ബെന്യാമിന്റെ നോവലായ 'ആടുജീവിതം' മൊഹമ്മദ് അസദിന്റെ 'ദ റോഡ് ടു മെക്ക' എന്ന പുസ്തകത്തിന്റെ മോഷണമാണെന്ന വിമര്‍ശനമുയര്‍ന്നപ്പോള്‍ ഈ കൃതിയുടെ വിവര്‍ത്തകനായ ഡോ.എം.എന്‍. കാരശ്ശേരി ചില വാദഗതികളുമായി രംഗത്തുവരികയുണ്ടായി. ബെന്യാമിന്റെ നോവലിനെതിരെ ഇപ്പോള്‍ വിമര്‍ശനമുയരുന്നത് മറ്റ് ചില കാരണങ്ങളാലാണെന്ന് കാരശ്ശേരി ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബെന്യാമിന് ഒരു ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനെത്തിയതാണ് കാരശ്ശേരി പറയാതെ പറയുന്ന കാരണം. എന്നാല്‍ 'ആടുജീവിത'ത്തിനെതിരായ വിമര്‍ശനം ആ കൃതി ഇറങ്ങിയപ്പോള്‍ തന്നെ ഉയര്‍ന്നതാണെന്ന വസ്തുത കാരശ്ശേരി കാണാതെ പോകുന്നു. സൗദി അറേബ്യയുടെ പശ്ചാത്തലത്തില്‍ 'പൊടിക്കാറ്റ്' എന്ന ശ്രദ്ധേയമായ നോവലെഴുതിയ എ.പി. അഹമ്മദ് പത്ത് വര്‍ഷം മുന്‍പ് എഴുതി 'ഗള്‍ഫ് ന്യൂസ്' പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
എ.പി. അഹമ്മദ്
ആവിഷ്കാര സ്വാതന്ത്ര്യം പോലെ എഴുത്തുകാരന്റെ അവകാശമാണ് വിപണന തന്ത്രങ്ങളും. എന്നാല്‍ 'ആടുജീവിതം' എന്ന കൃതി ബെന്യാമിന് വിറ്റഴിക്കുന്നത് സൗദി അറേബ്യയെക്കുറിച്ച് ഇപ്പോഴും നാട്ടുമലയാളിയുടെ മനസ്സില്‍ നിലനില്‍ക്കുന്ന അജ്ഞതയുടെ ചന്തയിലാണ്. കാട്ടറബിയുടെ ക്രൂരകൃത്യങ്ങളെക്കുറിച്ചുള്ള ഭയാനകമായ കെട്ടുകഥകള്‍ക്ക് അനുബന്ധം ചാര്‍ത്തുകയെന്ന കുറ്റകൃത്യമാണ് ഈ നോവലും അനുഷ്ഠിക്കുന്നത്. സക്കറിയ മുതല്‍ ബാബു ഭരദ്വാജ് വരെയുള്ള എഴുത്തുകാര്‍ ഒട്ടും കഥയില്ലാതെ രേഖപ്പെടുത്തിയ സത്യങ്ങളെപ്പോലും അട്ടിമറിക്കുന്നതാണ് അതിന്റെ പ്രമേയം. അതുകൊണ്ട് തന്നെ സൗദി അറേബ്യന്‍ മലയാളികളെ സവിശേഷമായി ഉണര്‍ത്തേണ്ടതും, ഇവിടത്തെ മലയാളി എഴുത്തുകാരെ കര്മനിരതരാക്കേണ്ടതുമാണ് അക്കാദമി അവാര്‍ഡ് നേടിയ ഈ കൃതി.
''നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.'' മുഖത്താളില്‍ ഇങ്ങനെ പ്രഖ്യാപിച്ചുകൊണ്ടാണ് ആടുജീവിതം പുറത്തിറങ്ങിയത്. ഇതിനകത്ത് പറയാന്‍ പോകുന്നത് കഥയല്ലെന്നും സൗദി അറേബ്യയില്‍ മലയാളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിത ജീവിതം ഒട്ടും കഥ ചേര്‍ക്കാതെ പകര്‍ത്തിയതാണെന്നും കഥാകൃത്ത് ആണയിടുന്നു. ആടുജീവിതം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല. ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ് എന്ന് എന്‍. ശശിധരന്റെ നിരൂപക സാക്ഷ്യവും ഇതോടൊപ്പം വായിക്കാം.
ഈ പുസ്തകത്തോടുള്ള വിയോജിപ്പുകള്‍ ആരംഭിക്കേണ്ടതും ഇവിടെയാണ്. ജീവിതമെന്ന വ്യാജേന പറഞ്ഞുകൂട്ടിയ അനുഭവങ്ങളില്‍ ഒട്ടുമുക്കാലും അസത്യങ്ങളും അതിശയോക്തികളും ആണെന്ന് സൗദി ജീവിതം അറിഞ്ഞ ഏതൊരാള്‍ക്കും എളുപ്പത്തില്‍ പറയാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ ഒരു ചോദ്യമേ ബാക്കിയാവൂ. ഈ നുണകളുടെ പിതൃത്വം ആര്‍ക്കാണ്? പറഞ്ഞുകൊടുത്ത കഥാനായകനോ അതോ പകര്‍ത്തിയെഴുതിയ കഥാകൃത്തിനോ? ആരുടെ ഭാവനയില്‍ വിരിഞ്ഞതാണെങ്കിലും ഈ എരിവുള്ള നുണകള്‍ ചൂടോടെ വിറ്റുപോയിരിക്കുന്നു.(രണ്ടുവര്‍ഷത്തിനകം നാലു പതിപ്പുകള്‍). അക്കാദമിയെ മാത്രമല്ല, എം. മുകുന്ദനെയും ഈ നോവല്‍ വിസ്മയിപ്പിച്ചിരിക്കുന്നു. ഈ വിസ്മയങ്ങളുടെയൊക്കെ അടിത്തറ ഒന്നുമാത്രം. സൗദി അറേബ്യയില്‍ ഇതും ഇതിലപ്പുറവും നടക്കുന്നു എന്ന മുന്‍ധാരണ!
കള്ളക്കഥയുടെ കള്ളി വെളിച്ചത്താവുന്ന ധാരാളം വസ്തുതകള്‍ പ്രാഥമികമായിത്തന്നെ ചൂണ്ടിക്കാണിക്കാനാവും. ഒന്നാമത് റിയാദിലെ ബത്ഹയില്‍ പോലീസ് സ്റ്റേഷനില്ല. ഏറ്റവും അടുത്തുള്ളത് ഗുറാബി പോലീസ് സ്റ്റേഷന് ആണ്. സുമേസിയിലാണ് രാജ്യത്തെ ഏറ്റവും വലിയ തടവറ എന്ന് ബെന്യാമിന് പറയുന്നു. എന്നാല്‍ സുമെസിയില് ജയില്‍ തന്നെയില്ല. അല്ഖൈറിലും മലാസിലുമാണ് റിയാദില്‍ ജയിലുള്ളത്. സുമേസിയിലുള്ളത് ഒരു ഡീപോര്ട്ടേഷന് സെന്റര്‍ മാത്രമാണ്. മതിയായ താമസരേഖകളില്ലാതെ പിടിയിലാകുന്നവരെ യാത്രാ ദിവസം വരെ പാര്‍പ്പിക്കാനുള്ള ഇടത്താവളം. അല്ലാതെ കുറ്റവാളികളെ വര്‍ഷങ്ങളോളം തടവിലിട്ട് പീഡിപ്പിക്കാനുള്ള യാതൊരു സംവിധാനവും അവിടെയില്ല.
