×
login
തുള്ളലിനിനിയും തുള്ളല്‍ക്കഥകള്‍

തുള്ളലിനിനിയും തുള്ളല്‍ക്കഥകള്‍' എന്ന പേരില്‍ ഹരി എഴുതിയ പുസ്തകത്തില്‍ പുരാണ കഥകളെ അടിസ്ഥാനമാക്കിയുള്ള രണ്ട് തുള്ളല്‍ കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാവ്യാത്മകമായ അവതരണംകൊണ്ടും അഭിനയ സാധ്യതയേറിയ പദങ്ങള്‍ കൊണ്ടും സമ്പന്നമായ ഈ കഥകള്‍ അനവധി നാടകീയ മുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്നുണ്ടെന്ന് അവതാരികയില്‍ സംസ്‌കൃത പണ്ഡിതനായ ഡോ. കെ.ജി. പൗലോസ് പറഞ്ഞിരിക്കുന്നത് ഇതിന്റെ ആഖ്യാന മികവ് വിലയിരുത്തിത്തന്നെയാണെന്നതില്‍ സംശയം വേണ്ട. സമര്‍ത്ഥനായ ഒരു കലാകാരന് അരങ്ങിലാടി കൊഴുപ്പിച്ച് പ്രേക്ഷകരെ രസിപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍ ഉള്ള കഥകളാണിവയെന്നും അദ്ദേഹം പറയുന്നുണ്ട്.

ടി.ജെ. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി

കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ രണ്ടര നൂറ്റാണ്ട് മുന്‍പ് ആവിഷ്‌കരിച്ച ഓട്ടന്‍തുള്ളല്‍ ഇന്നും കേരളത്തിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്ര കലയായി അരങ്ങ് വാഴുകയാണ്. ആയാസരഹിതമായി പുരാണ കഥകള്‍ മനസ്സിലാക്കാനും കുലുങ്ങിക്കുലുങ്ങി ചിരിക്കാനും വക കിട്ടിയപ്പോള്‍ ജനം തുള്ളല്‍ കഥകളെ നെഞ്ചേറ്റി. നര്‍മ്മത്തിനും പ്രാസത്തിനും പ്രാധാന്യം നല്‍കുന്ന പ്രത്യേക രചനാ വിശേഷങ്ങള്‍ മുന്‍നിര്‍ത്തി തുള്ളല്‍ക്കഥകളെ തുള്ളല്‍സാഹിത്യമെന്ന് ആള്‍ക്കാര്‍ വിളിച്ചു തുടങ്ങി. അധികം താമസിയാതെ തന്നെ മലയാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാഹിത്യ ശാഖയായി തുള്ളല്‍ക്കഥകള്‍ മാറിയെന്നുള്ളതാണ് ഏറെ കൗതകം ജനിപ്പിക്കുന്ന കാര്യം. പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച കഥകള്‍ മാത്രമാണ് ഇന്നും വേദികളില്‍ അവതരിപ്പിക്കപ്പെടുന്നതെന്ന് കാണുന്നു. അതായത് കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം രണ്ടര നൂറ്റാണ്ട് കഴിഞ്ഞിട്ടും ലക്ഷണമൊത്ത തുള്ളല്‍കഥകള്‍, അതും പുരാണ കഥകളെ ഇതിവൃത്തമാക്കിക്കൊണ്ടുള്ള കഥകള്‍, മലയാളത്തില്‍ ഉണ്ടാകാത്തതിനാലാകാം കുഞ്ചന്‍ നമ്പ്യാരുടെ കഥകളെ മാത്രം ഇന്നും തുള്ളല്‍ കലാകാരന്മാര്‍ക്ക് ആശ്രയിക്കേണ്ടി വരുന്നത്.

തുള്ളല്‍ സാഹിത്യത്തിന് അവശ്യം വേണ്ട നര്‍മ്മ പ്രയോഗങ്ങളും പരിഹാസ   ങ്ങളും പ്രാസമൊത്ത വരികളും നര്‍മ്മരസപ്രാധാന്യമുള്ള ഉപമകളും കൊണ്ട് സമ്പന്നമല്ലാത്ത ഒരു കഥയേയും, ഇനി അവ പുരാണ കഥകള്‍ ആണെങ്കില്‍ക്കൂടി, ജനം സ്വീകരിക്കാതിരുന്നതാകാം പുതിയ തുള്ളല്‍ക്കഥകള്‍ ഉണ്ടാകാതിരുന്നതിന് കാരണമെന്ന് പലരും ഊഹിക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലൊക്കെ പലരും പലവിധ തുള്ളല്‍ കഥകള്‍ രചിച്ചിട്ടുണ്ടെങ്കിലും മേല്‍ ചൂണ്ടിക്കാട്ടിയ പ്രത്യേകതകള്‍ ഒന്നുമില്ലാത്തതിനാല്‍ അവയൊന്നും തന്നെ ഓട്ടന്‍തുള്ളല്‍ കലാകാരന്മാരോ ആസ്വാദകരോ സ്വീകരിച്ചില്ല. പ്രാസമൊപ്പിച്ച് വരികള്‍ എഴുതിയത് കൊണ്ട് മാത്രം കാര്യമില്ല, അവ എല്ലാവിധ നര്‍മ്മത്തോടും കൂടി രംഗത്ത് ആടി അവതരിപ്പിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ കഥയ്ക്ക് സ്വീകാര്യത ഉണ്ടാവൂ. ഈ അവസരത്തിലാണ് ഹരി എന്ന തൂലികാ നാമത്തില്‍ കുറിച്ചിത്താനം പാണാട്ട് ഇല്ലത്ത് ഹരികുമാര്‍ രചിച്ച രണ്ട് തുള്ളല്‍ക്കഥകള്‍ക്ക് പ്രാധാന്യമുണ്ടാകുന്നത്.


