×
login
ഏഴുവര്‍ഷത്തെ മാതൃകാഭരണം അടയാളപ്പെടുത്തുമ്പോള്‍

സര്‍ക്കാരിനെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും ഒരുപോലെ ഈ പുസ്തകം വായിക്കണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു. ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ചരിത്രകാരന്മാര്‍, പൊതുനയപരിശീലകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി രാജ്യത്തെ ഓരോ പൗരനും ഈ പുസ്തകം വായിക്കണം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് അറിയാനുള്ള അവകാശം അവര്‍ക്കുണ്ട്. വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ഇനിയും ചെയ്യേണ്ട ജോലികളെക്കുറിച്ചും ഓരോ ലേഖനങ്ങളിലുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏഴു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ അടയാളപ്പെടുത്തുകയാണ് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ, ആക്‌സലറേറ്റിങ് ഇന്ത്യ സെവന്‍ ഇയേഴ്‌സ് ഓഫ് മോദി ഗവണ്‍മെന്റ് എന്ന പുതിയ പുസ്തകത്തിലൂടെ. മോദി ഭരണത്തെക്കുറിച്ചുള്ള കൃത്യവും വ്യക്തവുമായ വിലയിരുത്തലാണ് ഈ പുസ്തകം. മോദി സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിലപ്പെട്ട പഠനമാവുകയാണ് ഈ പുസ്തകം.  

മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി എങ്ങനെയാവണം ഒരു മാതൃകാഭരണമെന്ന് മോദി തെളിയിക്കുകയായിരുന്നുവെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു. രാജ്യം വികസിച്ചാല്‍ മാത്രം പോരാ വികസനത്തിന്റെ ഗുണം ജനങ്ങളില്‍ എത്തണമെന്ന ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. സത്യസന്ധതയോടെ ആത്മാര്‍ത്ഥതയോടെ എങ്ങനെ കാര്യങ്ങള്‍ ചെയ്യാമെന്ന് അദ്ദേഹം കാണിച്ചു തന്നു. ഒരു രൂപ ജനങ്ങള്‍ക്കായി മുടക്കുകയാണെങ്കില്‍ അത് മുഴുവന്‍ ജനങ്ങള്‍ക്ക് ലഭിക്കണം എന്നതാണ് അദ്ദേഹത്തിന്റെ കണിശമായ നിലപാട്. അതുകൊണ്ട് തന്നെ കൃത്യമായ വിലയിരുത്തലുകള്‍ നടക്കുന്നു.

ഭരണം ഏഴുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വാഗ്ദാനം ചെയ്ത കാര്യങ്ങളില്‍ എന്തെല്ലാം നടപ്പാക്കി എന്ന വിലയിരുത്തല്‍ നടത്തുകയാണ് ഈ പുസ്തകത്തിലൂടെ. കൃത്യമായ കണക്കുകളുടെയും ആധികാരിക രേഖകളുടെയും അടിസ്ഥാനത്തിലാണ് ഓരോ അധ്യായങ്ങളും തയ്യാറാക്കിയിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ എഴു വര്‍ഷത്തെ ഭരണത്തെക്കുറിച്ചുള്ള ആധികാരിക രേഖയായിരിക്കും ഇത്. ഇത്തരത്തില്‍ ഒരു സര്‍ക്കാരിനെ വിലയിരുത്തിക്കൊണ്ടുള്ള പുസ്തകം ആദ്യമായിരിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു.

ആഭ്യന്തരസുരക്ഷ, പ്രതിരോധം, വിദേശനയം, വിദ്യാഭ്യാസം, സ്വച്ഛ്ഭാരത്, ഗതാഗതവും ഹൈവേകളും, കൃഷി, ആരോഗ്യം, സമ്പദ് വ്യവസ്ഥ, കൊവിഡ് പ്രതികരണം, ഡിജിറ്റല്‍ ഇന്ത്യ, പരിസ്ഥിതി, സാമൂഹികനീതിയും ശാക്തീകരണവും, മുത്തലാഖ് തുടങ്ങിയ 25 മേഖലകളിലെ മോദി സര്‍ക്കാരിന്റെ നയങ്ങളും നടപടികളുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പുറമെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, പ്രിന്‍സിപ്പല്‍ ഇക്കണോമിക് അഡൈ്വസര്‍ സഞ്ജീവ് സന്യാല്‍, മുന്‍ ആഭ്യന്തര വകുപ്പ്  സെക്രട്ടറി എല്‍.സി. ഗോയല്‍, മുന്‍ പ്രതിരോധ വകുപ്പ് സെക്രട്ടറി ജി. മോഹന്‍കുമാര്‍, കേരള മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആനന്ദബോസ് എന്നിവരുള്‍പ്പെടെ വിവിധ വകുപ്പുകളില്‍ ഉന്നത പദവിയിലിരുന്ന 28 പേരുടെ ലേഖനങ്ങളാണ് കണ്ണന്താനം എഡിറ്റ് ചെയ്ത പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ആണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്.


വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ അവലോകനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍, ജല്‍ ശക്തി അഭിയാന്‍, ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍, സാമ്പത്തിക രംഗത്തെ പരിഷ്‌കാരങ്ങള്‍, പ്രധാനമന്ത്രി ജന്‍ധന്‍ യോജന, സ്വച്ഛ് ഭാരത് അഭിയാന്‍ തുടങ്ങിയ പരിഷ്‌കാരങ്ങളെക്കുറിച്ച് അദ്ദേഹം വിലയിരുത്തുന്നു. 2020ല്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ നടന്നത് ഇന്ത്യയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വേള്‍ഡ് ബാങ്കിന്റെ ഗ്ലോബല്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം 2014-17 വര്‍ഷത്തില്‍ ലോകം മുഴുവന്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളില്‍ 55% ഇന്ത്യയിലാണ്. ഇതിന് കാരണമായത് പ്രധാനമന്ത്രി ജന്‍ധന്‍ യോജനയാണ്. ഇതുപ്രകാരം 420 മില്യണ്‍ അക്കൗണ്ടുകളാണ് ഇക്കാലയളവില്‍ തുറന്നത്. ഇതില്‍ 53% സ്ത്രീകളുടെ പേരിലാണ്. ഡയറക്ട് ബെനിഫിറ്റ് സ്‌കീം വഴി 12.9 ലക്ഷം കോടി രൂപയാണ് 363 പദ്ധതികള്‍ വഴി ജനങ്ങളിലേക്ക് എത്തിയത്. പ്രധാനമന്ത്രി ഉജ്ജ്വലയോജനവഴി 7.19 കോടി ഗ്യാസ് കണക്ഷന്‍ നല്‍കിയതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഗതാഗതം-ഹൈവേ, ഡിജിറ്റല്‍ ഇന്ത്യ എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചാണ് അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ രണ്ട് ലേഖനങ്ങളിലായി വിലയിരുത്തുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ 11 കിലോമീറ്ററായിരുന്നു ഒരു ദിവസത്തെ ശരാശരി നാഷണല്‍ ഹൈവേ നിര്‍മാണം. എന്നാലിപ്പോള്‍ അത് 31 കിലോമീറ്ററാണ്. 2013 -14 വര്‍ഷത്തില്‍ നാഷണല്‍ ഹൈവേയുടെ നീളം 92,851 കിലോമീറ്റര്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ 1,46,000 കിലോമീറ്ററായി. രാജ്യത്തെ ഏതൊരു സാധാരണക്കാരനും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് ഡിജിറ്റല്‍ ടെക്‌നോളജി മാറണമെന്നതാണ് മോദിയുടെ കാഴ്ചപ്പാട്. രാജ്യത്തിന്റെ വിവിധ മേഖലകള്‍ തമ്മില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ കണക്റ്റിവിറ്റി വഴി ബന്ധിപ്പിക്കാന്‍ കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. മൂന്നരലക്ഷം കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ ആരംഭിച്ച് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ ഇല്ലാത്ത സാധാരണക്കാരനിലേക്ക് വിവരസാങ്കേതിക വിദ്യയുടെ പുരോഗതിയുടെ നേട്ടം എത്തിച്ചതായി അദ്ദേഹം രേഖപ്പെടുത്തുന്നു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുത്തലാഖിനെക്കുറിച്ച് ഖുറാന്‍ വചനങ്ങളും വിവിധ ഇസ്ലാമിക പണ്ഡിതരുടെ വാക്കുകളും ഉദ്ധരിച്ച് വിശദമായ ലേഖനമാണ് എഴുതിയിരിക്കുന്നത്. മോദിയില്‍ നിന്ന് തനിക്കുണ്ടായ അനുഭവവും അദ്ദേഹം പരാമര്‍ശിക്കുന്നു. 2017 ഒക്ടോബര്‍ ആറിന് അദ്ദേഹം പ്രധാനമന്ത്രിക്ക് ആറ് പേജുള്ള ഒരു കത്ത് എഴുതി. മുത്തലാഖുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ ലംഘനത്തെക്കുറിച്ചും നിയമനിര്‍മ്മാണത്തിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കുന്നതായിരുന്നു ആ കത്ത്. തൊട്ടടുത്തദിവസം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഈ വിഷയത്തെക്കുറിച്ച് മോദിയുമായി ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ച് ഫോണ്‍ വിളി വന്നു. പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. എനിക്ക് എല്ലാം മനസ്സിലായി, ഇപ്പോള്‍ നിങ്ങള്‍ ആരെയും സമീപിക്കേണ്ടതില്ല, പകരം അവര്‍ നിങ്ങളെ സമീപിക്കുമെന്നായിരുന്നു മോദി മറുപടി നല്‍കിയതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ലേഖനത്തില്‍ പറയുന്നു. നിയമമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒക്ടോബര്‍ ഒന്‍പതിന് അവരുമായി കൂടിക്കാഴ്ച നടത്തുകയും വിദേശരാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്തു. ആഴ്ചകള്‍ക്ക് ശേഷം, ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടതായും അദ്ദേഹം എഴുതുന്നു.

സര്‍ക്കാരിനെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും ഒരുപോലെ ഈ പുസ്തകം വായിക്കണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു. ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ചരിത്രകാരന്മാര്‍, പൊതുനയപരിശീലകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി രാജ്യത്തെ ഓരോ പൗരനും ഈ പുസ്തകം വായിക്കണം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് അറിയാനുള്ള അവകാശം അവര്‍ക്കുണ്ട്. വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ഇനിയും ചെയ്യേണ്ട ജോലികളെക്കുറിച്ചും ഓരോ ലേഖനങ്ങളിലുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.