×
login
അരച്ചാണ്‍ വയറിനായി കച്ചവടക്കാര്‍ അഴുക്കുചാലില്‍

മനുഷത്വം മരവിക്കുന്ന കാഴ്ചയാണ് ഉദിയന്‍കുളങ്ങര സേതുലക്ഷ്മിപുരം പബ്ലിക് മാര്‍ക്കറ്റിലേത്. മത്സ്യവും മാംസവും വില്ക്കുന്ന മാര്‍ക്കറ്റില്‍ മാലിന്യം ഒഴുകിപ്പോകുന്ന ഓടകളില്‍ ഇറങ്ങിയിരുന്നാണ് പലരും കച്ചവടം നടത്തി അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്നത്. ഈ കച്ചവടക്കാര്‍ മാര്‍ക്കറ്റ് ലേലത്തിന് എടുത്തിട്ടുള്ളവര്‍ക്ക് ദിനംപ്രതി തീരുവ കൊടുത്തിട്ടാണ് ഇവിടെ കച്ചവടം നടത്താറുള്ളതും. എന്നാല്‍ മാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നതാണ് വസ്തുത.

ഹരി

കൊല്ലയില്‍ (തിരുവനന്തപുരം): മനുഷത്വം മരവിക്കുന്ന കാഴ്ചയാണ് ഉദിയന്‍കുളങ്ങര സേതുലക്ഷ്മിപുരം പബ്ലിക് മാര്‍ക്കറ്റിലേത്. മത്സ്യവും മാംസവും വില്ക്കുന്ന മാര്‍ക്കറ്റില്‍ മാലിന്യം ഒഴുകിപ്പോകുന്ന ഓടകളില്‍ ഇറങ്ങിയിരുന്നാണ് പലരും കച്ചവടം നടത്തി അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്നത്. ഈ കച്ചവടക്കാര്‍ മാര്‍ക്കറ്റ് ലേലത്തിന് എടുത്തിട്ടുള്ളവര്‍ക്ക് ദിനംപ്രതി തീരുവ കൊടുത്തിട്ടാണ് ഇവിടെ കച്ചവടം നടത്താറുള്ളതും. എന്നാല്‍ മാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നതാണ് വസ്തുത.

വര്‍ഷംതോറും 15 മുതല്‍ 20 ലക്ഷം വരെ രൂപയ്ക്കാണ് പഞ്ചായത്ത് ചന്ത ലേലത്തിന് കൊടുക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും ഒരു രൂപ പോലും പഞ്ചായത്തധികൃതര്‍ മാര്‍ക്കറ്റിനു വേണ്ടി ഉപയോഗിക്കുന്നില്ലെന്ന ആക്ഷേപമാണ് നാട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രതിപക്ഷത്തിനും. നിലവിലെ മാര്‍ക്കറ്റ് ലേലത്തില്‍ ഭരണപക്ഷത്തില്‍പ്പെട്ട ഒരാളുടെ ബന്ധുവും ഭരിക്കുന്ന പാര്‍ട്ടിയുടെ തന്നെ മറ്റൊരു നേതാവും ചന്ത ലേലത്തില്‍ പങ്കെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള മത്സരത്തെ തുടര്‍ന്ന് ഇരുപത് ലക്ഷത്തി അയ്യായിരം രൂപയ്ക്കാണ് മാര്‍ക്കറ്റ് ഒരു വര്‍ഷത്തേക്ക് ലേലം പിടിച്ചിരിക്കുന്നത്. ഈ ലേല തുക ഈടാക്കുന്നതിന് വേണ്ടി കച്ചവടക്കാരില്‍ നിന്നും അമിതതീരുവ പിരിച്ചെടുക്കുന്നതായും പരാതിയുണ്ട്. വീടുകളില്‍ നിന്നും വീട്ടമ്മമാര്‍ കൊണ്ടുവരുന്ന ഉത്പന്നങ്ങള്‍ക്ക് മുമ്പ് ലേലം പിടിച്ചിരുന്നവര്‍ തീരുവ വാങ്ങാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്പതും നൂറും രൂപയ്ക്കുള്ള സാധനങ്ങള്‍ക്ക് പോലും രസീത് കൊടുക്കാതെ 10, 20 രൂപ തീരുവ കൈപ്പറ്റുന്നതായും ആരോപണമുണ്ട്.  


ചെറിയ മഴപെയ്താല്‍ ചെളിയും വെള്ളവും പച്ചക്കറി മത്സ്യ-മാംസാദികളുടെ അവശിഷ്ടമൊഴുകുന്ന അഴുക്കുചാലും രൂപം കൊള്ളുകയാണ്. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തതിനാല്‍ സഹിക്കുകയാണെന്നും കച്ചവടക്കാര്‍ പറയുന്നു. മാര്‍ക്കറ്റിനുള്ളില്‍ റോഡ് ഉണ്ടെങ്കിലും അത് തകര്‍ന്നിട്ട് വര്‍ഷങ്ങളേറെ ആയി. ഇത് ശരിയാക്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. മാര്‍ക്കറ്റിന് സമീപം സ്ഥിതിചെയ്യുന്ന കുടുംബശ്രീ ഹോട്ടലിലെ മാലിന്യവും ചന്തയിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതും കച്ചവടക്കാര്‍ക്ക് ദുരിതമായി മാറുന്നു.

ഞായര്‍, ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ദിനംപ്രതിയുള്ള മാര്‍ക്കറ്റും പ്രവര്‍ത്തിച്ചുവരികയാണ്. ഈ മാര്‍ക്കറ്റിനുള്ളില്‍ തന്നെ ഒരു അങ്കണവാടിയും ഉണ്ട്. ചെങ്കല്‍ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളും തൊഴിലുറപ്പ് ഓഫീസ് അടക്കം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ക്കറ്റിലെ ദുര്‍ഗന്ധം കാരണം മൂക്കുപൊത്തി മാത്രമേ ഇവിടേക്ക് എത്തിപ്പെടാന്‍ കഴിയുവെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലമായാല്‍ തെരുവുനായ്ക്കളുടെ ശല്യവും മാര്‍ക്കറ്റിനുള്ളില്‍ രൂക്ഷമാണ്. ഈ പുരാതന മാര്‍ക്കറ്റിന്റെ ദുരവസ്ഥ മാറാന്‍ ശാശ്വത നടപടി ഉണ്ടാകണമെന്ന് കച്ചവടക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.