×
login
സിപിഐ മണ്ഡലം സമ്മേളനം; മുല്ലക്കരയുടെ മഹാഭാരതവും ചര്‍ച്ചയാകും, അരയും തലയും മുറുക്കി ഇരുപക്ഷവും, ചിഞ്ചുറാണിയുടെ രഹസ്യവിലക്കും പൊട്ടിത്തെറിയാകും

സഹകരണ ആശുപത്രി അഴിമതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധിക്കെതിരെ അച്ചടക്ക നടപടി എടുത്തതിന്റെയും ജില്ലാ സെക്രട്ടറി സ്ഥാനം 'വെടക്കാക്കി തനിക്കാക്കി' എന്ന് ആരോപിച്ചുമായിരുന്നു മുല്ലക്കരയുടെ പുസ്തകത്തിന് ഒരുവിഭാഗം വിലക്ക് ഏര്‍പ്പെടുത്തിയത്.

ചാത്തന്നൂര്‍: സിപിഐ ചാത്തന്നൂര്‍ മണ്ഡലം സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആരോപണപ്രത്യാരോപണങ്ങളുമായി ഇരു വിഭാഗവും രംഗത്ത്. വാട്‌സ്ആപ്പ് സന്ദേശങ്ങളും ലഘുലേഖകളുമായി ഇരുവിഭാഗവും രംഗത്തുണ്ട്. പുസ്തകകച്ചവടം പോലും ആയുധമാക്കി ഇരുവിഭാഗവും കൊമ്പ് കോര്‍ക്കുമ്പോള്‍ മണ്ഡലം സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരം ഉറപ്പാക്കി വോട്ട് പിടിത്തവും തുടങ്ങിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍ എഴുതിയ മഹാഭാരതത്തിലൂടെ എന്ന പുസ്തകത്തിന് ചാത്തന്നൂര്‍ സിപിഐയിലെ ഇസ്മയില്‍, പ്രകാശ്ബാബു പക്ഷങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് 24ന് ആരംഭിക്കുന്ന മണ്ഡലം സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് സൂചന.

മന്ത്രി ചിഞ്ചുറാണിക്ക് ഏര്‍പ്പെടുത്തിയ രഹസ്യവിലക്കും സമ്മേളനത്തില്‍ പൊട്ടിത്തെറി സൃഷ്ടിച്ചേക്കും. സഹകരണ ആശുപത്രി അഴിമതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധിക്കെതിരെ അച്ചടക്ക നടപടി എടുത്തതിന്റെയും ജില്ലാ സെക്രട്ടറി സ്ഥാനം 'വെടക്കാക്കി തനിക്കാക്കി' എന്ന് ആരോപിച്ചുമായിരുന്നു മുല്ലക്കരയുടെ പുസ്തകത്തിന് ഒരുവിഭാഗം വിലക്ക് ഏര്‍പ്പെടുത്തിയത്. പുതുതായി രൂപം കൊള്ളുന്ന പരവൂര്‍ കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് പ്രകാശ്ബാബു പക്ഷം മുന്നോട്ടുവയ്ക്കുന്ന മുന്‍ കോണ്‍ഗ്രസുകാരനാണ് പുസ്തക വില്പന പൊളിച്ചടുക്കാന്‍ പ്രധാനമായും കളത്തിലിറങ്ങിയിരുന്നത്. എന്നാല്‍ കാനം പക്ഷം വാശിയോടെ പുസ്തകത്തിന്റെ പ്രചരണവും വില്പനയും ഏറ്റെടുത്ത് വിജയിപ്പിച്ചിരുന്നു. ഇതിന്റെ കൂടി വൈരാഗ്യത്തില്‍ കാനം പക്ഷത്ത് നിന്നൊരാള്‍ സെക്രട്ടറി സ്ഥാനത്ത് എത്തരുതെന്ന നിലപാടിലാണ് പ്രകാശ്ബാബു പക്ഷം. കുറച്ചുകാലം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച സംസ്ഥാന നേതാവിനെ വെന്റിലേറ്റര്‍ സെക്രട്ടറിയെന്നും ഇക്കൂട്ടര്‍ അക്ഷേപിച്ചിരുന്നു.


ചിഞ്ചുറാണി അടക്കമുള്ള കാനം പക്ഷ നേതാക്കള്‍ക്ക് നേരത്തെ തന്നെ ചാത്തന്നൂരില്‍ വിലക്കുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ മണ്ഡലം കമ്മിറ്റിയില്‍ ചാത്തന്നൂരില്‍ സ്ഥാനാര്‍ഥിയായിക്കൂടി നിര്‍ദ്ദേശിച്ചതോടെ ചിഞ്ചുറാണിയുടെ പേര് ഉയര്‍ത്തിയവരെ മണ്ഡലം സമ്മേളനത്തില്‍ ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചനകള്‍ അണിയറയില്‍ തുടങ്ങി. ഇതു വകവയ്ക്കാതെ കാനം പക്ഷം ചാത്തന്നൂരില്‍ പരമാവധി വേദികള്‍ സംഘടിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സമ്മേളനത്തോടെ ചാത്തന്നൂരില്‍ കാനം പക്ഷത്തിന്റെ തല അരിയുമെന്നാണ് പ്രകാശ്ബാബു പക്ഷത്തിന്റെ വെല്ലുവിളി. ഇതു വ്യക്തമായി അറിയാവുന്ന ജില്ലയിലെ സംസ്ഥാന നേതാക്കള്‍ ചാത്തന്നൂര്‍ മണ്ഡലം സമ്മേളനത്തില്‍ അര്‍ഹരായവരെ സെക്രട്ടറി സ്ഥാനത്ത് നിന്നടക്കം വെട്ടിനിരത്താതിരിക്കാന്‍ പ്രത്യേക ജാഗ്രതയിലാണ്.

കാനംപക്ഷത്തോട് വിജയിപ്പുണ്ടെങ്കിലും സെക്രട്ടറി സ്ഥാനത്ത് നിന്നും അര്‍ഹരെ വെട്ടിനിരത്തരുതെന്ന നിലപാടിലാണ് ഇസ്മയില്‍ പക്ഷം. ഇതിനുപുറമേ സംസ്ഥാന സെക്രട്ടറിയാകാനുള്ള കുപ്പായം കരുതിവച്ചിരിക്കുന്ന സംസ്ഥാന നേതാവിന്റെ മകന്റെ ലഹരിമാഫിയ ബന്ധങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.