന് വിദ്യാലയങ്ങള്‍ക്ക് അവധി വേണം: എന്‍ടിയു

ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ട് 3 -ാം തിയതി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിക്കണമെന്ന് എന്‍ടിയു ആവശ്യപ്പെട്ടു.

തൃശ്ശര്‍: നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെപ്പ് ഒക്ടോ. രണ്ടിന് നടക്കുന്നതിനാല്‍ മൂന്നാം തീയതി തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ഭാരവാഹിയോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

അഷ്ടമിനാളിലെ സന്ധ്യാസമയത്ത് ഗ്രന്ഥങ്ങള്‍ പൂജവെക്കുന്നതാണ് മലയാളികള്‍ പിന്തുടരുന്ന ആചാരം. ഒക്ടോ. 3 ന് സന്ധ്യക്ക് മുമ്പേ അഷ്ടമി അവസാനിക്കുന്നതിനാല്‍ ഇത്തവണ പൂജവെപ്പ് ഒക്ടോ. 2 നാണ് നടക്കുക. നവരാത്രി - പൂജവെപ്പ് - വിദ്യാരംഭ ചടങ്ങുകള്‍ക്ക് പ്രസിദ്ധമായ ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് അടക്കമുള്ള ക്ഷേത്രങ്ങളില്‍ ഈ രീതിയിലാണ് തീരുമാനിച്ചിരിക്കുന്നത്.


ഈ വിഷയത്തില്‍ ആധികാരികമായി അഭിപ്രായം പറയാന്‍ കഴിവുള്ള തന്ത്രി സമാജം പോലുള്ള സംഘടനകളും പ്രമുഖ ജ്യോതിഷ പണ്ഡിതന്മാരും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരവും പൂജവെപ്പ് ഒക്ടോ. 2 ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഒക്ടോ. 3 പ്രവൃത്തി ദിനവുമായി രേഖപ്പെടുത്തിയിരിക്കുന്നു.

വിശ്വാസികള്‍ 2 ന് ഗ്രന്ഥങ്ങള്‍ പൂജവെച്ച ശേഷം 3 ന് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം അനുചിതവും ആചാരലംഘനവുമാണ്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ട് 3 -ാം തിയതി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിക്കണമെന്ന് എന്‍ടിയു ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് പി. എസ്. ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ പി. വെങ്കപ്പഷെട്ടി, എസ്. ശ്യാംലാല്‍, കെ. സ്മിത, ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍, സെക്രട്ടറിമാരായ കെ. പ്രഭാകരന്‍ നായര്‍, എ. ജെ. ശ്രീനി, എം. ശങ്കര്‍, ട്രഷറര്‍ എം. ടി. സുരേഷ്‌കുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ പി. ശ്രീദേവി, മധ്യമേഖലാ സെക്രട്ടറി പി.ടി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.