×
login
യാത്രയെഴുത്തിന്റെ വായനാനുഭൂതി

ചരിത്രവും സംസ്‌കാരവും ഭൂപ്രകൃതിയുമെല്ലാം ഇവിടെ വിശ്ലേഷണം ചെയ്യപ്പെടുന്നുണ്ട്. ഡാര്‍ജിലിങിലെ പ്രസിദ്ധമായ മാള്‍റോഡില്‍നിന്ന് ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മഹാകാല്‍ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണത്തോടെയാണ് ആരംഭം. ആദ്യ അധ്യായത്തിന്റെ പേര് 'ഇടിമുഴക്കത്തിന്റെ നാട്' എന്നാണ്. 'ഡൊര്‍ജെ' എന്നാല്‍ ഇടിമുഴക്കം, 'ലിങ്' എന്നാല്‍ സ്ഥലം. ഈ രണ്ടു പദങ്ങള്‍ ചേര്‍ന്നാല്‍ ഡൊര്‍ജെ ലിങ്. സായിപ്പന്മാര്‍ക്ക് പിന്നെയത് ഡാര്‍ജിലിങായി. പുസ്തകത്തിലൂടനീളം ഇങ്ങനെ ഓരോ കാര്യത്തെയും വിശകലനം ചെയ്യുന്നുണ്ട്.

ഡോ. ഒ. വാസവന്‍

ലയാളത്തിലെ സഞ്ചാരസാഹിത്യത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എഴുത്തുകാരുടെ പിന്മുറക്കാരനായ ശ്രീഹര്‍ഷന്റെ രണ്ടാമത്തെ യാത്രാഖ്യാനമാണ് 'കാഞ്ചന്‍ജംഗയിലെ സൂര്യോദയം.' വടക്കുകിഴക്കന്‍ പര്‍വതനഗരങ്ങളിലൂടെയുള്ള യാത്രയാണ്. ഒമ്പത് അധ്യായങ്ങളില്‍ വിഭജിച്ചിട്ടുള്ള ഉള്ളടക്കം ആദ്യത്തെ അഞ്ച് അധ്യായങ്ങളില്‍ ബംഗാളിലെ ഡാര്‍ജിലിങ് യാത്രാനുഭവങ്ങളാണ്. ബാക്കി നാലെണ്ണം സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിലെ യാത്രകളും. ചരിത്രവും സംസ്‌കാരവും ഭൂപ്രകൃതിയുമെല്ലാം ഇവിടെ വിശ്ലേഷണം ചെയ്യപ്പെടുന്നുണ്ട്. ഡാര്‍ജിലിങിലെ പ്രസിദ്ധമായ മാള്‍റോഡില്‍നിന്ന് ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മഹാകാല്‍ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണത്തോടെയാണ് ആരംഭം. ആദ്യ അധ്യായത്തിന്റെ പേര് 'ഇടിമുഴക്കത്തിന്റെ നാട്' എന്നാണ്. 'ഡൊര്‍ജെ' എന്നാല്‍ ഇടിമുഴക്കം, 'ലിങ്' എന്നാല്‍ സ്ഥലം.  ഈ രണ്ടു പദങ്ങള്‍ ചേര്‍ന്നാല്‍ ഡൊര്‍ജെ ലിങ്. സായിപ്പന്മാര്‍ക്ക് പിന്നെയത് ഡാര്‍ജിലിങായി. പുസ്തകത്തിലൂടനീളം ഇങ്ങനെ ഓരോ കാര്യത്തെയും വിശകലനം ചെയ്യുന്നുണ്ട്.  

പഴമയും പുതുമയും ഒത്തുചേര്‍ന്ന, ബ്രിട്ടീഷുകാരുടെ പട്ടാളക്യാമ്പയിരുന്ന ഡാര്‍ജിലിംഗ് ചായതോട്ടങ്ങള്‍ക്ക് പേരുകേട്ടതാണ്. നഗരത്തിലെ ചത്വരമധ്യത്തില്‍ സ്ഥാപിച്ച നേപ്പാളി മഹാകവി ഭാനുഭക്ത ആചാര്യയുടെ പ്രതിമയിലൂടെ സാഹിത്യപരമായ അപൂര്‍വ അറിവുകള്‍ ലേഖകന്‍ പകര്‍ന്നു നല്‍കുന്നു. ഭാനുഭക്തരാമായണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമ്പോള്‍ ലേഖകന്റെ കവിമനസ്സ് വായനക്കാര്‍ക്ക് അനുഭവവേദ്യമാകും. ഭാഷയുടെ ശക്തിചൈതന്യമായി വാമൊഴിയിലും വരമൊഴിയിലും പിറവിയെടുത്ത നൂറുകണക്കിന് രാമായണങ്ങള്‍ കാവ്യപ്രവാഹിനിയായി ദേശാതിര്‍ത്തികള്‍ക്കും ഭാഷാഭേദങ്ങള്‍ക്കുമപ്പുറത്ത് സംസ്‌കാരത്തെ കൂട്ടിയിണക്കുന്ന രാസത്വരകമാണെന്ന് ശ്രീഹര്‍ഷന്‍ പറയുമ്പോള്‍ രാമായണം സൃഷ്ടിക്കുന്ന സാംസ്‌കാരിക ഐക്യത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ ബോധ്യമാണ് പ്രകടമാകുന്നത്.