അല്ലെങ്കിലും കൊലപാതകം, മയക്കുമരുന്ന് കേസുകളില്‍ വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ചവരെപ്പോലും ജയിലധികൃതര്‍ പീഡിപ്പിച്ചതായി സൗദിയില്‍ പരാതിപ്പെട്ടു കണ്ടിട്ടില്ല. നമ്മുടെ നാട്ടിലെന്നപോലെ ഇവിടേയും ചോദ്യം ചെയ്യല്‍ വേളയില്‍ ഭേദ്യം ചെയ്യലുണ്ടാവാം. ''ഞങ്ങളെ പിടിക്കൂ, ഒന്നു നാടുകടത്തിത്തരൂ'' എന്നാവശ്യപ്പെട്ട് അകത്തായവരെ പിന്നെന്തിന് മര്‍ദ്ദിക്കണം! പോലീസ് സ്റ്റേഷനുകളില്‍ താരതമ്യേന ഭേദപ്പെട്ട പെരുമാറ്റ മുറകളാണ് സൗദിയില്‍ ഞാന്‍ അനുഭവിച്ചിട്ടുള്ളത്.
ബെന്യാമിന്റെ കഥാപാത്രം സൃഷ്ടിക്കുന്ന ഭാഷാലോകവും സൗദിയിലിരുന്ന് വായിക്കുമ്പോള്‍ തീര്‍ത്തും പരിഹാസ്യമായി അനുഭവപ്പെടുന്നു. ഇവിടെ വിദേശികളുടെ തിരിച്ചറിയല്‍ കാര്‍ഡിന് ആരും പത്താക്ക എന്ന് പറയാറില്ല. ഇഖാമ എന്നാണ് ഐഡി കാര്‍ഡിന്റെ അറബി പേര്. തൊഴിലുടമയായ സൗദി പൗരനെ ആരും അര്‍ബാബ് എന്നു വിളിക്കാറില്ല. കഫീല്‍ എന്നാണ് അറിയപ്പെടുന്നത്. അബായ എന്നു വിളിക്കുന്നത് അറബി പുരുഷന്മാരുടെ നീളനുടുപ്പിനെയല്ല, മറിച്ച് സ്വദേശികളും വിദേശികളുമായ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ അണിയേണ്ട മേല്‍വസ്ത്രമാണിത്. പുരുഷന്മാരുടെ നീളനുടുപ്പിന് തോബ് എന്നാണ് പേര്. ശൂഫ് (നോക്ക്) എന്നത് ചൂഫ് ആയി മാറിയത് മനസ്സിലാക്കാം. എന്നാല്‍ ജീഹാം എന്നൊരു പുതിയ അറബി വാക്ക് ശരി എന്ന അര്‍ത്ഥത്തില്‍ ബെന്യാമിന് അവതരിപ്പിക്കുമ്പോള്‍ കഥയിലെ വില്ലന്‍ ഏതോ ഹിന്ദിക്കാരനാണെന്ന് തോന്നിപ്പോകും.
അപരിഷ്കൃതരായ അറബ് ഗോത്രവര്‍ഗക്കാരുടെ കഥകള്‍ ലോക സാഹിത്യത്തിന് അപരിചിതമല്ല. അവരുടെ നാടോടി സംസ്കാരവും ആചാരമുറകളും ആതിഥ്യ മര്യാദകളും ഏറെ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ആരുടെ ഭാവനയിലും വിരിയാത്ത മട്ടിലുള്ള നിഷ്ഠുരതയാണ് ബെന്യാമിന് ഈ കഥയിലെ അറബ് കഥാപാത്രങ്ങള്‍ക്ക് കല്പ്പിച്ചു കൊടുത്തിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം സൗദി അറേബ്യയില്‍ കഴിയുന്ന എത്രയോ മലയാളികള്‍ ബദുവിയന്‍ അറബികളുടെ നീതിബോധത്തിന്റെയും കാരുണ്യത്തിന്റെയും കഥകള്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ അയവിറക്കാറുണ്ട്. ബെന്യാമിന് പടച്ചുവിട്ട കാടത്തവും കാട്ടാളത്തവും നിറഞ്ഞ 'അര്‍ബാബ്' അത്തരം മനുഷ്യരെ വിസ്മയിപ്പിക്കുകയല്ല, വേദനിപ്പിക്കുകയാണ് ചെയ്യുന്നത്.
