×
login
പ്രതികളെ ഹാജരാക്കാനുള്ള പ്രോട്ടോക്കോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം: ഹൈക്കോടതി

ഡോക്ടര്‍മാര്‍ക്കും മജിസ്‌ട്രേറ്റുമാര്‍ക്കും മുന്നില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കി നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. സര്‍ക്കാര്‍ ഇതിനു രണ്ടാഴ്ച കൂടി സമയം തേടിയെങ്കിലും വൈകാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി മെയ് 25ന് നടപടികളുടെ പു രോഗതി അറിയിക്കാനും നിര്‍ദേശിച്ചു.

കൊച്ചി: ഡോക്ടര്‍മാര്‍ക്കും മജിസ്‌ട്രേറ്റുമാര്‍ക്കും മുന്നില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കി നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. സര്‍ക്കാര്‍ ഇതിനു രണ്ടാഴ്ച കൂടി സമയം തേടിയെങ്കിലും വൈകാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി മെയ് 25ന് നടപടികളുടെ പുരോഗതി അറിയിക്കാനും നിര്‍ദേശിച്ചു. ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന് സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്കിയത്.

ആരോഗ്യപ്രവര്‍ത്തകര്‍ ഭീതിയിലായാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം എങ്ങനെ നടക്കുമെന്ന് ഹൈക്കോടതി  ചോദിച്ചു. ഹൗസ് സര്‍ജന്മാരെ രാത്രി ഡ്യൂട്ടിക്ക് മാതാപിതാക്കള്‍ എങ്ങനെ വിടും? രോഗികളും ഒപ്പമെത്തുന്നവരും നിയമം കൈയിലെടുക്കുന്നു. ഡോക്ടര്‍മാരുടെ കുറ്റം കണ്ടെത്തി അവര്‍ തന്നെ ശിക്ഷ നടപ്പാക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.  

വന്ദന കൊല്ലപ്പെട്ട സംഭവത്തിനുശേഷവും സമാന ആക്രമണങ്ങളുണ്ടായി. പോലീസ് ഹാജരാക്കിയ കുട്ടിക്കുറ്റവാളി മജിസ്‌ട്രേറ്റിനു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചതും കോടതി ചൂണ്ടിക്കാട്ടി.  പ്രോട്ടോക്കോള്‍ അന്തിമമാക്കും മുമ്പ് ഡോക്ടര്‍മാരുടെയും ജുഡിഷ്യല്‍ ഓഫീസര്‍മാരുടെയും സംഘടനകളുടെ അഭിപ്രായം തേടുന്നത് ഉചിതമാണെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.


ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതു സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ ആശുപത്രികളില്‍ സ്വകാര്യവ്യക്തികളുണ്ടാക്കുന്ന സംഘര്‍ഷങ്ങളേക്കാള്‍ പോലീസ് ഹാജരാക്കുന്ന പ്രതികളുടെ കാര്യത്തിലുള്ള പ്രോട്ടോക്കോളാണ് ചര്‍ച്ച ചെയ്യുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.  

ഡോക്ടര്‍മാര്‍ക്കും മജിസ്‌ട്രേറ്റുമാര്‍ക്കും മുന്നില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ പോലീസ് ജാഗ്രത പാലിക്കണം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെപ്പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ സമയം തേടുമ്പോള്‍ അതുവരെ ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പു നല്കാനാവുമോയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. രാത്രിയില്‍ പ്രതികളെ വീട്ടില്‍ ഹാജരാക്കുമ്പോള്‍ ഭയമാണെന്നു ചില ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പറഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു.  

ഏക്കറുകള്‍ വ്യാപിച്ചു കിടക്കുന്ന ആശുപത്രി സമുച്ചയത്തിന്റെ ഒരു മൂലയ്ക്ക് പോലീസ് എയ്ഡ്‌പോസ്റ്റ് വന്നതു കൊണ്ടു ഫലമില്ലെന്ന് ആരോഗ്യ സര്‍വകലാശാലയുടെ അഭിഭാഷകന്‍ വാദിച്ചു. കെജിഎംഒഎ, കേരള ജുഡിഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവരെ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു.  തുടര്‍ന്ന് ഹര്‍ജി മെയ് 25 ലേക്ക് മാറ്റി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.