സംസ്‌കാര്‍ഭാരതിയുടെ ഭാരതീയലോകരംഗ്മഞ്ച് സെമിനാര്‍ സ്മരണികയില്‍ 'ജാത്ര'യെക്കുറിച്ച് വായിച്ച ശ്രീഹര്‍ഷന് മഹാകാല്‍ക്ഷേത്രത്തില്‍ 'ജാത്ര' എന്ന ഭാരതീയ പാരമ്പര്യ തിയറ്റര്‍രൂപം അനുഭവിച്ചറിയാന്‍ കഴിഞ്ഞു. രണ്ടാം അധ്യായത്തില്‍ ജാത്രയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.  

പുസ്തകത്തിന്റെ മൂന്നാം അധ്യായത്തില്‍ കാഞ്ചന്‍ജംഗയിലെ സൂര്യോദയത്തിന്റെ സൗന്ദര്യം അതിമനോഹരമായി വായനക്കാര്‍ക്ക് പകര്‍ന്നുനല്‍കുന്നുണ്ട്. വിരളമായിമാത്രം ലഭിക്കുന്ന ഈ പ്രകൃതിവിസ്മയത്തിന് സാക്ഷിയാവാന്‍ കഴിഞ്ഞതിലുള്ള ആത്മനിര്‍വൃതി ലേഖകനില്‍ പ്രകടമാകുന്നു. ടൈഗര്‍കുന്നില്‍നിന്നുള്ള സൂര്യോദയം ദര്‍ശിക്കുമ്പോള്‍ ശ്രീഹര്‍ഷന്റെ മനസ്സ് പോകുന്നത് ചങ്ങമ്പുഴയുടെ ആദിത്യാരാധനയിലെ വരികളിലേക്കാണ്.  

മലമടക്കുകളില്‍ കെട്ടിപ്പൊക്കിയ പര്‍വതനഗരത്തിന്റെ സൗന്ദര്യവും ഡാര്‍ജിലിങ് നഗരക്കാഴ്ചകളുമാണ് കുചുകുചുവണ്ടിയെകുറിച്ച് പറയുന്ന അധ്യായത്തില്‍ ഉള്ളത്. ഊട്ടിതീവണ്ടിയാത്രയെ അനുസ്മരിപ്പിക്കുന്ന, എന്നാല്‍ അതിനേക്കാള്‍ വീതികുറഞ്ഞ ന്യാരോഗേജ് ഡാര്‍ജിലിംഗ് ഹിമാലയന്‍തീവണ്ടിപാത. പര്‍വത ങ്ങളുടെ ചെരുവിലെ തട്ടുകളിലാണ് വീടുകളും കടകളുമെല്ലാം. തട്ടുകള്‍ വളരെ ഇടുങ്ങിയതായതിനാല്‍ വീട്ടുമുറ്റങ്ങളോടും കടത്തിണ്ണയോടും ചേര്‍ന്ന് റോഡിന്റെ ഓരംപറ്റി ചുറ്റിക്കയറി റെയില്‍ പാതയിലൂടെയുള്ള യാത്ര. ഭൂപ്രദേശത്തെകുറിച്ചും തീവണ്ടിയാത്രയെകുറിച്ചും ലേഖകന്‍ വര്‍ണിക്കുമ്പോള്‍ വായനക്കാര്‍ക്ക് കണ്‍മുമ്പില്‍ എല്ലാംതെളിഞ്ഞുവരും. അത്രമനോഹരമാണ് ആ വിവരണം. 'നേരറിവുകളുടെ രുചിക്കൂട്ടുകള്‍' എന്ന അധ്യായത്തില്‍ ഭക്ഷണപദാര്‍ഥങ്ങളുടെ വൈവിധ്യത്തെയാണ് പ്രതിപാദിക്കുന്നത്.  


