×
login
മണി മുഴങ്ങാന്‍ നേരമായി; അണിഞ്ഞൊരുങ്ങി വിദ്യാലയങ്ങള്‍, സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്‌ക്കൊപ്പം വിദ്യാവാഹിനിയും നിര്‍ബന്ധം

എല്ലാ സ്‌കൂളുകളിലും 25വരെ ഫിറ്റ്നസ് പരിശോധന നടക്കും. സ്‌കൂള്‍ കെട്ടിടങ്ങള്‍, ക്ലാസ് മുറികള്‍, കുടിവെള്ള ലഭ്യത, മാലിന്യസംസ്‌കരണം തുടങ്ങിയ സൗകര്യങ്ങള്‍ പരിശോധിക്കും. 25ന് റിപ്പോര്‍ട്ട് ഡി.ഡിക്ക് കൈമാറും.

തൃശൂര്‍: അരിക്കൊമ്പനും പുലിയും കടുവയുമൊക്കെയായി ചിത്രച്ചുമരുകള്‍, കേരവൃക്ഷമെന്ന് തോന്നുമാറ് പ്രവേശന കവാടം, തെയ്യം പോലുള്ള കലാരൂപങ്ങള്‍, കമനീയമായ ശിശുസൗഹൃദ ഇരിപ്പിടങ്ങള്‍, കളിയുപകരണങ്ങള്‍....പുതിയ അദ്ധ്യയനവര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങുകയാണ്. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനിരിക്കെ മുന്നൊരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുകയാണ് വിദ്യാഭ്യാസവകുപ്പ്.  

എല്ലാ സ്‌കൂളുകളിലും 25വരെ ഫിറ്റ്നസ് പരിശോധന നടക്കും. സ്‌കൂള്‍ കെട്ടിടങ്ങള്‍, ക്ലാസ് മുറികള്‍, കുടിവെള്ള ലഭ്യത, മാലിന്യസംസ്‌കരണം തുടങ്ങിയ സൗകര്യങ്ങള്‍ പരിശോധിക്കും. 25ന് റിപ്പോര്‍ട്ട് ഡി.ഡിക്ക് കൈമാറും. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി രക്ഷിതാക്കളുടെ സഹകരണത്തോടെ സൗഹൃദ ക്ലാസുകള്‍, പോക്സോ കേസുകള്‍ തടയാന്‍ പ്രത്യേക ക്ലാസുകള്‍, ലഹരിവിരുദ്ധ കാമ്പെയിന്‍ തുടങ്ങിയവ സംഘടിപ്പിക്കും. ശുദ്ധജലലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനുമുള്ള നടപടികള്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കും.


സ്‌കൂള്‍ വാഹനം എവിടെ എത്തിയെന്ന കൃത്യമായ ലൊക്കേഷന്‍ വിവരം രക്ഷിതാക്കള്‍, സ്‌കൂള്‍ അധികൃതര്‍, മോട്ടര്‍ വാഹന വകുപ്പ് എന്നിവര്‍ക്കു നിരീക്ഷിക്കാന്‍ കഴിയുന്ന വിദ്യാവാഹിനി ആപ് ഇത്തവണ നിര്‍ബന്ധമാക്കും. കഴിഞ്ഞ വര്‍ഷം ആപ് കൊണ്ടുവന്നെങ്കിലും 10% സ്‌കൂള്‍ വാഹനങ്ങളില്‍ പോലും പ്രാവര്‍ത്തികമായില്ല. ഇത്തവണ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്‌ക്കൊപ്പം വിദ്യാവാഹിനി ഉറപ്പാക്കാനാണു മോട്ടര്‍ വെഹിക്കിള്‍ വകുപ്പിന്റെ തീരുമാനം.  

വിദ്യാവാഹിനി പ്രവര്‍ത്തനക്ഷമമാക്കാന്‍ എല്ലാ സ്‌കൂളുകളും അവര്‍ക്ക് ഐഡി തുറക്കണം. തുടര്‍ന്നു രക്ഷാകര്‍ത്താക്കള്‍ക്കും ഐഡി തുറന്നു നല്‍കണം. വിദ്യാവാഹിനി ഉറപ്പാക്കാന്‍ സ്‌കൂള്‍ അധികൃതരുമൊത്തു വാട്‌സാപ് ഗ്രൂപ്പ് തുടങ്ങാന്‍ ജോയിന്റ് ആര്‍ടിഒമാര്‍ക്കു നിര്‍ദേശം നല്‍കിയെന്നു ആര്‍ടിഒ പറഞ്ഞു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.