×
login
കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ്; കരുതല്‍ തടങ്കല്‍; കേരളത്തില്‍ ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് പോലീസിനോട് ആഭ്യന്തരമന്ത്രാലയം

നാളെ കേരളത്തില്‍ മാത്രമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍, ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ അനുവദിക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ഡിജിപിയ്ക്ക് ലഭിച്ച നിര്‍ദേശം സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

ന്യൂദല്‍ഹി: കേരളത്തില്‍ നാളെ പോപ്പുലര്‍ ഫ്രണ്ട്  ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ അക്രമങ്ങള്‍ ഉണ്ടായാല്‍ കര്‍ശനമായി അടിച്ചമര്‍ത്തണമെന്ന് കേരള പോലീസിന് നിര്‍ദേശനം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നാളെ കേരളത്തില്‍ മാത്രമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍, ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ അനുവദിക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ഡിജിപിയ്ക്ക് ലഭിച്ച നിര്‍ദേശം സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറിയിട്ടുണ്ട്.  

ഹര്‍ത്താല്‍ ദിനമായ നാളെ ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പോലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലനത്തിനായി നിയോഗിക്കും. ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ്.  


കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്ന് നടന്ന റെയ്ഡ് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു. തീവ്രവാദ പരീശീലനവും ഫണ്ടിങ്ങുമടക്കം വിഷയങ്ങളില്‍ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് എന്‍ഐഎ ഓപ്പറേഷന്‍ തുടങ്ങിയത്. ഇഡി ആണ് പിഎഫ്‌ഐയുടെ നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ മാസങ്ങളായി നിരീക്ഷിച്ചു വന്നത്. വലിയ തോതില്‍ കള്ളപ്പണ ഇടപാട് നടന്നെന്നും ഇഡി കണ്ടെത്തിയിരുന്നു.

 അതേസമയം, ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രസേനയുടെ സഹായത്തോടെ ആയിരുന്നു റെയ്ഡ്. കേരള പോലീസ് റെയ്ഡ് തുടങ്ങി മണിക്കൂറുകള്‍ക്കു ശേഷമാണ് സംഭവം അറിഞ്ഞത്. അതേസമയം, കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത 22 പേരില്‍ പത്തു പേരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം. ചെയര്‍മാന്‍ ഒ.എ.എ. സലാം അടക്കം പ്രമുഖ നേതാക്കളെ വൈദ്യ പരിശോധനയ്ക്കു ശേഷം കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ഇവരെ അടക്കം അറസ്റ്റിലായവരെ എല്ലാം ദല്‍ഹിയിലെത്തിക്കും. തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യും.  

2006ല്‍ കേരളത്തില്‍ രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആസ്ഥാനം ഡല്‍ഹിയിലാണ്. ലഖ്‌നൗവിലെ പ്രത്യേക  കോടതിയില്‍ പിഎഫ്‌ഐയ്ക്കും അതിന്റെ ഭാരവാഹികള്‍ക്കുമെതിരെ അന്വേഷണ ഏജന്‍സി രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, പിഎഫ്‌ഐക്കും അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (സിഎഫ്‌ഐ) എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തി ഇഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു, ഹത്രാസില്‍ വര്‍ഗീയ കലാപങ്ങള്‍ ഇളക്കിവിടാനും ഭീകരത പടര്‍ത്താനും പിഎഫ്‌ഐ നടത്തിയ നീക്കങ്ങളുടെ തെളിവുകളെല്ലാം അന്വേഷണം ഏജന്‍സികള്‍ സ്വീകരിച്ചിരുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.