ആസനത്തില്‍ കമ്പു കുത്തിക്കയറ്റുകയും, മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും, മുടി വലിച്ചു പറിക്കുകയും കാടി വെള്ളത്തില്‍ തലപിടിച്ചു മുക്കുകയും, നെഞ്ചത്ത് തൊഴിക്കുകയുമൊക്കെ ചെയ്യുന്ന ഒരു സാഡിസ്റ്റ് വില്ലനെ ഏതു ഹൊറര്‍ സിനിമയില്‍നിന്നും നമുക്ക് കടമെടുക്കാം. പക്ഷേ, ഒട്ടകത്തിന്റെ നിര്‍ഭയത്വവും ആടിന്റെ നിഷ്കളങ്കതയുമായി ജീവിക്കുന്ന അറേബ്യന്‍ നൊമാഡുകളെ ഇത്തരം കഥാപാത്രങ്ങളായി ബെന്യാമിന് അവതരിപ്പിക്കുന്നത് കഥയല്ല, ജീവിതം തന്നെയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ്. അനുസരിക്കാത്ത ഇടയന്മാരെ കൊന്ന് കുഴിച്ചുമൂടുന്ന ഈ മുട്ടാളന്റെ നീതിബോധം ബെന്യാമിന് മനസ്സിലാക്കുന്നത് ഇങ്ങനെയാണ്. ''അറബി അവന്റെ നിയമം അവന്റെ ഇഷ്ടംപോലെ നടപ്പാക്കും.'' തെറി പറയുകയും തുപ്പുകയും അങ്ങേയറ്റം അടിക്കുകയും ചെയ്യുന്ന അറബികളുണ്ട്. പക്ഷേ ബെന്യാമിന്റെ വില്ലന്മാര് തൊട്ടതിനൊക്കെ ബെല്‍റ്റൂരി അടിക്കുന്നത് കൗതുകം പകരുന്നു. തോബ് ധരിക്കുന്ന ഈ അറബികള്‍ എവിടെയാണാവോ തല്ലാനായി മാത്രം ഒരു ബല്‍റ്റ് ഒളിപ്പിച്ചു വയ്ക്കുന്നത്?
വായനക്കാരെ ഉത്കണ്ഠയുടെ കുന്തമുനയിലുയര്ത്താനായി, ബെന്യാമിന് ചോദിക്കുന്ന ഒരു ചോദ്യം സൗദിയിലെ മലയാളികളില്‍ പരക്കെ ചിരി ഉയര്‍ത്തും. ചോദ്യമിതാണ്: ''ഒരാള്‍ സ്വയം ആഗ്രഹിച്ച് ജയിലിനുള്ളില്‍ അകപ്പെടാന്‍ കാരണമാകുന്നുവെങ്കില്‍, അയാള്‍ അതിനു മുന്‍പ്
വേദനയുടെ എത്ര തീ തിന്നിട്ടുണ്ടാവും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവുമോ?'' ഉറപ്പിച്ചു പറയാവുന്ന ഉത്തരം ഇതാണ്: ''കഥാകൃത്തിന് സൗദി അറേബ്യയെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് ഊഹിക്കാനാണ് എളുപ്പം. കാരണം അനധികൃത താമസക്കാരനാണ് താനെന്ന് കാണിച്ച് സ്വയം പിടികൊടുക്കാന്‍ പൊതുസ്ഥലങ്ങളില്‍ കാത്തുകിടക്കുന്ന ആയിരങ്ങളെ ഇവിടെ എന്നും കാണാനാവും. തീര്‍ത്ഥാടന വിസകളില്‍ വന്ന് അനധികൃതമായി താമസിച്ച് വര്‍ഷങ്ങള്‍ക്കുശേഷം ചെലവില്ലാതെ നാട്ടിലെത്താനുള്ള പോംവഴിയാണ് 'പിടുത്തം കൊടുക്കല്‍.' ആടെന്തറിഞ്ഞു അങ്ങാടി വാണിഭം എന്ന ചൊല്ലുപോലെ, ബെന്യാമിനെന്തറിഞ്ഞു, അറേബ്യന്‍ ജീവിതം?