'തുള്ളലിനിനിയും തുള്ളല്‍ക്കഥകള്‍' എന്ന പേരില്‍ ഹരി എഴുതിയ പുസ്തകത്തില്‍ പുരാണ കഥകളെ അടിസ്ഥാനമാക്കിയുള്ള രണ്ട് തുള്ളല്‍ കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാവ്യാത്മകമായ അവതരണംകൊണ്ടും അഭിനയ സാധ്യതയേറിയ പദങ്ങള്‍ കൊണ്ടും സമ്പന്നമായ ഈ കഥകള്‍ അനവധി നാടകീയ മുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്നുണ്ടെന്ന് അവതാരികയില്‍ സംസ്‌കൃത പണ്ഡിതനായ ഡോ. കെ.ജി. പൗലോസ് പറഞ്ഞിരിക്കുന്നത് ഇതിന്റെ ആഖ്യാന മികവ് വിലയിരുത്തിത്തന്നെയാണെന്നതില്‍ സംശയം വേണ്ട. സമര്‍ത്ഥനായ ഒരു കലാകാരന് അരങ്ങിലാടി കൊഴുപ്പിച്ച് പ്രേക്ഷകരെ രസിപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍ ഉള്ള കഥകളാണിവയെന്നും അദ്ദേഹം പറയുന്നുണ്ട്.

തുള്ളല്‍ സാഹിത്യത്തിന്റെ ഏത് മുഴക്കോല്‍ വച്ച് അളന്നാലും ഒന്നാന്തരം എന്ന് ഏത് സാഹിത്യ പ്രേമിയും പറഞ്ഞു പോകുന്ന തരത്തിലാണ് ഇതിന്റെ ആഖ്യാന ശൈലി. ഏതാണ്ട് പൂര്‍ണ്ണമായും ദ്വിതീയാക്ഷരപ്രാസത്തില്‍ എഴുതിയിരിക്കുന്ന വരികളില്‍ നര്‍മ്മം തുളുമ്പി നില്‍ക്കുന്നു. ഓരോ കഥാസന്ദര്‍ഭത്തിനും യോജിക്കുന്ന ധാരാളം ഉപമകള്‍, അതും നമ്മെ കുടുകുടെ ചിരിപ്പിക്കുന്നവ ഈ കഥകളുടെ പ്രത്യേകതയാണ്. പുസ്തകത്തിലെ രണ്ട് കഥകളും വായിച്ചു കഴിയുമ്പോള്‍ കവിയുടെ പദസമ്പത്തിനെ ചൊല്ലി ആരും അതിശയിച്ച് പോകും. ഉച്ചാരണംകൊണ്ട് സമാനത തോന്നുന്നതും എന്നാല്‍ അര്‍ത്ഥവ്യത്യാസം വരുന്നതുമായ വാക്കുകളുടെ നീണ്ട നിരകള്‍ തന്നെ നമുക്കിതിലെ വരികളില്‍ കാണാന്‍ കഴിയും. സമാന വാക്കുകളെ ശ്രദ്ധയോടെ നിരത്തിയിരിക്കുന്ന വരികള്‍ നല്‍കുന്ന താളം ആലാപന സുഖവും ശ്രവണ സുഖവും നല്‍കുന്നതാണ്.

സാഹിത്യ ഭംഗി കൊണ്ട് നമ്മെ രസിപ്പിക്കുന്ന ഈ കഥകള്‍ രണ്ടും രംഗത്ത് ആടി അഭിനയിക്കാനും സാധിക്കുന്നവയാണെന്ന് പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരനും ഗിന്നസ് റെക്കോര്‍ഡിന് ഉടമയുമായ കുറിച്ചിത്താനം ജയകുമാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതു കൊണ്ടു തന്നെ വരും കാലങ്ങളില്‍ ഇവ വേദികളില്‍ അവതരിപ്പിക്കപ്പെടാനുള്ള സാധ്യതയും വളരെയാണ്. അങ്ങനെ നോക്കുമ്പോള്‍ അനേക കാലത്തിന് ശേഷം കേരളത്തിലെ ഓട്ടന്‍തുള്ളല്‍ കലാകാരന്മാര്‍ക്ക് രംഗത്ത് ആടി കൊഴുപ്പിക്കാന്‍ സാധിക്കുന്ന രണ്ട് തുള്ളല്‍ കഥകള്‍ ലഭിച്ചിരിക്കുകയാണെന്ന് പറയാന്‍ സാധിക്കും. ഹരിയുടെ രചനാ വൈഭവം തീര്‍ച്ചയായും നാളെ മലയാളം അംഗീകരിക്കുമെന്നും ഈ കഥകള്‍ ധാരാളം വേദികളില്‍ ഓട്ടന്‍ തുള്ളലായി അവതരിപ്പിക്കപ്പെടുമെന്നും ഉള്ള കാര്യത്തില്‍ സംശയത്തിനവകാശമില്ല.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.