×
login
അപ്പുവിന്റെ വൈദഗ്ദ്ധ്യം പോലീസിന് തുണയായി, നീണ്ടൂര്‍ സ്‌കൂളിലെ മോഷണം: പ്രതികള്‍ പിടിയില്‍

സ്‌കൂള്‍ അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയില്‍ കമ്പ്യൂട്ടര്‍ ലാബില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ലാപ്‌ടോപ്പുകളും രണ്ട് കാമറകളും മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മറ്റ് റൂമുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു ലാപ്‌ടോപ്പ് കൂടി നഷ്ടപ്പെട്ടതായും കണ്ടെത്തി. കള്ളത്താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നതാണെന്ന് കണ്ടെത്തി.

ഏറ്റുമാനൂര്‍: നീണ്ടൂര്‍ എസ്‌കെവി സ്‌കൂളില്‍ മോഷണം നടത്തിയ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി ഏറ്റുമാനൂര്‍ പോലീസ്. കോട്ടയം ഡോഗ് സ്‌ക്വാഡിലെ നായയായ രവി എന്ന അപ്പുവാണ് പ്രതികളെ പിടികൂടുന്നതിനു നിര്‍ണായകമായ പങ്ക് വഹിച്ചത്. മോഷണവുമായി ബന്ധപ്പെട്ട് നീണ്ടൂര്‍ സ്വദേശികളായ ധനരാജ്, അരവിന്ദ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പോലീസ് അന്വേഷണം ആരംഭിച്ച ശേഷം നടത്തിയ പരിശോധനയില്‍ സ്‌കൂളിനു സമീപമുള്ള എസ്എന്‍ഡിപിയുടെ ഉപയോഗശൂന്യമായ ശുചിമുറിയില്‍ നിന്നു മോഷണം പോയ രണ്ട് ലാപ്‌ടോപ്പുകള്‍ കണ്ടെത്തിയിരുന്നു.  

 

മൂന്നാമത്തെ ലാപ്‌ടോപ്പ് എസ്എന്‍ഡിപിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നും ലഭിച്ചു. ഇതിനെത്തുടര്‍ന്നു ഡോഗ് സ്‌ക്വാഡിലെ നായയായ അപ്പുവിനെ സ്ഥലത്തെത്തിച്ചു. മണം പിടിച്ച നായ പ്രതികളുടെ വീടുകളിലേക്കു പായുകയായരുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് വാതിലിന്റെ താഴ് തകര്‍ത്ത നിലയില്‍ കാണപ്പെടുന്നത്. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ വാതില്‍ തുറന്നതായി കാണാത്തതിനാല്‍ മോഷണശ്രമം മാത്രമാണെന്നു കരുതി തിരികെ പോയി. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയില്‍ കമ്പ്യൂട്ടര്‍ ലാബില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ലാപ്‌ടോപ്പുകളും രണ്ട് കാമറകളും മോഷണം പോയതായി  കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മറ്റ് റൂമുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു ലാപ്‌ടോപ്പ് കൂടി നഷ്ടപ്പെട്ടതായും കണ്ടെത്തി. കള്ളത്താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നതാണെന്ന് കണ്ടെത്തി.  


 

മോഷണശേഷം മോഷ്ടാക്കള്‍ തന്നെ വാതില്‍ അടച്ചതാകാമെന്ന് പോലീസ് പറയുന്നു. തുടര്‍ന്നാണ് അപ്പുവിനെ സ്ഥലത്തെത്തിച്ചത്. മണം പിടിച്ച നായ പ്രതികളുടെ വീടുകളിലേക്ക് എത്തിയതോടെ മോഷണ സംഘത്തിലെ മൂന്നുപേര്‍ ഒളിച്ചിരുന്ന സ്ഥലത്തു നിന്നും ഇറങ്ങിയോടി. ഇതോടെ ഏറ്റുമാനൂര്‍ എസ്‌ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘം പിന്നാലെ ഓടി രണ്ടു പേരെ പിടികൂടി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അപ്പുവിന്റെ ഹാന്‍ഡ്‌ലര്‍മാരും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരുമായ പി.ജി സുനില്‍കുമാര്‍, എസ്.സജികുമാര്‍ എന്നിവരാണ് തിരച്ചിലിനു നേതൃത്വം നല്‍കിയത്. ഡിവൈഎസ്പി ജെ. സന്തോഷ് കുമാര്‍, ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ആര്‍. രാജേഷ് കുമാര്‍, എസ്‌ഐ പ്രശോഭ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.