×
login
പിഎം കെയേഴ്സി‍ല്‍ ട്രസ്റ്റിയായി മുന്‍ ജസ്റ്റിസ് കെ.ടി. തോമസും‍ ; ഇന്ത്യയെ കാക്കാനുള്ള നാലാം ശക്തി ആര്‍എസ്എസ്‍‍ ആണെന്ന തോമസിന്‍റെ അഭിമുഖം‍ വൈറല്‍

കെ.ടി. തോമസ് ഒരു മലയാള ടെലിവിഷന്‍ ചാനലിന് നാല് വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖം വൈറലാകുകയാണ്. സൈന്യം കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയെ കാക്കാന്‍ ആര്‍എസ്എസേ ഉള്ളൂവെന്നാണ് റിട്ട. ജസ്റ്റിസ് തോമസ് ഈ അഭിമുഖത്തില്‍ പറയുന്നത്.

ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയുടെ പേരിലുള്ള പിഎം കെയേഴ്സ് ഫണ്ടില്‍ ട്രസ്റ്റിയായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കെ.ടി. തോമസും. രത്തന്‍ ടാറ്റ,  മുന്‍ ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട എന്നിവരും പുതിയ ട്രസ്റ്റികളായ കൂട്ടത്തിലാണ് തോമസും എത്തിയിരിക്കുന്നത്. വിശ്വാസത്യതയുള്ള വ്യക്തിത്വങ്ങളെ പിഎം കെയേഴ്സ് ഫണ്ടിന്‍റെ ട്രസ്റ്റികളായി എത്തിക്കുക വഴി ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത ഒരു ദൗത്യമായി പിഎം കെയേഴ്സ് മാറുകയാണ്.  ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയമായ സുധാമൂര്‍ത്തി ഉപദേശകസമിതി അംഗമാണ്. 

അതിനിടെ കെ.ടി. തോമസ് ഒരു മലയാള ടെലിവിഷന്‍ ചാനലിന് നാല് വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖം വൈറലാകുകയാണ്. സൈന്യം കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയെ കാക്കാന്‍ ആര്‍എസ്എസേ ഉള്ളൂവെന്നാണ് റിട്ട. ജസ്റ്റിസ് തോമസ് ഈ അഭിമുഖത്തില്‍ പറയുന്നത്.  

"ഭരണഘടന, നീതിന്യായം (ജുഡീഷ്യറി), സൈന്യം എന്നിവ കഴിഞ്ഞാല്‍ ഇന്ത്യയെ സംരക്ഷിക്കാന്‍ കഴിയുന്ന നാലമത്തെ ശക്തി ആര്‍എസ്എസ് ആണ്"- അഭിമുഖത്തില്‍ റിട്ട. ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. ജസ്റ്റിസ് തോമസിനെക്കുറിച്ച് കേരള സമൂഹത്തിന് ഒരു വിശ്വാസമുണ്ട്. ആ വിശ്വാസത്തെ പാടെ കെടുത്തുന്നതല്ലേ ആര്‍എസ്‍എസിന്‍റെ കാര്യത്തില്‍ താങ്കള്‍ എടുത്ത നിലപാട് എന്ന് അഭിമുഖം നടത്തുന്ന ആള്‍ റിട്ട. ജസ്റ്റിസ് കെ.ടി. തോമസിനോട് ചോദിക്കുന്നുണ്ട്. ഇതിന് കെ.ടി. തോമസ് പറയുന്ന മറുപടി ഇതാണ്:"ഞാന്‍ കുറെക്കാലമായി ഈ അഭിപ്രായം ഉള്ള ആളാണ്. ആര്‍എസ് എസിനേയും ഹിന്ദു മഹാസഭയേയും ഒന്നായി കാണുന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. ആര്‍എസ്എസ് എന്ന് പറയുന്നത് ജവഹര്‍ലാല്‍ നെഹ്രുവിന് പോലും ബോദ്ധ്യം വന്ന സംഘടനയാണ്. അങ്ങിനെയാണ് ജവഹര്‍ലാല്‍ നെഹ്രു ആര്‍എസ്എസിനെ റിപ്പബ്ലിക് ദിന പരേഡിന് ക്ഷണിച്ചത്. ദേശസ്നേഹികള്‍ എന്ന് പറഞ്ഞാണ് ക്ഷണിച്തത്. എനിക്കും പണ്ട് ആര്‍എസ്എസ് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ അത് വലിയ അപകടം പിടിച്ചതാണെന്ന മുന്‍വിധി എനിക്കുമുണ്ടായിരുന്നു. അവരെപ്പറ്റി കൂടുതല്‍ കൂടുതല്‍ പഠിച്ചുവന്നപ്പോള്‍ എനിക്ക് കാര്യങ്ങള്‍ മനസ്സിലായി. അവരെ അറ്റാക്ക് ചെയ്താല്‍ അവര്‍ തിരിച്ച് അറ്റാക്ക് ചെയ്യും. "