കേദാര്‍നാഥിലെയും ബദരീനാഥിലെയും പൂജാപുഷ്പം, മഹാവിഷ്ണുവിന്റെ നാഭിയില്‍നിന്ന് വിടരുന്ന താമര,  ബ്രഹ്മകമലമെന്ന ഈ ദേവപുഷ്പത്തെക്കുറിച്ച് 'ബ്രഹ്മകമലം വിടര്‍ന്നപ്പോള്‍' എന്ന അധ്യായത്തില്‍ വിവരിക്കുന്നു. 'മലമുകളിലെ പ്രാര്‍ഥനാചക്രങ്ങള്‍' എന്ന അധ്യായത്തില്‍ പൂക്കളുടെയും ചെടികളുടെയും അഭൗമ സൗന്ദര്യമാണ് കാണാനാവുക. ബുദ്ധമതത്തിന്റെ ആത്മീയകേന്ദ്രമായ മൊണാസ്ട്രിയെക്കുറിച്ചും അവിടത്തെ മന്ത്രമുദ്രിതമായ പ്രാര്‍ഥനാചക്രങ്ങളെകുറിച്ചും പരമ്പരാഗതമായ ടിബറ്റന്‍ ശൈലിയിലുള്ള ചുമര്‍ചിത്രങ്ങളെ കുറിച്ചും ദ്വാരപാലകന്മാരുടെ പ്രതിമകളെക്കുറിച്ചും വിശദമായി വിവരിക്കുന്നുണ്ട്. ഈ അധ്യായത്തില്‍ ബൗദ്ധദര്‍ശനത്തിലൂടെയാണ് ലേഖകന്‍ സഞ്ചരിക്കുന്നത്.  

നാഥുലാ ചുരത്തെ കുറിച്ച് വിവരിക്കുന്ന അധ്യായത്തില്‍ ഇന്ത്യന്‍സൈന്യത്തിന്റെ വീര്യത്തെ വാഴ്ത്താന്‍ ലേഖകന്‍ മറന്നിട്ടില്ല. നാഥുലാ ചുരത്തിനോട് ചേര്‍ന്ന് കെട്ടിയ കരിങ്കല്‍ഭിത്തിയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും കുറിച്ചിട്ട 'ഭാരതീയനായതില്‍ അഭിമാനിക്കുക' എന്ന വാചകത്തിലെ അക്ഷരങ്ങള്‍ വെളുത്ത മേഘപതംഗങ്ങളായി ചുറ്റിപ്പറക്കുകയാണോ എന്ന് ശ്രീഹര്‍ഷന്‍ ചോദിക്കുന്നു. അവിടുത്തെ സൈനികന്‍ ഉദയയ്‌സിങിന്റെ ദേശാഭിമാനം വായനക്കാരുമായി പങ്കുവെക്കാന്‍ ഗ്രന്ഥകര്‍ത്താവ് മറന്നിട്ടില്ല.

യാത്ര നല്‍കുന്ന വിശാലമായ ജീവിതബോധത്തെ കുറിച്ച് പറയുന്ന ലേഖകന്‍ അത് നല്‍കുന്ന ആനന്ദാനുഭൂതിയുടെ കണക്ക് രേഖപ്പെടുത്താന്‍ കഴിയുന്നതിലും അപ്പുറത്താണ് എന്ന സത്യം വെളിപ്പെടുത്തുന്നു. യാത്രയുടെ കണക്കുപുസ്തകത്തില്‍ ഏറെ കൂട്ടിയുംകിഴിച്ചും പിന്നെ അക്ഷരങ്ങള്‍കൊണ്ട് സഞ്ചാരിയായ ശ്രീഹര്‍ഷന്‍ കുറിച്ചിട്ടു. 'ദൂരെ ഉച്ചവെയിലിന്റെ സ്ഫടിക പാളിക്കപ്പുറത്ത് കാഞ്ചന്‍ജംഗയുടെ നിഗൂഢകാന്തിമാത്രം'.

യാത്രയിലെ കാഴ്ചകളെ അപഗ്രഥിക്കുകയും വ്യക്തികളെ നിരീക്ഷിക്കുകയും ചെയ്യുന്നത് ശ്രീഹര്‍ഷന്റെ സഞ്ചാരസാഹിത്യത്തെ ആകര്‍ഷകമാക്കുന്നു. കാഴ്ചകളുടെ ചരിത്രവും സാംസ്‌കാരികപശ്ചാത്തലവും ഇഴകീറി പരിശോധിക്കുന്ന രീതി, മിത്തുകളിലൂടെയും യാഥാര്‍ഥ്യങ്ങളിലൂടെയുമുള്ള സഞ്ചാരം, ശാസ്ത്രീയ മായ വിശകലനം ഇതെല്ലാം അദ്ദേഹത്തിന്റെ എഴുത്തിനെ കൂടുതല്‍ മനോഹരവും വിജ്ഞാനപ്രദവുമാക്കുന്നു. ഓരോ പ്രദേശത്തെയും സാധാരണക്കാരായ ആളുകളുടെ സുഖദുഃഖങ്ങളും ജീവിതരീതിയും താല്‍പ്പര്യത്തോടെ നിരീക്ഷിക്കുന്നു.  

ചെറുകഥാകൃത്തും ചിത്രകാരനും അധ്യാപകനുമായ ശ്രീഹര്‍ഷിനില്‍നിന്ന് പ്രതീക്ഷിക്കുന്ന കാവ്യഭംഗിയും ആഖ്യാനസൗന്ദര്യവും ശില്‍പ്പചാരുതയും ഈ പുസ്തകത്തിലും വായനക്കാര്‍ക്ക് ദര്‍ശിക്കാന്‍കഴിയും.  

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.