×
login
കൊട്ടടയ്ക്കയുടെ മറവില്‍ 80 കോടിയുടെ നികുതി വെട്ടിപ്പ് ; പ്രതിയെ ജി .എസ് .ടി വകുപ്പ് അറസ്റ്റ് ചെയ്തു.

ഇതേ കേസില്‍ മലപ്പുറം ജില്ലയിലെ അയിലക്കാട്‌സ്വദേശിയായ കൊളങ്ങരയില്‍ വീട്ടില്‍ ബാവ മകന്‍ ബനീഷിനെ കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റ് ചെയ്തിരുന്നു

തിരുവനന്തപുരം: ഇല്ലാത്ത ചരക്കുകള്‍ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളും മറ്റു രേഖകളും സൃഷ്ടിച്ച് 80 കോടിയോളം രൂപയുടെ ഇന്പുട്ട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ജി. എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം കോലൊളമ്പ ദേശത്ത് മഞ്ഞക്കാട് വീട്ടില്‍മോഹനകൃഷ്ണന്‍ മകന്‍ രാഹുലിനെയാണ് (28്)തൃശൂര്‍ ജി .എസ്. ടി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച്ഓഫീസര്‍ സി. ജ്യോതിലക്ഷ്മിയും സംഘവും അറസ്റ്റ് ചെയ്തത്.

 കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് പ്രതിയും സംഘവും  ഭീമമായ നികുതി വെട്ടിപ്പ് നടത്തിയത്. നേരത്തെ ഇതേ കേസില്‍ മലപ്പുറം ജില്ലയിലെ അയിലക്കാട്‌സ്വദേശിയായ കൊളങ്ങരയില്‍ വീട്ടില്‍ ബാവ മകന്‍ ബനീഷിനെ കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ ഈ പ്രതി ഹൈക്കോടതിയില്‍ നിന്നാണ് കര്‍ശനഉപാധികളോടെ ജാമ്യം നേടിയത്. 

ബനീഷിനെ നികുതി വെട്ടിപ്പിന് സഹായിച്ച് ഈവേ ബില്ലുകളും വ്യാജരേഖകളും എടുത്ത് കൊടുക്കുവാനും വ്യാജ രജിസ്‌ട്രേഷനുകള്‍ എടുത്ത് കൊടുത്ത് നികുതി വെട്ടിപ്പിന്റെ ശൃംഖല സൃഷ്ടിക്കാനും സഹായിച്ച് തട്ടിപ്പില്‍ പങ്കാളിയായവ്യക്തിയാണ് രാഹുല്‍ .  രാഹുല്‍ ഒളിവിലായിരുന്നു.

പലതവണ സമന്‍സ് കൊടുത്തിട്ടും അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരാകാതിരുന്ന പ്രതിയെ തൃശൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സഹായത്തോടെ ജാമ്യമില്ലാ വാറന്‍ഡില്‍ കുരുക്കിയാണ് അന്വേഷണ സംഘം ചോദ്യംചെയ്ത് തെളിവെടുപ്പ്‌നടത്തിയത്. അന്വേഷണത്തില്‍ , പ്രതിയായ രാഹുല്‍ ദുബായില്‍ 7 മാസത്തോളം ഒളിവില്‍ കഴിഞ്ഞതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഒളിവില്‍ കഴിഞ്ഞിരുന്ന കാലയളവില്‍ ഇയാളുമായി ഒന്നാംപ്രതിയായ ബനീഷ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ജി .എസ് .ടി വകുപ്പിന് തെളിവ് ലഭിച്ചു. 


അടയ്ക്കയുടെ നികുതിവെട്ടിപ്പുമായി രാഹുലിന് അഭേദ്യമായ ബന്ധം ഉണ്ടെന്ന് കാണിക്കുന്ന നിരവധി സാക്ഷി മൊഴികളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിഎസ് .ടി നിയമം 69ാം വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന ജി .എസ് .ടി വകുപ്പ്കമ്മീഷണര്‍ ഡോ. രത്തന്‍ യൂ ഖേല്‍ക്കര്‍ അനുമതി നല്കിയത്.

12.09.2022 ന് രണ്ടാം പ്രതിയായ രാഹുലില്‍ നിന്നുംഅന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുമ്പോള്‍ ഒന്നാംപ്രതിയായ ബനീഷ് തൃശൂര്‍ ജി .എസ് .ടി ഓഫീസില്‍അതിക്രമിച്ച് കയറി അന്വേഷണ സംഘത്തെഭീഷണിപ്പെടുത്തിയെന്നും , രണ്ടാം പ്രതിയെ അനുകൂലമായ മൊഴി നല്കുന്നതിനായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥ തൃശൂര്‍ പോലീസ്അസിസ്റ്റന്റ് കമ്മീഷണര്‍ മുന്‍പാകെ പരാതി നല്കിയിരുന്നു. കേസിന്റെ തുടര്‍ നടപടികള്‍എറണാകുളത്തെ സാമ്പത്തിക കുറ്റങ്ങള്‍ വിചാരണചെയ്യുന്ന ഇക്കണോമിക് ഒഫന്‍സ് കോടതിയിലാണ് നടക്കുക.

അന്വേഷണ സംഘത്തില്‍ തൃശൂര്‍ ജി .എസ് .ടി വകുപ്പ് (ഐ .ബി ) വിഭാഗം ഓഫീസര്‍ സി.ജ്യോതിലക്ഷ്മി , അസിസ്റ്റന്റ് ടാക്‌സ് ഓഫീസര്‍മാരായ ഫ്രാന്‍സി ജോസ് .ടി, സ്മിത എന്‍ , ജേക്കബ് .സി .എല്‍ ,ഷക്കീല ഒ. എ, ഉല്ലാസ് ഒ. എ, സരിത കൃഷ്ണന്‍ ,ഷാജു . ഇ .ജെ എന്നിവരാണ് ഉണ്ടായിരുന്നത്.എറണാകുളം മേഖല ജി. എസ് .ടി (ഐ . ബി )വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ ജോണ്‍സണ്‍ ചാക്കോ  അന്വേഷണത്തിന് നേതൃത്വം നല്‍കി

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.