×
login
ആരോപണ വിധേയനെ കാര്‍ഷിക സര്‍വ്വകലാശാല വിസി ഇന്‍ ചാര്‍ജ് ആക്കാന്‍ നീക്കം; യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തില്‍ പ്രതിഷേധം

സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഉല്‍പാദിപ്പിക്കുന്ന പദ്ധതിയില്‍ പെട്ട തെങ്ങുകള്‍ വെട്ടുന്നത് തടയുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് ഡീനും സര്‍വ്വകലാശാലയില്‍ അധികാരങ്ങള്‍ കയ്യാളുന്ന സമിതികളിലെ ശക്തനായ അംഗവും ഭരണാനുകൂല സംഘടനയുടെ നേതാവ് എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ സ്വാധീനവും മൂലം വിഷയം ഒതുക്കിത്തീര്‍ത്തു.

സ്വന്തം ലേഖകന്‍

തൃശൂര്‍: അനധികൃതമായി മരം മുറിക്കല്‍ ഉള്‍പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയെ കാര്‍ഷിക സര്‍വ്വകലാശാല വിസി ഇന്‍ ചാര്‍ജ് ആക്കാനുള്ള നീക്കം വിവാദത്തില്‍. യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിനെതിരെ സര്‍വ്വകാലാശയില്‍ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്.  

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി കാര്‍ഷിക കോളേജില്‍ കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മിക്കാന്‍ പ്രസ്തുത സ്ഥലത്തെ 150 ഇഞ്ചിനു മുകളില്‍ വണ്ണമുള്ള മരങ്ങള്‍ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ വെട്ടിമാറ്റിയിരുന്നു. ചട്ടങ്ങള്‍ പാലിക്കാതെ പ്രസ്തുത മരങ്ങള്‍ വെട്ടി മാറ്റാന്‍ ഉത്തരവിട്ട അധികാരി ആര് എന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് എഫ്5/110/2017 തീയ്യതി 24//08/2017 പ്രകാരം പ്രൊഫസര്‍ ആന്റ് ഹെഡ്, ഇന്‍സ്ട്രക്ഷന്‍ ഫാം, വെള്ളായണി നല്‍കിയിരിക്കുന്ന മറുപടി വെള്ളായണി കാര്‍ഷിക കോളേജ് ഡീനിന്റെ നിരന്തരമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എന്നാണ്. ചട്ടപ്രകാരം മതിപ്പുവില നിശ്ചയിച്ചിരുന്നോ എന്നും അവയുടെ വില്‍പനയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെ എന്നും അവ പാലിച്ചുവോ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലഭ്യമല്ല എന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.  

നാലാമതായി പ്രസ്തുത മരങ്ങള്‍ ലേലം ചെയ്യുന്നതിനുള്ള നോട്ടീസിന്റെ പകര്‍പ്പ് ചോദിച്ചപ്പോള്‍ ഈ വിവരവും ലഭ്യമല്ല എന്നാണ് അറിയിച്ചത്. ഇത്തരത്തില്‍ എല്ലാ ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രസ്തുത സ്ഥലത്ത് നടത്തിവന്നിരുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തുരങ്കം വെച്ചുകൊണ്ട് അന്നത്തെ കോളേജ് ഡീനും ഇപ്പോള്‍ വൈസ് ചാന്‍സലറായി ചാര്‍ജ് നല്‍കുന്നതിനുളള സീനിയര്‍ പ്രൊഫസര്‍മാരുടെ ലിസ്റ്റില്‍  അംഗവുമായ അനില്‍കുമാര്‍ എ. നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധമിരമ്പുകയും ജീവനക്കാരുടെ സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തുവരികയും ചെയ്തിരുന്നു. തുടര്‍ന്ന് സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഉല്‍പാദിപ്പിക്കുന്ന പദ്ധതിയില്‍ പെട്ട തെങ്ങുകള്‍ വെട്ടുന്നത് തടയുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് ഡീനും സര്‍വ്വകലാശാലയില്‍ അധികാരങ്ങള്‍ കയ്യാളുന്ന സമിതികളിലെ ശക്തനായ അംഗവും ഭരണാനുകൂല സംഘടനയുടെ നേതാവ് എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ സ്വാധീനവും മൂലം വിഷയം ഒതുക്കിത്തീര്‍ക്കുകയും പ്രസ്തുത ഹോസ്റ്റല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പണിയാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തതാണ്. പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഈ സ്ഥലം ഇപ്പോള്‍ കാടുകയറി കിടക്കുകയാണ്.


ഇത്തരത്തിലുള്ള ഒരാള്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ പദവിയിലേക്ക് ഏതുവിധത്തില്‍ കടന്നുവരുന്നതും യുജിസി ചട്ടം 7.3.0 ത്തിന് തന്നെ വിരുദ്ധമായ കാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. (The clause 7.3.0 of the Principal Regulations shall stand amended and be substituted by the following clause:-
7.3.0. VICE CHANCELLOR: i. Persons of the highest level of competence, integrity, morals and institutional commitment are to be appointed as Vice - Chancellors).

സമഗ്രത ധാര്‍മികത എന്നിവ ഉയര്‍ന്ന തലത്തിലുള്ളവരെയും പ്രതിബദ്ധതയുള്ളവരെയുമാണ് വൈസ് ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കേണ്ടതെന്ന് വ്യക്തമായി പറയുന്നു. അപ്രകാരം ഇദ്ദേഹത്തെ നിയമിച്ചാല്‍ അത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാവുമെന്ന് സര്‍വകലാശാല അധ്യാപക, അനധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വ്വകലാശാലയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയ ഇദ്ദേഹത്തിന് പ്രൊഫസര്‍ ആയി പ്രമോഷന്‍ കിട്ടിയ രീതിയെക്കുറിച്ചും വിവാദങ്ങളുണ്ട്. ഇവയെല്ലാം സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.