ബിജെപി-ആര്‍എസ്എസ് വിരുദ്ധനായ അഭിമുഖകര്‍ത്താവ് കെ.ടി. തോമസിനെ വിടുന്നില്ല. താങ്കള്‍ അടിയന്തരാവസ്ഥക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസിനെ ശ്ലാഘിക്കുന്നത് മനസ്സിലാക്കാം. പക്ഷെ താങ്കള്‍ ദേശസുരക്ഷയ്ക്ക് ഭരണഘടന, ജുഡീഷ്യറി, സൈന്യം എന്നീ മൂന്ന് ഘടകങ്ങള്‍ കഴിഞ്ഞാല്‍ ആര്‍എസ്എസ് എന്ന് പറയുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായി ചോദ്യകര്‍ത്താവ്.  


ഇതിന് കെ.ടി. തോമസ് കൂസലില്ലാതെയാണ് മറുപടി പറഞ്ഞത്. "ഞാന്‍ അത് പറഞ്ഞതാണ്. ആ പറഞ്ഞത് ഞാന്‍ ഒന്നുകൂടി ആവര്‍ത്തിക്കാം. ഇന്ത്യയുടെ സുരക്ഷിതത്വത്തിന് നമുക്ക് കാണാവുന്ന ഘടകങ്ങളില്‍ ഒന്നാമത്തേത് ഭരണഘടനയാണ്. രണ്ടാമത്തേത് ജുഡീഷ്യറിയാണ്. മൂന്നാമത്തേത് ഇന്ത്യയുടെ സൈന്യമാണ്. നാലാം റാങ്ക് പറഞ്ഞിടത്ത് ഞാന്‍ ആര്‍എസ്എസ് ആണെന്ന് പറഞ്ഞു. രാഷ്ട്രത്തോട് ഇത്രയും സ്നേഹമുള്ള വേറെ ഒരു സംഘടനയേയും ഞാന്‍ കാണുന്നില്ല." - ഇത്രയും പറഞ്ഞു നിര്‍ത്തിയ ശേഷം കെ.ടി. തോമസ് ഇന്‍റര്‍വ്യൂ ചെയ്യുന്ന ആളോട് ഒരു മറുചോദ്യം ചോദിച്ചു: "ഇപ്പോഴാണെങ്കിലും നാലാം സ്ഥാനം അവര്‍ക്കല്ലാതെ, അത് കൊടുക്കാവുന്ന വേറെ ഒരു സംഘടനയെ പറയാമോ? നാലാം സ്ഥാനത്ത് ആര്‍എസ്എസിന് പകരം വെയ്ക്കാവുന്ന വേറെ ഒരു സംഘടനയുടെ പേര് പറ". ഇതിന് ചോദ്യകര്‍ത്താവിന് മറുപടിയില്ല. പകരം അദ്ദേഹം വീണ്ടും തോമസിനെ പ്രതിക്കൂട്ടിലാക്കാന്‍ മറുചോദ്യം ചോദിക്കുകയാണ്.  

ആര്‍എസ്എസിന്‍റെ ആയുധപരിശീലനത്തെക്കുറിച്ചായിരുന്നു ചോദ്യകര്‍ത്താവിന്‍റെ അടുത്ത വിമര്‍ശനം. അതിന് കെ.ടി. തോമസ് കൊടുത്ത മറുപടി ഇതാണ്:" ആര്‍എസ്എസിന്‍റെ ആയുധപരിശീലനത്തെക്കുറിച്ച് എനിക്ക് ഇത്രയേ പറയാനുള്ളൂ. അത് അവര്‍ പ്രതിരോധത്തിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ അനുവദിക്കില്ല. അത് ഒരു ഡിഫന്‍സ് മെക്കാനിസമാണ്.ആര്‍എസ്എസിന് മാത്രമല്ല, സൈന്യത്തിന് പോലും സെല്‍ഫ് ഡിഫന്‍സിന് മാത്രമേ ആയുധം ഉപയോഗിക്കാനാവൂ. അതറിയില്ലേ."

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.