അറബ് നാടോടി ജീവിതത്തിന്റെ ചരിത്രത്തെക്കുറിച്ചും കഥാകൃത്തിന് ആഴമേറിയ അജ്ഞതയുണ്ട്. കുഞ്ഞാടുകള്‍ക്ക് തള്ളയാടിന്റെ അകിട്ടില്‍നിന്നു പാലു കൊടുക്കുന്നതിനു പകരം എല്ലാ തള്ളപ്പാലും ഒരേ പാത്രത്തില്‍ പകര്‍ന്നുവെച്ച് എല്ലാ കുഞ്ഞുങ്ങളും പങ്കിട്ടു കുടിക്കുന്നതിനെ വല്ലാത്തൊരു ധര്‍മരോഷത്തോടെ കാണേണ്ടതുണ്ടോ?
ഓരോ സംസ്കാരത്തെയും അതതിന്റെ ഗുണദോഷങ്ങളോടെ തിരിച്ചറിഞ്ഞാല്‍ പോരേ? ''ഒരാടിനും അതിന്റെ അമ്മയുമായി, അല്ലെങ്കില്‍ അതിന്റെ കുട്ടിയുമായി ആത്മബന്ധമുണ്ടാകാതിരിക്കലാണോ ഈ കൂട്ടക്കുടിപ്പീരുകൊണ്ട് ഉദ്ദേശിക്കുന്നത്? ആവോ ആര്‍ക്കറിയാം! അതാണ് അറബികളുടെ രീതി''- കഥാകൃത്തിന്റെ ഈ ആക്ഷേപത്തിന് എന്തെന്ത് അര്ത്ഥങ്ങളുണ്ടാവാം!
മഴയോടുള്ള അറബി സമൂഹത്തിന്റെ പ്രതികരണമാണ് തീര്‍ത്തും വിരുദ്ധമായ ചിത്രം സൃഷ്ടിക്കുന്ന ബെന്യാമിന്റെ ഭാവന! മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍ ദേഹത്ത് വെള്ളം വീഴുന്നതിന്റെ വേദന കഠിനമായിരുന്നുവെന്നും, ലോകത്തില്‍ മറ്റെന്തിനേക്കാളും അധികമായി അര്‍ബാബ് (അറബി) മഴയേയും വെള്ളത്തെയും പേടിക്കുന്നുവെന്നും എഴുതിയാല്‍ നാട്ടുമലയാളിയെ ആശ്ചര്യപ്പെടുത്താം. പക്ഷേ, മഴക്കുവേണ്ടി ദാഹിക്കുകയും കൂട്ടപ്രാര്‍ത്ഥന നടത്തുകയും, മഴയെ ആഘോഷമായി വരവേല്‍ക്കുകയും ചെയ്യുന്ന ഒരു ജനതയോടും അറബി അറിയുന്നവരോടും ഇമ്മാതിരി ഭാവനാവിലാസം കുറേ കടന്ന കൈതന്നെ!
