×
login
ചെട്ടികുളങ്ങരയുടെ ദേശചരിത്രം

വായന

ജെ. മഹാദേവന്‍

ദേശചരിത്രത്തെ വേണ്ടത്ര സൂക്ഷ്മതയോടെ മനസ്സിലാക്കുന്നതിന് ക്ഷേത്രചരിത്രങ്ങള്‍ മികച്ച ഉപാദാനമാണ്. നമ്മുടെ മഹാക്ഷേത്രങ്ങളില്‍ അവശേഷിച്ചിരുന്ന ശിലാശാസനങ്ങളെ ആശ്രയിച്ചാല്‍ ഇതഃപര്യന്തമുള്ള കേരളചരിത്രത്തെ കുറേക്കൂടിസമഗ്രമാക്കാമെന്ന്, 'കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍' എന്ന പുസ്തകത്തില്‍ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ എഴുതിയത് സത്യത്തെ വേണ്ടവിധം ഉള്‍ക്കൊണ്ടും മനസ്സിലാക്കിയുമാണ്. ദേശചരിത്രം ക്ഷേത്രചരിത്രങ്ങളിലൂടെ എന്ന പുസ്തകത്തിലൂടെ ഡോ. എം. ജി. ശശിഭൂഷണ്‍ സ്ഥാപിക്കുന്നതും മറ്റൊന്നല്ല.

ദേശചരിത്രവും ക്ഷേത്രചരിത്രവും തമ്മിലുള്ള ഈ ഗാഢബന്ധത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു രചനയാണ്, 'ചെട്ടികുളങ്ങര കുംഭഭരണി: ഓടനാടിന്റെ പൂരോത്സവം' എന്ന പുസ്തകം. ഇതൊരു ചരിത്രപുസ്തകമല്ലെന്ന് ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് സൂചിപ്പിക്കുന്നുണ്ടെങ്കിലും, സ്ഥലനാമ പഠനം, സംസ്‌കാരപഠനം, പ്രാദേശിക ചരിത്രപഠനം തുടങ്ങിയ വിവിധ വിജ്ഞാനമേഖലകളുടെ സമന്വയം പുസ്തകത്തിന്റെ സവിശേഷതയായി വായനക്കാരന് അനുഭവപ്പെടുന്നുണ്ട്. നിരവധി ആളുകളെ നേരിട്ട് കണ്ടും നിരവധി പുസ്തകങ്ങള്‍ പരിശോധിച്ചും തയ്യാറാക്കിയ പുസ്തകത്തിന് അതിന്റേതായ ആധികാരികതയുണ്ട്.


വിശ്വത്തോളം ഉയര്‍ന്നുനില്‍ക്കുന്ന കെട്ടുകാഴ്ചകളാണ് ചെട്ടികുളങ്ങരയുടെ കുഭഭരണിയുത്സവനിറവ്. അതിന്റെ ചെട്ടികുളങ്ങരയുടെ മാത്രമല്ല ഓടനാടിന്റെ ആകമാനം അഭിമാനകരമായ ഉത്സവത്തിന്റെ ചാരുതയും ആവേശവും ഒട്ടും ചോര്‍ന്നു പോകാതെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നത് പുസ്തകത്തിനെ അനന്യ ശോഭയുള്ളതാക്കി തീര്‍ക്കുന്നു.

ചെട്ടികുളങ്ങരയിലെ വിശേഷപ്പെട്ട അനുഷ്ഠാന കലാരൂപമായ കുത്തിയോട്ടത്തിന്റെ സവിശേഷതകളും പുസ്തകത്തില്‍ വിവരിക്കുന്നു. കുത്തിയോട്ടം എന്ന പേര് നിഷ്പാദിച്ചഥിനെപ്പറ്റി ലേഖകന്‍ പുതിയ കാഴ്ചപ്പാട് മുന്നൗട്ടുവെയ്ക്കുന്നു. കുട്ടികള്‍ നടത്തുന്ന ആട്ടമെന്ന അര്‍ത്ഥത്തില്‍ പ്രയോഗത്തിലിരുന്ന, കുട്ടിയാട്ടത്തില്‍നിന്നാണ് കുത്തിയോട്ടം എന്ന വഴക്കം നഷ്പാദിച്ചതെന്നാണ് ലേഖകന്റെ വാദം. കാര്‍ത്തികപ്പള്ളി താലൂക്കില്‍ പതിനാറുക്ഷേത്രങ്ങളില്‍ കുത്തിയോട്ടം നടക്കുന്നതായി പുസ്തകം പറയുന്നു. ആ ക്ഷേത്രങ്ങളുടെ പട്ടികയും നല്‍കിയിരിക്കുന്നു. കോട്ടയം ജില്ലയിലെ ചില ക്ഷേത്രങ്ങളില്‍ കുത്തിയോട്ടം അനുഷ്ഠാനമായി അവതരിപ്പിക്കുന്നുണ്ടെന്ന് പുസ്തകം വെളിപ്പെടുത്തുന്നു.  

ചുരുക്കത്തില്‍, ഓണാട്ടുകര പ്രദേശത്തിന്റെ സവിശേഷതകള്‍, ചെട്ടികുളങ്ങരയിലെ ഉത്സവക്കാഴ്ചകള്‍, കുത്തിയോട്ടം എന്നിവയെക്കുറിച്ചെല്ലാം അറിയാനാഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ രചിക്കപ്പെട്ടതാണ് ചെട്ടികുളങ്ങര കുംഭഭരണി: ഓണാട്ടുകരയുടെ പൂരോത്സവം എന്ന ഈ പുസ്തകം. ചെട്ടികുളങ്ങരയിലെ സാംസ്‌കാരിക സവിശേഷതകള്‍ ഓണാട്ടുകരയെ എങ്ങനെയെല്ലാം സ്വാധീനിച്ചിരിക്കുന്നുവെന്ന് ലളിതമായി വിവരിച്ചുതരാന്‍ പുസ്തകത്തിനു കഴിയുന്നു. ബുദ്ധമതസ്വാധീനം, ഭാഷാ ശൈലികള്‍, കെട്ടുകാഴ്ച നിര്‍മ്മാണം, അവയുടെ സഞ്ചാരവഴികള്‍, ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ എന്നിവകളുടെ വിവരണം സൂക്ഷ്മ ചരിത്രാഖ്യാനത്തിന്റെ തലത്തിലേക്ക് രചനയെ ഉയര്‍ത്തിനിര്‍ത്തുന്നു. അദ്ധ്യാപകര്‍ക്കും നാട്ടറിവ് പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും സ്വീകരിക്കത്തക്കതരത്തിലാണ് രചനാ രീതി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.