×
login
ചലച്ചിത്ര നഭസ്സിലെ ശുക്രതാരകം

വായന

തുളസി കോട്ടുക്കല്‍

ലയാള ചലച്ചിത്രരംഗത്തെ അതികായരില്‍ അപൂര്‍വ വ്യക്തിത്വത്തിനുടമയായ പ്രതിഭാധനനാണ് മോഹന്‍ലാല്‍. കാലദേശാതിവര്‍ത്തിയായ അദ്ദേഹത്തിന്റെ ജീവിതത്തില്‍ അനവധി അപൂര്‍വ നിമിഷങ്ങളുണ്ട്. അത്തരം ചില നിമിഷങ്ങളെ അയത്‌ന ലളിതവും ആസ്വാദാകര്‍ഷകവുമായ രീതിയില്‍ ആവിഷ്‌കരിക്കുന്ന ഒരു കൃതിയാണ് പി. ശ്രീകുമാറിന്റെ മോഹന്‍ലാലും കൂട്ടുകാരും. ആ ശീര്‍ഷകത്തില്‍ തന്നെ ഗ്രന്ഥത്തിന്റെ തനിമയും ഗരിമയും നമുക്ക് പ്രത്യക്ഷമാകുന്നു. മഹാനടനായ മോഹന്‍ലാലിന്റെ 41 വര്‍ഷത്തെ കൂട്ടായ്മയില്‍ ഈ ശുക്രതാരത്തിനൊപ്പം പ്രകാശമേറ്റു നില്‍ക്കുന്ന ഏതാനും താരങ്ങളെയാണ് പി. ശ്രീകുമാര്‍ ഇതില്‍ കൊണ്ടുവന്നിരിക്കുന്നത്. ഒരാളുടെ ജീവിതപുസ്തകത്തില്‍ ഇത്തരം താളുകള്‍ ചേര്‍ക്കുക എന്നത് അപൂര്‍വ്വമായ ഒന്നാണ്; പ്രത്യേകിച്ചും മലയാളത്തില്‍. ഒരു കാര്യം ഉറപ്പിക്കാം. ഇത്തരമൊരു അനുശീലന പുസ്തകം മലയാളത്തില്‍ പ്രഥമമാണ്.

ലബ്ധ പ്രതിഷ്ഠ നടനായ മോഹന്‍ലാലിന്റെ അഭിനയത്തെ ചങ്ങാതിമാരുടെ കാഴ്ചപ്പാടിലൂടെയും ആ ചങ്ങാതിമാരെ മോഹന്‍ലാല്‍ എന്ന നടന്‍ എങ്ങനെ ഹൃദയത്തില്‍ താലോലിക്കുന്നുവെന്നും ഗ്രന്ഥകര്‍ത്താവ് ഈ ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. മോഹന്‍ലാലിനെക്കുറിച്ച് എസ്. കുമാര്‍ പറയുന്നത് നോക്കുക:

''മോഹന്‍ലാലിനെപ്പോലെ ഞാന്‍ മറ്റൊരു നടനേയും കണ്ടിട്ടില്ല. അമിതാഭ് ബച്ചന്‍ പോലും ലാലിനൊപ്പം വരില്ല; ഇതുവരെ വന്നിട്ടില്ല. ഇനി അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമോ എന്നറിയില്ല.'' ഫോട്ടോഗ്രാഫി തനതു ശൈലിയാക്കി എസ്. കുമാറാണ് ലാലിന്റെ മുഖം ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയത്.  


കഥാപാത്രങ്ങളുടെയും കഥാഭാഗ പാത്രങ്ങളുടെയും അതിസൂക്ഷ്മമായ നിരീക്ഷണങ്ങള്‍ ഈ നടന്‍ ഉള്‍ക്കൊള്ളുന്നിടത്തോളം മലയാളത്തില്‍ ആരും കരഗതമാക്കുന്നില്ലെന്ന ഗ്രന്ഥകര്‍ത്താവിന്റെ വിലയിരുത്തല്‍ അത്യധികം നീതിനിഷ്ഠമാണ്. പ്രേക്ഷക മനസ്സുകളില്‍ അതിശക്തമായ വൈകാരിക പ്രകമ്പനങ്ങളും അനുഭൂതിയുടെ അനുരണനങ്ങളും സൃഷ്ടിക്കുന്നവയാണ് ലാലിന്റെ ഏറെ സിനിമകളും. കിരീടം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ഉദാഹരണങ്ങള്‍.

അഭിനയാഖ്യാനത്തിന് മുന്‍തൂക്കം നല്‍കുന്ന കഥാപാത്രങ്ങളെ സ്വീകരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയജീവിതത്തെക്കുറിച്ചും താത്വികമായി പലരും എഴുതിയിട്ടുണ്ട്. ഇവയില്‍നിന്നെല്ലാം ഈ ഗ്രന്ഥം വേറിട്ടു നില്‍ക്കുന്നത് ആവിഷ്‌കാര ചാതുരിയിലും ശില്‍പരീതിയിലും ഗ്രന്ഥകര്‍ത്താവ് പിന്തുടര്‍ന്ന നൂതന പാത മൂലമാണ്. വിഖ്യാതരായ മോഹന്‍ലാലിന്റെ ചങ്ങാതിമാരുടെ വീക്ഷണകോണില്‍നിന്നാണ് ശ്രീകുമാര്‍ ഈ ഗ്രന്ഥത്തിന് രൂപകല്‍പന നല്‍കിയിരിക്കുന്നത്. പ്രിയദര്‍ശന്‍, അശോക് കുമാര്‍, ജി. സുരേഷ് കുമാര്‍, എം.ജി. ശ്രീകുമാര്‍, എസ്. കുമാര്‍, മണിയന്‍പിള്ള രാജു, കെ. സനല്‍ കുമാര്‍, കിരീടം ഉണ്ണി തുടങ്ങിയവരുടെ ഹൃദയച്ചിമിഴ് ലാലിനുവേണ്ടി നിര്‍ബന്ധപൂര്‍വ്വം തുറക്കുകയാണ് ഗ്രന്ഥകര്‍ത്താവ്. ഈ ചങ്ങാതിമാരുടെ ഹൃദയമാണ് ഈ ഗ്രന്ഥത്തില്‍ ഗ്രന്ഥകര്‍ത്താവ് തുറന്നുവച്ചിരിക്കുന്നത്.  

മോഹന്‍ലാല്‍ എന്ന ഔന്നത്യത്തിന്റെ മഹാശിഖരങ്ങളിലേക്ക് അദ്ദേഹത്തിന്റെ ആത്മഭാഷയില്‍ തന്നെ വായനക്കാരെ എത്തിക്കാന്‍ ഗ്രന്ഥകര്‍ത്താവിനു കഴിഞ്ഞത് രചനയുടെ വിജയം തന്നെയാണ്. സിനിമയില്ലെങ്കില്‍ തനിക്ക് ജീവിതമില്ലെന്ന് കരുതുന്ന ആ മഹാപ്രതിഭയെ സുഹൃത്തുക്കളുടെ ചിന്തകളിലൂടെയും ആത്മവാണിയിലൂടെയും വരച്ചിടുന്ന ഈ ഗ്രന്ഥം മലയാളത്തിന് ഒരു മുതല്‍ക്കൂട്ടാണ്.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.