അറേബ്യന്‍ മരുഭൂമിയുടെ ഭൂമിശാസ്ത്രത്തെക്കുറിച്ചും ഇതേ അജ്ഞത കഥാകൃത്തിനെ നയിക്കുന്നുണ്ട്. മരുഭൂമി താണ്ടുന്നതിനിടയില്‍ കഥാനായകന് ഒരു പുഴയുടെ പാടുകള്‍ കണ്ടെത്തുന്നത് ഒരുദാഹരണം മാത്രം. ''ഈ മണല്‍ക്കാടിനു നടുവിലൂടെ, ഈ മരുച്ചൂടിന്റെ അടിയിലൂടെ ഒരുകാലത്ത് ഒരു നദി ഒഴുകിയിരുന്നു എന്നു വിശ്വസിക്കാന്‍ തന്നെ പ്രയാസം'' എന്ന് ബെന്യാമിന് എഴുതുന്നു. അവിശ്വസിക്കേണ്ട യാതൊരു കാര്യവുമില്ല. കാരണം അറേബ്യന്‍ മരുഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള പ്രാഥമിക പഠനം മനസ്സിലാക്കിയാല്‍ മതി. മഹാസമുദ്രം ഒഴിഞ്ഞുപോയ കടലിടമാണ് ഈ മരുഭൂമി. സമുദ്രത്തിന്റെ അടിത്തട്ടിലെ നിമ്നോന്നതികളോ ജലപ്രവാഹങ്ങളോ ആകണം മരുഭൂമിയില്‍ കണ്ട പുഴപ്പാടുകള്‍.
ചുരുക്കത്തില്‍ സൗദി അറേബ്യന്‍ ജീവിതവുമായി ഒരു തരത്തിലും പൊരുതപ്പെടാത്ത കെട്ടുകഥയാണ് അനുഭവകഥയായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 1992 ല്‍ മാത്രം സൗദി അറേബ്യയിലെത്തിയ ഒരാള്‍ യാതൊരു കാരണവശാലും അനുഭവിക്കാനിടയില്ലാത്ത ഭാവനാവിലാസങ്ങളാണ് സൗദി ജീവിതമെന്ന നിലയില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഏതോ ഒരു നിര്ഭാഗ്യവാന് അകപ്പെട്ടുപോയ ഒറ്റപ്പെട്ട അപകടമായിട്ടല്ല ഇത് വായിക്കപ്പെടുന്നത്. കൊള്ളക്കാരും കാട്ടാളന്മാരും ഏത് സമൂഹത്തിലും എല്ലാ കാലത്തും കാണപ്പെടുന്നുണ്ട്. അത്തരമൊരു പൊതുബോധമല്ല ഈ നോവലിന് സ്വീകാര്യത നല്‍കുന്നത്. മറിച്ച് സൗദി അറേബ്യന്‍ ജീവിതത്തെക്കുറിച്ചുള്ള ഏത് കല്പിത കഥയും വിശ്വസിക്കാനുള്ള ഒരു മനോമണ്ഡലം മലയാളി സമൂഹം പാകപ്പെടുത്തിവച്ചിട്ടുണ്ട്. ആ മണ്ണില്‍ പാകത്തിന് വിത്തിട്ട് മുളപ്പിച്ചതാണ് ആടുജീവിതത്തിന്റെ വിജയം. അതുകൊണ്ടുതന്നെ അറേബ്യന്‍ നരജീവിതം സത്യസന്ധമായി ചിത്രീകരിച്ചുകൊണ്ട് ഈ കൃതിയോട് സര്‍ഗാത്മകമായി പ്രതികരിക്കേണ്ട ബാധ്യത ഇവിടെ ജീവിക്കുന്ന എഴുത്തുകാര്‍ക്കുണ്ട്.
ഇനി ഈ നോവല്‍ വെറും കഥയാണ് എന്ന പുതുവാദവുമായി കഥാകൃത്ത് വന്നാലോ, കലാപരമായ മാനദണ്ഡപ്രകാരം ഈ കൃതി സ്വീകാര്യതയുടെ പ്രാഥമിക റൗണ്ട് കടന്നുകൂടുകയില്ല. കാരണം പ്രമേയത്തിലെ കൃത്രിമത്വവും അവിശ്വാസ്യതയും പോലെ തന്നെ അരോചകമാണ് അവതരണത്തിലെ അസ്വാഭാവികത! അഞ്ചാം ക്ലാസ്സുവരെ മാത്രം സ്കൂളില്‍ പഠിക്കുകയും, പുഴയില്‍ മണല്‍വാരുന്ന തൊഴില്‍ മാത്രം അഭ്യസിക്കുകയും ചെയ്ത നജീബ് എന്ന പാവം മനുഷ്യന്റെ ഭാഷയിലും ചിന്തയിലും കഥാകൃത്ത് കുത്തിച്ചെലുത്തുന്ന ദാര്‍ശനിക വിചാരങ്ങള്‍ ആസ്വാദനത്തിന്റെ ഒരു തലത്തിലും പൊരുത്തപ്പെടാവുന്നവയല്ല. ചില ഉദാഹരണങ്ങള്‍: ''മനുഷ്യന് സാമൂഹിക ജീവിതം തുടങ്ങിയ കാലം മുതല്‍-ബി.സി. ആറായിരം ഏഴായിരം കാലം മുതല്ക്കുതന്നെ-മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്ന ജീവിയാണ് ആട്'' (നജീബിന്റെ നരവംശ ശാസ്ത്രജ്ഞാനം എത്ര അഗാധം!)
''എല്ലാ ഭാഷയിലെയും എല്ലാ മതത്തിലെയും എല്ലാ എഴുത്തുകാരും മരുഭൂമിയെ ബോധോദയത്തിന്റെയും ആത്മീയ ഉണര്‍വിന്റെയും ഇടമായിട്ടാണ് കണ്ടിട്ടുള്ളത്'' (ആത്മീയ ചരിത്രം, വിശ്വസാഹിത്യം എത്ര സമഗ്രമായ ലോകബോധം!) ''എന്റെ എല്ലാ സമയങ്ങളും ഓരോ ഊഹങ്ങളാണ്. ഒരു ഏകാന്ത ജീവിയെ സംബന്ധിച്ചിടത്തോളം സമയം, കാലം എന്നിവയൊക്കെ വെറും സങ്കല്‍പ്പങ്ങള്‍ മാത്രം.'' (യോഗീസമാനമായ ബൗദ്ധിക നിരീക്ഷണം!)കൃത്രിമവും അസ്വാഭാവികവുമായ ചിത്രങ്ങള്‍ ഈ നോവലില്‍ ഉടനീളം കാണാവുന്നതാണ്.
കഥാനായകന്റെ കൊക്കില്‍ കൊള്ളാത്ത വാക്കുകളും മനസ്സിലൊതുങ്ങാത്ത ദര്‍ശനങ്ങളും വായിച്ചു തുടങ്ങുമ്പോള്‍ തന്നെ, അനുവാചകന് കഥാഗതിയോട് വിടപറയുന്നു. പിന്നെ ഈ നോവല്‍ വായിച്ചു തീര്‍ക്കുന്നത് ഒരു വൈജ്ഞാനിക ഗ്രന്ഥം പഠിക്കുന്ന താല്‍പ്പര്യത്തോടെയാണ്. സൗദി അറേബ്യ ഇതൊക്കെയാണല്ലോ എന്ന് കേട്ടുവച്ച ധാരണകള്‍ ഉറപ്പിക്കാനാണ് പൊതു സമൂഹത്തിന് ഈ പുസ്തകം പ്രയോജനപ്പെടുന്നത്. പ്രവാസി മലയാളികള്‍ ഇതു കഷ്ടപ്പെട്ടു വായിച്ചത്, തങ്ങള്‍ കണ്ട ജീവിതം ഇതിലുണ്ടോ എന്നറിയാനാണ്. പക്ഷേ കണ്ടതിനും കൊണ്ടതിനും വിരുദ്ധമായ ഒരു ചിത്രമായി സ്വന്തം ജീവിതം അട്ടിമറിക്കപ്പെട്ടതിന്റെ ഞെട്ടലാണ് അവരില്‍ അവശേഷിക്കുന്നത്!
മലയാള സാഹിത്യ കമ്പോളത്തില്‍ വില്ക്കപ്പെട്ട ഒരു ആടായി സൗദി അറേബ്യന്‍ മലയാളി സമൂഹം സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്രംഗ്ദള് ശൗര്യറാലി
വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം